ബ്ലോഗെഴുത്തുലോകം വാരം 003 രചന 09

വേദാരണ്യം അദ്ധ്യായം 14: ഉതിർമണികൾ (നോവൽ)

രചന: സജി വട്ടംപറമ്പിൽ

sajivattamparambil@yahoo.com

കൊയ്‌ത്തിന് കറ്റ അടക്കിവെച്ചിരുന്നത് എവിടെയൊക്കെയാണെന്നു നല്ല നിർണയമുണ്ടായിരുന്നു. കട്ട വിണ്ടു കീറിയ പാടത്ത് ചാത്തപ്പൻ ഉതിരുമണികൾ നോക്കിനടന്നു. കണ്ണു കാണണമെങ്കിൽ നാട്ടുവെളിച്ചം പോരാ. എന്തെങ്കിലും രണ്ടുമണി നെല്ലു കിട്ടണമെങ്കിൽ നല്ല വെളിച്ചം വേണം; നിലാവെത്തണം. ചാത്തപ്പൻ നിലാവുദിക്കുന്നതും നോക്കി കാത്തിരുന്നു.

നേരം പിന്നിട്ടതറിഞ്ഞില്ല…കാത്തിരുന്നു കാത്തിരുന്ന്, വേനൽവീർപ്പിൽ വലഞ്ഞ് ഇരുന്നിടത്തിരുന്നങ്ങനെ മയങ്ങി. അളയിലൊളിച്ച ഞണ്ടിനെ വാലിട്ടുടക്കി പിടിയ്ക്കാൻ ജംബൂകപരമ്പരയിറങ്ങി. പിറകേ വിരട്ടിയെത്തിയ ശ്വാനവർഗത്തിന്റേയും പടയോട്ടം കേട്ട് ഞെട്ടിത്തെറിച്ചുണർന്നു.

വിണ്ടളർന്ന ചെളിക്കട്ടകൾ അള്ളിപ്പൊളിച്ചു കുട്ടിച്ചാക്കിലിട്ട് കൈവിടാതെ വട്ടം വീശി. ഭാഗ്യത്തിന് അവയെല്ലാം ഓരിയിട്ട് ഒരേവഴിയ്ക്ക് കുറുക്കന്മാർക്കൊപ്പം പിടിച്ചു. അന്നേരം കണ്ടാണിപ്പുഴയ്ക്കക്കരെ നമ്പഴിക്കാട് കുന്നത്ത് ചന്ദ്രപ്രഭ തെളിവെടുത്തു തുടങ്ങുകയായിരുന്നു…

നിർണയമുള്ളിടത്തെല്ലാം ചാത്തപ്പൻ നെന്മണി തപ്പി. കിട്ടിയതങ്ങനെ മണ്ണടക്കം വാരിയെടുത്തു ചാക്കിലിട്ടു. വരമ്പരികിലെ ചോരപ്പുല്ലിലും തകരക്കാട്ടിലും തത്തകൾ എത്താതിരുന്നിടത്ത് എളുപ്പം നുള്ളി വാരിയെടുത്തു. കല്ലും മണ്ണും ചെളിക്കട്ടയും നെല്ലും പതിരുമൊക്കെച്ചേർന്ന് കുട്ടിച്ചാക്കു നിറഞ്ഞു.

കിട്ടിയതെല്ലാം കൂടി കൊണ്ടുവന്ന് അടുപ്പും കണ്ണിയ്ക്കു മുന്നിൽ ചൊരിഞ്ഞു. അടുപ്പിൽ കുത്തിത്തിരുകിയ കോഞ്ഞാട്ടയുടെ പൊരിഞ്ഞുപടർന്ന തീനാളത്തിൽ വിയർപ്പാറ്റിയ മുഖം ക്ഷീണിച്ചു കരിവാളിച്ചു കിടന്നു. വിശപ്പും ദാഹവും വകവെയ്ക്കാതെ ചാത്തപ്പൻ സൂക്ഷ്‌മതയോടെ ഉതിർമണികൾ വേർതിരിയ്ക്കാനിരുന്നു…

കമഴ്‌ന്നിരുന്നു മുഖമടുപ്പിച്ച് അർപ്പണബുദ്ധിയോടെ നെല്ലും കല്ലും വേർതിരിക്കുന്ന ചാത്തപ്പനെ എരിയുന്ന നാളത്തിൽ ഏറെനേരം വാത്സല്യപൂർവം തമ്പുരാട്ടി നോക്കിയിരുന്നു. ഹൃദയം നൊന്തു.

ആരുമല്ലാത്തൊരു മനുഷ്യൻ, അകലെ നിന്നുപോലും കണ്ടിട്ടില്ലാത്തൊരാൾ, ജീവിതത്തിലേയ്ക്കു കടന്നു വന്ന് എന്തൊക്കെ പാടുപെടുന്നു, ഏതോ ജന്മനിയോഗം പോലെ. നോക്കിയിരുന്നപ്പോൾ മിഴിപ്പൂക്കളടർന്നു പളുങ്കുതുള്ളികൾ വീണു.

ആദരവിനൊപ്പം സഹതാപം ഉള്ളുണർത്തി. അരികത്തിരിയ്ക്കാനും സഹായപ്പെടാനും മനസ്സു കൊതിച്ചു. ഇക്കാണുന്ന ത്യാഗവും കർമ്മവും ഹൃദയത്തിൽ ഓളം വെട്ടി. ശ്വാസമടക്കി, ഭൂമിദേവി പോലുമറിയാതെ ചെന്നു, കൂട്ടിരുന്നു. ഉതിർമണികളിൽ വിരലോടിച്ചു.

കല്ലുകൾ ചെളിക്കട്ടകൾ മണ്ണും കരടും പതിരും കൂടി, നെല്ലിനേക്കാൾ അധികം വരും. ഒരു നേരത്തെ അന്നത്തിന്റെ വില!

രാപകലില്ലാതെ പെടാപ്പാട് പെടുന്ന പണിമക്കളുടെ വിയർപ്പിന്റെ വില ഇതുവരെ അറിഞ്ഞിരുന്നില്ല! കൂലി മാത്രമേ എന്നും വിഷയമായിട്ടുള്ളൂ. കൂലി ചോദിച്ചവരെ തൊഴുത്തിന്റെ കള്ളിയിൽ കെട്ടിയിട്ടു തല്ലി. തല്ലുകൊണ്ടു ദാഹിച്ചു വലഞ്ഞവർക്കു കുടിയ്ക്കാൻ നാൽക്കാലികൾക്കു വെച്ച കാടിവെള്ളം…നെല്ലിൻപക ഉള്ളിൽത്തട്ടി. കൊക്ക് കുത്തിത്തറഞ്ഞു. കണ്ണീർത്തുള്ളികൾ ശരപറ, ഉതിർമണികളിലേയ്ക്കുതിർന്നു…

എന്താണുണ്ടായതെന്നറിയാതെ ചാത്തപ്പൻ പകച്ചുനിവർന്നു!

നിഷ്‌കളങ്കം നോക്കിയിരിക്കുന്ന വറ്റിയുണങ്ങിയ മുഖം തമ്പുരാട്ടിയെ അതിലേറെ വേദനപ്പെടുത്തി. ചാത്തപ്പന്റെ തോളിലേയ്ക്കു തല മെല്ലെ ചാരി, വ്യസനം ചൊരിഞ്ഞു…

“പുത്തരീം വേണ്ട, കുത്തരