ബ്ലോഗെഴുത്തുലോകം വാരം 003 രചന 10

വേദാരണ്യം അദ്ധ്യായം 15: നിഴൽരൂപങ്ങൾ (നോവൽ)

രചന: സജി വട്ടംപറമ്പിൽ

sajivattamparambil@yahoo.com

ഇന്ദ്രിയങ്ങളഞ്ചും ഉണർന്നു. ആരൊക്കെയോ പാഞ്ഞടുക്കുന്നു… ഒന്നല്ല, രണ്ടല്ല… കണ്ണടച്ചു കണ്ടു. കാത് കൂർപ്പിച്ചുകേട്ടു. ആളുകൾ എണ്ണത്തിൽ കൂടുതലുണ്ട്! തമ്പുരാട്ടി ശ്വാസമടക്കി ചെറ്റമറയോട് അമ്പിനിന്നു.

അണയാൻ വെമ്പിയ കനലുകൾ, ഘനമില്ലാതെ അടുപ്പിൽ ഊർദ്ധ്വശ്വാസം വലിച്ചു. പിടഞ്ഞുതിങ്ങിയ നെഞ്ചിൻകൂട് ഇരുളടഞ്ഞു മൂടി. വഴികളൊന്നും കാണാഞ്ഞ്, മുടിപ്പൂ വലിച്ചൂരി നിലത്തെറിഞ്ഞു. നെല്ലും പൂക്കുലയും കാലിൽ തട്ടിത്തെറിച്ചു. പൊളിച്ചെരിവിലൂടെ, അടുപ്പ് നീറ്റപ്പെടാതെ, കിണ്ടിവെള്ളം ഒഴുക്കി വെളിച്ചം കെടുത്തി.

വന്നവർ വന്നവർ ഇടവും വലവും കുടിലിനു വലം വെച്ചു. അവരിൽ ചിലരുടെ കൈകളിൽ രൗദ്രം, ചൂട്ടെരിഞ്ഞു. ചിലർ എന്തൊക്കെയോ കുശുകുശുത്തു.

“ചാത്തപ്പാ… ചാത്തപ്പാ…”

“ഡാ, ചാത്തപ്പാ…” ഹുങ്കോടൊരാൾ കയറി വിളിച്ചു. കൂടെയുള്ളവർ ഒപ്പം തടിച്ചു.

“ഇപ്പത്തന്ന്യല്ലേ അവന്റെ നെലോളീ കൂക്ക്‌ളീം കേട്ടത്!”

“ഇപ്പൊ എത്തോം ചൂരോന്നും കേക്ക്‌ണില്ലല്ലോ!”

“അകത്തെങ്ങാനും കെടന്ന് ചത്ത് പോയ്യോ?”

“അതിന്റ്യൊക്കെ വല്ലത്വാവോ, കേട്ടത്?”

മറുപടിയൊന്നും കിട്ടാഞ്ഞ്, തുറന്നു കിടന്ന ചെറ്റവാതിലിലൂടെ അവർ അകത്തേയ്ക്കു തള്ളിക്കയറി. വീശിത്തെളിഞ്ഞ ചൂട്ടിന്റെ വെളിച്ചത്തിൽ, ചിതറിത്തെറിച്ച വിത്തും പൂക്കുലയും കുങ്കുമച്ചോപ്പിൽ നിറഞ്ഞു… കറുത്ത പാടലം തളം കെട്ടിയ വെള്ളത്തിൽ അടുപ്പിലെ ചാരം കൊഴുത്തുകിടന്നു… കണ്ടവരെല്ലാം അറച്ചു നിന്നു…

“ഇവനെന്താ ഇവ്‌ടെ, മന്ത്രവാദം വല്ലതും ണ്ടോ?” കുറ്റിയാനൊരാൾ അമർന്ന ശബ്ദത്തിൽ സംശയം പ്രകടിപ്പിച്ചു.

“തൊടണ്ട… അവിടെ ചവിട്ടണ്ട.” കാലു നനഞ്ഞവർ ഉരച്ചു തേച്ചു.

“ഇതിനകത്ത് വേറെയാരും ഇല്ലല്ലോ.”

“അങ്ങനെ വരാൻ വഴിയില്ലല്ലോ.”

“അവൻ എങ്ങട്ടാ, അപ്പഴയ്ക്കും മാഞ്ഞത്!”

വിശ്വാസം വരാതെ, അകം മുഴുവൻ അവർ തിരഞ്ഞു. ആരുമില്ലെന്നു കണ്ട്, പിൻവലിഞ്ഞു.

നെടുവരമ്പു കയറുമ്പോൾ ചാത്തപ്പൻ എന്തോ ഒരു പന്തികേടു മണത്തു…

പിൻനിലാവിലൊരു കരിയനക്കം! തോന്നിയതാണെന്നു സംശയിച്ചെങ്കിലും, അതങ്ങനെയായിരുന്നില്ല… അവിടെ നിന്നും ഇവിടെ നിന്നും ഓരോ തലകൾ, ബിംബങ്ങൾ പോലെ പൊങ്ങി… ബിംബങ്ങൾക്ക് ഇളക്കം തട്ടി. അവയെല്ലാം പാഞ്ഞടുക്കുന്നതായി കണ്ടു. വൈക്കോൽ കുറ്റികളിൽ ‘ചടപട’ ശബ്ദം…

ഉള്ള് കാളി!

മുറുകെ പിടിച്ചിരുന്ന പിച്ചാത്തി കൈയറിയാതെ കാൽക്കീഴിൽ വീണു. കാലുകൾ കനത്ത് വേരുറച്ചു…

ഇരുകാലികൾ നിഴൽരൂപങ്ങൾ മനുഷ്യക്കോലങ്ങളായി വലയം തീർത്തു…

“ആരാണ്ടാ ദ്?” ആദ്യമെത്തിയവന്റെ അധികാരശബ്ദം. ഓടിക്കൂടിയവരെല്ലാം കൊഴുത്തുമുരണ്ടു.

കണ്ണീരും പകയും ആവിയായി. പതുങ്ങിയിരുന്ന അപകടം മണത്തറിയാനായില്ല. ചുറ്റുവട്ടം നോക്കി. പഴുതുകൾ തേടാൻ ധൈര്യം വന്നില്ല. ആളറിയിയ്ക്കാൻ, മറുവാക്കുരിയാടാൻ നാവനങ്ങിയില്ല…

ചാത്തപ്പൻ വഴിയറിയാതെ വിഷമിച്ചു.

“ആരാന്നല്ലേഡാ ചോയ്‌ച്ചത്, നായിന്റെ മോനേ?” തൊട്ടു തൊട്ടില്ലെന്ന അകലത്തിലൊരാൾ രോഷപ്പെട്ടു.

“ആ-ങു-ഉ…” ചക്രവ്യൂഹത്തിനുള്ളിലകപ്പെട്ട ചാത്തപ്പന്റെ തൊണ്ടയിൽ നിന്നു വികൃതസ്വരങ്ങൾ നിരങ്ങി.

ഇടമ്പ്രമറിയാതെ നടും പുറത്ത് ഒരടി വീണു. ചാത്തപ്പൻ തൊണ്ടകീറി നിലവിളിച്ചു:

“അവ്വേ…” ആട് കരഞ്ഞതു പോലെ!

കിട്ടിയ ഈണത്തിൽ ചെന്നലച്ചു, മുന്നിൽ നിൽക്കുന്നവന്റെ നെഞ്ചിലേയ്ക്ക്. മുഖമടച്ചു കിട്ടി, അവന്റെ വക. പിന്നിലേയ്ക്കു മലച്ചപ്പോൾ ആരോ ഒരാൾ കൈ പിടിച്ചു വലിച്ചു. ഉലഞ്ഞു നിന്നതും, വന്നൂ ചെകിടടച്ചു മറ്റൊന്ന്! പമ്പരം തിരിഞ്ഞു വീണൂ, കാൽക്കീഴിലേയ്ക്ക്. തിരിയാനോ എഴുന്നേൽക്കാനോ കഴിഞ്ഞില്ല. അതിനു മുൻപേ ചവിട്ടി മെതിച്ചു, ചുറ്റിനും കൂടിയവരെല്ലാം. മണിയുതിർന്ന വൈക്കോൽകന്ന് പൊക്കിയെടുത്തു.

“മെരൂന്റെനാ… ചത്തിട്ടില്ല!”

“ആരാണ്ടാ നിയ്യ്?” ഓരോരുത്തരും കിട്ടിയ അവസരം പാഴാക്കിയില്ല.

“നന്നോഡാ ചോയ്‌ച്ചത്. കേട്ടില്ലേ?”

കിതച്ചു വലിച്ച്, ശ്വാസം വിഴുങ്ങി, കുഴഞ്ഞാടി പറഞ്ഞൊപ്പിച്ചു:

“ചാ…ചാ…ചാത്തപ്പൻ…”

അത്രയും പറയുമ്പോഴേയ്ക്കും, മൂളക്കം ഒഴിയാതെ നിന്ന കാതിലേയ്ക്ക് വൈക്കോൽക്കുറ്റികളുടെ ‘ചടപട’ ശബ്ദം വടക്കുപടിഞ്ഞാറു നിന്ന് ഓടിവരുന്നതായി കേട്ടു. കത്തിച്ചുവീശിയ കുറ്റിച്ചൂട്ടുമായി മറ്റൊരു കൂട്ടം പടിഞ്ഞാറുനിന്നും വന്നു.

“അപ്പോ, നമുക്ക് ആളെ തെറ്റീട്ടില്ല,” ഒരാൾ ഉറപ്പിച്ചു.

“എന്തിനാണ്ടാ, നിയ്യ് ഓടീത്?” മറ്റൊരാളുടെ ചോദ്യം.

“ന്റവ്വേ…” കലങ്ങിയ വേദനയിൽ തളർന്നു വാടിയ ചാത്തപ്പൻ കരഞ്ഞു.

“എന്താണ്ടാ, നനക്ക് മൊല കുടിയ്ക്കണാ?”

“അവ്വ്യാ? അവള്‌ക്ക് പ്രാന്തായിപ്പോയില്ലേ?”

“പാതിരയ്ക്കാണോഡാ അവ്വേനെ നോക്കല്?” ചോദ്യങ്ങൾ പലതായി പലയിടത്തുനിന്നും വന്നു.

“എന്താണ്ടാ, അവ്‌ടെന്നൊരു നെലോളീം കേട്ടത്?”

“പെല്യാടി മോൻ ഒടീം മന്ത്രവാദൊക്ക്യാ അവടെ ചെയ്യ്‌ണ്!” ചൂട്ടുമായി വന്നവരിൽ ഒരാൾ പിടിച്ചു തള്ളി ആക്രോശിച്ചു.

“വേറെ ആരാർന്നൂഡാ, നന്റെ കൂടെ?”

“നിയ്യെന്താണ്ടാ, തനിച്ചിരിന്ന് മന്ത്രവാദം ചെയ്യ്യാ?”

“ആരെക്കൊല്ലാനാണ്ടാ, നന്റെ മന്ത്രവാദം?”

പറഞ്ഞുതീർന്നില്ല, ഇർണം തീരാതെ അയാളുടെ നുകക്കൈ ഒരെണ്ണം പിടലിയ്ക്കു വീണു. അടി വീണതേ അറിഞ്ഞുള്ളൂ! മിന്നിത്തെളിഞ്ഞ ഇടിമിന്നലിൽ കുഴഞ്ഞാടിയ ചാത്തപ്പൻ, ചാണകക്കുന്തിയോളം നിലം പറ്റി.

“കൊറേ നാളായി നന്നെ ഉന്നം വെച്ച് നടക്ക്‌ണൂ!”

അരിശം തീരാതെ അവിടെത്തന്നെയിട്ടു വീണ്ടും ചവിട്ടി. ആരൊക്കെയാണ്, എന്തൊക്കെയാണ് ഉണ്ടായതെന്ന് ചാത്തപ്പനറിഞ്ഞില്ല.

നിമിഷനേരം കൊണ്ടു നിലാവു കെട്ടു. മെതിച്ചൊഴിഞ്ഞ വൈക്കോൽ ചുരുട്ടുപേക്ഷിച്ച്, വന്നവർ അവരുടെ പാട്ടിനു പോയി.

മകരമഞ്ഞിൽ നനഞ്ഞുകുഴഞ്ഞ്, നെടുവരമ്പരികെ വിത്തുറങ്ങി. നക്ഷത്രപ്പൊന്നുകൾ ചിമ്മിമയങ്ങി. പുലർച്ചക്കോഴികൾ ചിറകടിച്ചു കൂവി. ബോധം പലപ്പോഴായി ഒളിച്ചുകളിച്ചു. കണ്ണു മിഴിയ്ക്കാനായില്ല. ചെവി മൂളിക്കിടന്നു. ആവത് കിട്ടിയില്ല; കിട്ടിയതെല്ലാം കനത്തിലവിടെ കിടന്നു. ബോധം മിന്നിത്തെളിയുമ്പോഴെല്ലാം, വേദനയിൽ മുറുകിയ ചാത്തപ്പൻ ഒച്ചയില്ലാതെ, ചുളിഞ്ഞ് കരഞ്ഞു…

ആദ്യത്തെ കാക്ക പടിഞ്ഞാറുനോക്കി കരഞ്ഞു പറന്നു. ദിക്കുണർത്തിയ കാക്കകൾ അതിനു പിറകേ പറന്നു. ചക്കംകണ്ടത്തു നിന്നുള്ള ഓലക്കെട്ടുമായി ഓലക്കാരിപ്പെണ്ണുങ്ങൾ കാക്ക കരഞ്ഞാൽ പുറപ്പെടുകയായി.

നാല്പതു ചീന്ത് കണ്ട ഇരുപതു മടല് മെടഞ്ഞെടുത്ത ഓല ഒരു കെട്ട്. പാലയൂര്, ഒരുമനയൂര് ചക്കംകണ്ടത്തും വീണത്, നല്ല തടവും ബലവുമുള്ള, കണ്ണോട്ടയില്ലാത്ത തെങ്ങോലകളായിരുന്നു. കൂനമ്മൂച്ചിയിലേയും കേച്ചേരിയിലേയും നസ്രാണികൾ, പറഞ്ഞുറപ്പിച്ചതിലും ചില്ലിക്കാശ് കൂലിയിൽ കുറച്ച്, മൊത്തമായി ഓലക്കെട്ടുകൾ കൊണ്ടു.

ഒരു പെണ്ണിന് ഒരു കെട്ട് ഓല. തലയിൽ ഓലക്കെട്ടേന്തി ഉണങ്ങിയ പെണ്ണുങ്ങൾ വിളക്കാട്ടുപ്പാടം ഓടിക്കടന്നു. ഉഷ്ണമണിയിറ്റി ഉപ്പിറങ്ങാതെ, ചുണ്ടുകൾ അകത്തേയ്ക്കു കടിച്ചുപിടിച്ച് കാൽക്കീഴിലേയ്ക്കു നോക്കി കണ്ടാണിപ്പുഴയ്ക്കക്കരെ, പുത്തങ്കുളം എത്തുവോളം ഒറ്റ ശ്വാസത്തിൽ അവരോടി. പുത്തങ്കുളത്തിന്റെ കര വിട്ട്, ഹനുമാൻതറ: ഹനുമാൻ സാന്നിദ്ധ്യമുള്ള ആലും തറയുമാണ് പുത്തങ്കുളത്തിനു തെക്ക്, വഴിയരികിലുള്ള ഹനുമാൻതറ. ആലിൻചുവട്ടിലെ അത്താണിയ്ക്കൽ ചാരിനിർത്തി വേണം, തലച്ചൂടു മാറ്റാൻ.

വരമ്പരികെ ഒരാൾ ചോരയിൽ കുളിച്ച് ക്ഷതപ്പെട്ടു കിടക്കുന്നത് ഓലക്കാരിപ്പെണ്ണുങ്ങളാണ് ആദ്യം കണ്ടത്. ആദ്യം കണ്ട പെണ്ണ് പരിഭ്രമിച്ചു നിന്നപ്പോൾ, പിന്നാലെ വന്നവർ അവളുടെ ഓലക്കെട്ടിൽ ഇടിച്ചു തിരിഞ്ഞു.

നേരം വെളുക്കും മുന്നെ ഹനുമാൻതറയിൽ വാർത്ത പരന്നു. ചത്തു കിടക്കുന്നത് ആരാണെന്നും എന്തെന്നും നേരിട്ടറിയാൻ പുരുഷാരം ഓടിക്കൂടി. ജീവനുണ്ടെന്നു കണ്ട്, കുഴുപ്പുള്ളിക്കാരണവരുടെ വൈദ്യശാലയിലേയ്ക്ക് തണ്ടിന്മേൽ എടുത്തു.

നാലും കൂട്ടി മുറുക്കിച്ചുവന്ന് കാരണവർ വന്നു. കാരണവരെത്തിയപ്പോൾ കൂടിനിന്നിരുന്നവരെല്ലാം വഴിയൊഴിഞ്ഞു നിന്നു. കോട്ടോലി വേലുവും പുളിമ്പറ്റ ഗംഗാധരനും കൂടി ജീവച്ഛവത്തെ പലകപ്പുറത്തു കിടത്തി.

കുനിഞ്ഞു നിന്ന് അടിമുടി നോക്കിക്കണ്ട കാരണവർ കൈത്തണ്ട പിടിച്ച് നാഡിമിടിപ്പറിഞ്ഞു. കണ്ണിന്റെ പോളകൾ തുറന്നുകണ്ടു. ചുണ്ടുവലിച്ച് പല്ലും നാവും നോക്കി. വശങ്ങളിലേയ്ക്കു തല ചെരിച്ചുപിടിച്ച്, ചെവി രണ്ടും സൂക്ഷ്മം പരിശോധിച്ചു. ചെവിയിൽ നിന്നു ചോര ഒലിച്ചിറങ്ങിയതു കാണായി. മർമ്മം നോക്കി, കാലിന്റെ വെള്ളയിൽ പതിച്ച് രണ്ടടി കൊടുത്തു. അടിയേറ്റതും, ചാത്തപ്പന്റെ മുഖം ചുളിഞ്ഞു.

“രക്ഷപ്പെട്ടു!” തൊണ്ട കാറി നീട്ടിത്തുപ്പിയ കാരണവർ ആൾക്കൂട്ടത്തെ നോക്കി അഭിപ്രായപ്പെട്ടു. “മർമ്മത്തു തന്നെയാണ് ഒക്കെ കിട്ടീട്ടുള്ളത്, ഉം…!”

കൂടെ നിന്നിരുന്നവരെല്ലാം ഭവ്യത ഭാവിച്ചു.

“ആരാ? എവ്‌ടത്ത്യാ ഇയാള്?” കാരണവർ തിരക്കി.

“അറിയില്ല. അക്കരെ പാടത്ത് കെടക്കണത് ഓലക്കാരിപ്പെണ്ണുങ്ങളാ കണ്ടത്…”

“അത് ശെരി. അപ്പൊ ഇർണം തീർത്തതാണ്! പൊഴേലിയ്ക്ക് ഇട്‌ത്തിടാഞ്ഞത് ഭാഗ്യം!”

അത്രയും പറഞ്ഞ് തിരിഞ്ഞുനിന്ന് നെറ്റി തലോടിയ കാരണവർ വൈദ്യം ചിന്തിച്ചു. സഹായികളായ കോട്ടോലിയോടും പുളിമ്പറ്റയോടും ഉപദേശിച്ചു: “തട്ടിയുണർത്തി ചിറി നനച്ച് കൊട്ക്ക്വാ.”

ഇരുവശത്തു നിന്ന് രണ്ടുപേരും ശ്രദ്ധയോടെ ചെവി കൊടുത്തു കേട്ടു.

“ഉഴിഞ്ഞ അരച്ച് നാഭിയ്ക്ക് ലേപനം ചെയ്യണം. ചങ്ങലം പരണ്ട തണ്ടോടെ മരുന്നും കൂട്ടി ചതച്ച് ആസകലം പിടിപ്പിയ്ക്കണം. ഇപ്പൊ ഒരു മരുന്ന് മണപ്പിയ്ക്കാൻ കൊടുക്കണ് ണ്ട്. നൂറ്റെട്ടു സ്ഥാനങ്ങളിലും എത്തണതാണത്. അതുകൊണ്ട് ഉണർച്ച കിട്ടും. ഉണർന്നാൽ താങ്ങിയിരുത്തി കൊടുക്കുക. എന്നിട്ട് കെടക്കണങ്കിൽ കെടന്നോട്ടെ. അകത്തേയ്ക്ക് കൊടുക്കാനുള്ളത് ഞാൻ കൊണ്ട്വരാം. തേട്ടിക്കുന്നത്തു വട്ടൂരകം1 കാണണം. നോക്കട്ടെ… എന്നിട്ടും ഏറ്റില്ലെങ്കിൽ… മങ്ങാടനെ കൊണ്ടുവരാം…”

നാടറിഞ്ഞ അഭ്യാസിയും മർമ്മവൈദ്യനുമാണ് മങ്ങാടൻ വേലപ്പൻ. ചൂണ്ടുമർമ്മത്തിൽ ആനയെ തളച്ച യോഗ്യൻ! കുലത്തൊഴിലായ ചെത്ത് കൈയൊഴിയാൻ മനസ്സില്ലാത്തതിനാൽ ജീവിതമാർഗമായി വൈദ്യം ഏറ്റെടുത്തില്ല. ഉണ്ണിപ്പാറന്റെ മൂത്തമകൾ കാർത്ത്യായനിയെ പെണ്ണെടുക്കും മുൻപേ തന്നെ, തട്ടകം വേലപ്പനെ സ്വീകരിച്ചിരുന്നു…

വേലപ്പനേയോ കടവല്ലൂർ കുട്ടനേയോ, ആരെ വേണമെങ്കിലും കൊണ്ടുവരാൻ തട്ടകത്തെ ചുണക്കുട്ടികൾ തയ്യാറായിരുന്നു. കാരണവരുടെ വാക്കിനായി അവർ കാത്തുനിന്നു.

“ഹേയ്. അത്രയ്ക്കുള്ള വെകടൊന്നൂല്യ. ഇണ്ടെങ്ങെ ഞാൻ പറയും,” വൈദ്യർ ധൈര്യപ്പെടുത്തി.

ആരെന്നറിയാത്തൊരു വഴിയാത്രികന്റെ അവസ്ഥയറിഞ്ഞുള്ള സന്മനോഭാവത്തിൽ, ത്യാഗസന്നദ്ധതയിൽ, ദേശത്തു വളരുന്ന തലമുറയോടു കാരണവർക്കു മതിപ്പു തോന്നി. തട്ടകത്തു പിറന്നവരാരും കണ്ടതു കണ്ടില്ലെന്നു വെയ്ക്കുന്നവരല്ല. സഹജീവികളോടുള്ള കരുണയും മാന്യതയും ഉണ്ണീരിമുത്തപ്പന്റെ കാലത്തിനും മുൻപേ മാളോർക്കറിവുള്ളതാണ്!

“ഇത്‌പ്പോ ഇവ്‌ടം കൊണ്ട് നോക്കട്ടെ. പറ്റായ്ക വര്യാണെങ്കിൽ അറിയിയ്ക്കണ്‌ണ്ട്. എല്ലാരും ഇപ്പൊ പൊയ്ക്കോളോ,” കാരണവർ ഉറപ്പു നൽകി.

തുടങ്ങിവെച്ച് നാഴികനേരം കഴിഞ്ഞില്ല, വൈദ്യം ഫലം കണ്ടു. ‘ശറാ’ന്ന് മൂത്രം പോയി. ചുമച്ച്, കടവയറു പിടിച്ച് ചാത്തപ്പൻ വളഞ്ഞു. പെട്ടെന്നു ബോധം വന്നതുകണ്ട് കോട്ടോലിയും പുളിമ്പറ്റയും അതിശയിച്ചു. എഴുന്നേൽക്കാൻ ശ്രമിച്ച ചാത്തപ്പനെ പിടിച്ചു കിടത്താൻ ശ്രമിച്ചു. വേണ്ടെന്നു കാരണവർ വിലക്കി.

ചുമച്ചുചുമച്ച്, ശ്വാസം വലിച്ച് അകം കൊളുത്തിയ വേദനയിൽ ചെമ്മീൻ പോലെ വളഞ്ഞ്, ചാത്തപ്പൻ തല മലർത്തി. വടികുത്തി ചാത്തപ്പന്റെ അടുത്തേയ്ക്കു വന്ന കാരണവർ മുറുക്കാൻ തുപ്പിക്കളഞ്ഞു ചോദിച്ചു:

“കൊറച്ച് മരുന്ന് തന്നാൽ എറക്കാൻ പറ്റ്വോ?”

വേദനയിൽ പുരികം ചുളിച്ച്, ഉവ്വെന്നു ചാത്തപ്പൻ വായളന്നു. വേലുവും ഗംഗാധരനും കൂടി താങ്ങിപ്പിടിച്ച്, ഇളം ചൂടോടെ കഷായം മേമ്പൊടി ചേർത്തുകൊടുത്തു. കയ്പും ചവർപ്പുമറിയാതെ കുറേശ്ശെക്കുറേശ്ശെയായി ചാത്തപ്പൻ അതപ്പടി കുടിച്ചു.

“എഴുന്നേൽക്കാവോ?” കാരണവർ സൗമ്യം ചോദിച്ചു.

“കൊറച്ച് കഴിയട്ടെ…” പല്ലിറുമ്മി ചാത്തപ്പൻ പറഞ്ഞു.

“വല്ലതും ഓർമ്മേണ്ടോ?” കാരണവർ മുഖത്തേയ്ക്കടുത്തു ചോദിച്ചു.

“ആ…” ശരീരം മൊത്തം പളങ്ങിത്തെളിഞ്ഞു.

“എന്താ ണ്ടായ്‌ത്?”

“പാറമ്മാനെ കാണാൻ…”

കാരണവർ കോട്ടോലിയുടെ മുഖത്തുനോക്കി. അർത്ഥം മനസ്സിലാക്കിയ കോട്ടോലി സമയം പാഴാക്കാതെ മിന്നി.

“ആരൊക്കെയായിരുന്നു?”

“അറിയില്ല…”

“എന്തായിരുന്നു കാര്യം?”

“അറിയില്ല…”

“എന്നാൽ കെടന്നോളൂ. പാറൻ ഇപ്പൊ വരും.”

വേദനയിൽ കൂച്ചിയ ചാത്തപ്പൻ കൈ കുത്തി ചെരിഞ്ഞു കിടന്നു. കൈത്താങ്ങായി പുളിമ്പറ്റ ഗംഗാധരൻ അടുത്തെത്തി. അരുതെന്നു കാരണവർ വിലക്കി.

കൂനത്ത് പങ്കുണ്ണിയുടെ പനയിൽ കള്ള് വാർക്കുമ്പോഴായിരുന്നു, കോട്ടോലിയുടെ നിലം തൊടാതെയുള്ള വരവ്. ഈരേഴു പതിന്നാലു ലോകങ്ങളും പനന്തലപ്പിൽ കാണാനാവും. മുകളിലൊരാളുള്ളത് ഭൂമിയിലുള്ളവർ ഓർക്കുന്നില്ല…

മൺപാനയിൽ നിറഞ്ഞ ചക്കരക്കള്ള് കുടുക്കയിലേയ്ക്കു പകർന്ന്, കയറിലൂടെ താഴേയ്ക്കിറക്കി. താഴെയെത്തിയ കള്ള് പനയുടെ ചുവട്ടിൽ കാത്തുനിന്നിരുന്ന അപ്പുണ്ണി തുളുമ്പാതെ പിടിച്ചുവാങ്ങി കുടത്തിലേയ്ക്കൊഴിച്ചു.

പനഞ്ചുവട്ടിലെത്തിയ കോട്ടോലി രണ്ടു കൈയും തണ്ടെല്ലിൽ കുത്തി പട്ടി കിതയ്ക്കുമ്പോലെ മേൽപ്പോട്ടു നോക്കി കിതച്ചു.

“അപ്പുണ്ണ്യേ, കോട്ടോലിയ്ക്ക് കുടിയ്ക്കാൻ ത്തിരി കൊട്ക്ക്,” കിതപ്പറിഞ്ഞ പാറമ്മാൻ പനയുടെ മുകളിൽ നിന്നു വിളിച്ചുപറഞ്ഞു.

കുടം പൊക്കിയെടുത്ത് അപ്പുണ്ണി കുറേശ്ശെയായി നിർത്താതെ ചെരിച്ചുകൊടുത്തു. കൈക്കുമ്പിളിൽ കോട്ടോലി കിതപ്പും ദാഹവും തീർത്തു. നല്ല മധുരമുള്ള കള്ള്! കാലത്തിറങ്ങുന്ന കള്ളിനു മാധുര്യമേറും. അന്തിക്കള്ളിനു ചൊരുക്കു കൂടും. കുടിച്ചിട്ടും കുടിച്ചിട്ടും മതി വരുന്നില്ലായിരുന്നു. പള്ള നിറഞ്ഞപ്പോൾ കോട്ടോലി നിവർന്നു നിന്ന് ആശ്വസിച്ചു:

“ഹാ…വൂ…”

തുമ്പറിയാതെ, പന പോലുമറിയാതെ, വീതി കൂടിയ ചെത്തുകത്തിയെടുത്ത് പാറമ്മാൻ പനങ്കുല ചെത്തി. കരിമ്പനത്തണ്ടിന്റെ മുള്ളിന്മേൽ അരച്ചെടുത്ത ആഞ്ഞിലിനൂറ് പുതുതുമ്പത്തു പുരട്ടി. പാളക്കീറ് ചുറ്റും അടക്കിപ്പൊതിഞ്ഞ് ഭദ്രമായി കെട്ടി. തേനീച്ചയോ കടന്നലോ കയറില്ലെന്ന് ഉറപ്പു വരുത്തി.

പാറമ്മാൻ താഴെ വരുവോളം കോട്ടോലി കാത്തുനിന്നു. വിവരങ്ങൾ കേട്ടറിഞ്ഞപ്പോൾ കള്ളളക്കാൻ അന്ന് അപ്പുണ്ണിയെ പറഞ്ഞുവിട്ടു.

“മോൻ കള്ള് കൊട്‌ത്ത്‌ട്ട് വീട്ട്യേ പൊക്കോളോ. അച്ഛ വേഗം വരാം.”

കള്ളുംകുടം തോളേറ്റി അപ്പുണ്ണി നടന്നു. പാറമ്മാൻ കോട്ടോലിയ്ക്കു മുന്നെ നടന്നു. വഴി നീളെ കോട്ടോലി കാര്യങ്ങളും ഗൗരവങ്ങളും അറിയുംവണ്ണം പറഞ്ഞുകൊണ്ടിരുന്നു…

വൈദ്യശാലയിൽ കാരണവർ വലംകൈ കൊണ്ട് ഉണ്ണിപ്പാറനെ സ്വീകരിച്ചു.

“അയ്യേ! ഇന്നെ തൊടണ്ട. കള്ള് നാറും.” ഉണ്ണിപ്പാറൻ ഓർമ്മപ്പെടുത്തി.

“അതിനെന്താ. നമ്മുടെയൊക്കെ അപ്പൻ മുത്തപ്പന്മാരുടെ മണല്ലേ, ഇത്.”

“അത് നമ്മുടെ തലമുറയിൽ പെട്ടവർക്കല്ലേ അറിയൂ.”

“ഇപ്പറഞ്ഞത് വളരെ ശെര്യാ. ഇപ്പഴത്തെ പിള്ളേർക്ക് കുടിയ്ക്ക്യേ വേണ്ടൂ. വെശർപ്പും നാറ്റോം പറ്റില്ല. മേലനങ്ങി പണീട്‌ക്കാനും അവരെ കിട്ടില്ല,” കാരണവർ യോജിപ്പ് പ്രകടിപ്പിച്ചു.

വർത്തമാനങ്ങളും വീട്ടുവിശേഷങ്ങളും പരസ്പരം ചോദിച്ചറിഞ്ഞ് അവർ പുറത്തേയ്ക്കിറങ്ങി നടന്നു. കുളക്കടവു വരെ അനുഗമിച്ച കോട്ടോലി ദൂരെ കണ്ട് മാറിനിന്നു.

“ഔദാര്യം കൊണ്ടാൽ മനുഷ്യൻ ഒരിടത്തും കര കയറില്ല.”

പ്രായം കൊണ്ട് താഴെയാണെങ്കിലും, ഉണ്ണിപ്പാറൻ പറഞ്ഞതെല്ലാം കാരണവർ കേട്ടു. തെല്ലിട കനത്തുനിന്ന ആലോചനയ്ക്ക് അറുതി വരുത്തിയ കാരണവർ കോട്ടോലിയെ വിളിച്ചു പറഞ്ഞു:

“അവനെ ഇങ്ങ്‌ട്ട് നടത്തിക്കൊണ്ടു വന്നോളൂ.”

കാരണവരുടെ അനുമതി കിട്ടിയ പാടെ കോട്ടോലി തിരിഞ്ഞോടി. വൈദ്യശാലയിൽ പാത്തിയിൽ വിശ്രമിക്കുകയായിരുന്ന ചാത്തപ്പനെ കോട്ടോലിയും പുളിമ്പറ്റയും കൂടി എഴുന്നേല്പിച്ചു.

രണ്ടുപേരുടേയും തോളിൽ കൈ കോർത്തു; വലിവും വേദനയും കൂടിയപ്പോൾ പല്ലിറുമ്മി കടിച്ചു. ഞൊണ്ടിഞൊണ്ടിച്ചാടി, ശ്വാസം വിഴുങ്ങി, നടു വളഞ്ഞ് കുളക്കടവിലെത്തി.

കുളത്തിൽ നിന്നു കണ്ണെടുക്കാതെ പാറമ്മാൻ നില്പുണ്ടായിരുന്നു. ഇടംകൈയിൽ ഊന്നുവടിയും വലംകൈയിലൊരു പച്ചീർക്കിലിയുമായി കാരണവർ അടുത്തുണ്ടായിരുന്നു.

കോട്ടോലിയും പുളിമ്പറ്റയും കൈ അയച്ചു മാറിനിന്നു. ചാത്തപ്പൻ എത്തിയതു കണ്ട് പാറമ്മാൻ അടുത്തേയ്ക്ക് നടന്നു ചെന്നു. നീരുവന്നു വീങ്ങിക്കെട്ടി, വാടിക്കുനിഞ്ഞ ചാത്തപ്പന്റെ മുഖത്തോടടുത്ത് സ്വകാര്യമായി ചോദിച്ചു:

“ഞാൻ പറഞ്ഞോടത്ത് ഇപ്പോ കാര്യങ്ങൾ വന്നില്ലേ?”

ചാത്തപ്പന്റെ തല വാടിക്കിടന്നു. വായിൽ നിന്നു നോള ഊർന്നു. താങ്ങിനായി അടുത്ത് വല്ല കമ്പോ മരമോ ഉണ്ടോയെന്നു കണ്ണുകൾ പരതി.

“അവർ എത്ര പേരുണ്ടായിരുന്നൂന്ന് അറിയ്യ്യോ?”

“കൊറേ ഇണ്ടായിരുന്നു.”

“അപ്പോൾ തീർക്കാനായിട്ട് വന്നതാണ്, ല്ലേ?” ചാത്തപ്പന്റെ വീർത്ത ചുണ്ടിലേയ്ക്ക് ഈച്ചകൾ പറന്നുവന്നു. “തിരിച്ച് ചെല്ലുമ്പൊ വീട്ടിൽ ആളുണ്ടാവും ന്ന് വല്ല ഉറപ്പും ണ്ടോ?”

പ്രജ്ഞ തെളിഞ്ഞു! വന്നവർ കുടിയ്ക്കുള്ളിൽ കയറി വന്നവരാണ്; അവിടെ മന്ത്രവാദമൊക്കെ നടക്കുന്നുണ്ടെന്ന് അവർ പറഞ്ഞത് ഓർമ്മ വന്നു.

“അവർക്ക് കിട്ടീട്ടില്ല.” ചാത്തപ്പൻ കിതച്ചു.

“അങ്ങന്യാണെങ്കിൽ കൊറച്ച് കാലം കൂടി ജീവിയ്ക്കാം.”

വാടിത്തളർന്ന ചാത്തപ്പൻ ഇരിയ്ക്കാനും കിടക്കാനും ഇടം തിരഞ്ഞു. കൂടുതൽ അടുത്തേയ്ക്കു നിന്ന് പാറമ്മാൻ സൂചിപ്പിച്ചു:

“ഇനി അധികം വൈകിക്കണ്ട. കാരണവരും അതു തന്നെയാണ് പറഞ്ഞത്. ഇവിടെ വേറെ ആരും അറിഞ്ഞിട്ടില്ല. കുഴച്ച മണ്ണ് ഉണങ്ങാനുള്ള സമയം! മഠത്തിൽ നിന്നുള്ള അനുമതി കിട്ടിയാൽ നിനക്കൊരു കൂര പൊന്തും. ഇവിടെ ഒരാപത്തും ണ്ടാവില്ല.”

“ഇപ്പൊ എങ്ങനീണ്ട് ചാത്തപ്പാ?” കാരണവർ ഇടയ്ക്കു കയറി.

“കൊറച്ച് ഭേദം ണ്ട്…” ചാത്തപ്പൻ ഉന്മേഷം വരുത്താൻ ശ്രമിച്ചു.

“ഉവ്വോ? അപ്പൊ തനിച്ച് വീട്ട്യേ പുവ്വാലോ, ല്ലേ?”

അതിനു ചാത്തപ്പൻ മൗനം ഭജിച്ചു. നിന്ന നില്പിൽ കാരണവർ മറ്റെല്ലാവരെയുമൊന്നു നോക്കിയിട്ടു തുടർന്നു:

“ഈ കാൺണ കുളമുണ്ടല്ലോ, ചാത്തപ്പാ,” കൈയിലുള്ള നീളൻ ഈർക്കിലി കൊണ്ടു ചൂണ്ടിക്കാണിച്ച് കാരണവർ തുടർന്നു: “മുത്തപ്പൻ മുത്തപ്പന്മാരുടെ കാലത്ത് പത്തുപറ കണ്ടം ചെളി കോരിയതാ. പടിഞ്ഞാറേപ്പാടം മുഴുവൻ തേവി നിറച്ചാലും ഇപ്പൊ ഇത് വറ്റില്ല. മനസ്സിലായോ ചാത്തപ്പന്?”

എന്താണ് കാരണവർ മനസ്സിൽ കരുതുന്നതെന്ന് ചാത്തപ്പന് ഊഹിയ്ക്കാനായില്ല.

“മനസ്സിലായില്ല, അല്ലേ?” കാരണവർ തുടർന്നു. “ജീവിതമെന്നു പറയുന്നതാണു കുളം. വീണാൽ, നീന്തലറിയാത്തവൻ മുങ്ങിച്ചാവും. വെള്ളം കണ്ട് പേടിയ്ക്കുന്നവന് കുളിയുടെ സുഖം പോലും അറിയാൻ കഴിയില്ല.”

അത്രയും കാരണവർ പറഞ്ഞു തീർന്നതും, കൈയിലുണ്ടായിരുന്ന പച്ചീർക്കിലി വായുവിൽ പുളഞ്ഞുപൊട്ടിയതും ഒരുമിച്ചായിരുന്നു!

ഹിഡുംബനെ വെല്ലുന്ന കരുത്തരായ കോട്ടോലിയും പുളിമ്പറ്റയും ചാത്തപ്പനെ നിന്ന നില്പിൽ പൊക്കി കുളത്തിലേയ്ക്കെറിഞ്ഞതും പെട്ടെന്നായിരുന്നു!

കുഴുപ്പുള്ളിക്കാരണവരുടെ പിന്നാലെ മുവ്വരും തിരിഞ്ഞുനോക്കാതെ നടന്നുകയറി.

വരിഞ്ഞുകെട്ടിയ വേദനയിൽ പിടഞ്ഞ്, പൊരിഞ്ഞ പ്രാണന്റെ ശ്വാസത്തുള്ളി തേടി, തകർന്ന കൈയും കാലുമിട്ടടിച്ച് മരണക്കയത്തിൽ കണ്ണുതുറിച്ചു…

ചാത്തപ്പൻ ഒന്നു പൊങ്ങി. പിന്നെ താഴ്‌ന്നു…

(തുടരും: ‘പഷ്ണിപ്പുര’)

കുറിപ്പ്:

1 – വട്ടൂരകം: അധികം ഉയരത്തിലെത്താത്ത ഒരു തരം സസ്യം. അടിതടയിൽ ക്ഷതമേറ്റ നാഡികളെ കൂട്ടിയോജിപ്പിയ്ക്കാൻ ഉത്തമമാണു വട്ടൂരകം. പലയിടങ്ങളിലും ഈ സസ്യമിന്ന് അന്യം നിന്നുപോയിരിയ്ക്കുന്നു.

വരികൾ: ‘വേദാരണ്യം’

sajivattamparambil@yahoo.com

 

______________________________________________________________________________

 

രചനയെപ്പറ്റിയുള്ള പ്രതികരണങ്ങൾ താഴെക്കാണുന്ന ഐഡികളിൽ ഏതെങ്കിലുമൊന്നിലേയ്ക്ക് ഈമെയിലായി അയച്ചുതരിക:

blogezhuththulokam@gmail.com

blogezhuththulokam@outlook.com

 

‌___________________________________________________________________‌___________

വേദാരണ്യത്തിന്റെ മുൻ അദ്ധ്യായങ്ങളുടെ ലിങ്കുകൾ:

വേദാരണ്യം അദ്ധ്യായം 14: ഉതിർമണികൾ

വേദാരണ്യം അദ്ധ്യായം 13: ചെപ്പ്

വേദാരണ്യം അദ്ധ്യായം 12: മകരച്ചൊവ്വ

വേദാരണ്യം അദ്ധ്യായം 11: കൃഷ്‌ണതുളസി

വേദാരണ്യം അദ്ധ്യായം 10: ഗൃഹപ്രവേശം

വേദാരണ്യം അദ്ധ്യായം 9: പാഥേയം

വേദാരണ്യം അദ്ധ്യായം 8: ജലമൗനം

വേദാരണ്യം അദ്ധ്യായം 7: കാവ് തീണ്ടൽ

വേദാരണ്യം അദ്ധ്യായം 6: ഊരുവലം

വേദാരണ്യം അദ്ധ്യായം 5: പുലപ്പേടി

വേദാരണ്യം അദ്ധ്യായം 4: ജനനി

വേദാരണ്യം അദ്ധ്യായം 3: കൈതമുള്ള്

വേദാരണ്യം അദ്ധ്യായം 2: കുരുപ്പ്

വേദാരണ്യം അദ്ധ്യായം 1 വൈലിത്തറ

______________________________________________________________________________

ബ്ലോഗെഴുത്തുലോകത്തിലെ മറ്റു ലിങ്കുകൾ

ബ്ലോഗെഴുത്തുലോകം ഒന്നാം പേജ്

നിബന്ധനകൾ, മുന്നറിയിപ്പുകൾ, അറിയിപ്പുകൾ

രചനകളുടെ സമ്പൂർണലിസ്റ്റ്

സമ്മാനാർഹമായ രചനകൾ

ബ്ലോഗെഴുത്തുലോകം രചയിതാക്കളുടെ ലിസ്റ്റ്

ബ്ലോഗെഴുത്തുലോകത്തിലെ മറ്റു ലിങ്കുകൾ

‌___________________________________________________________________‌___________

 

Advertisements

About ബ്ലോഗെഴുത്തുലോകം

മലയാളം ബ്ലോഗെഴുത്തുകാർക്കു ‘ബ്ലോഗെഴുത്തുലോക’ത്തിലേയ്ക്കു ഹാർദ്ദമായ സ്വാഗതം.
This entry was posted in കഥ കവിത ലേഖനം, ബ്ലോഗുകൾ, ബ്ലോഗെഴുത്തുലോകം, ബ്ളോഗെഴുത്തുലോകം, മലയാളം and tagged , , , , , , , , , , . Bookmark the permalink.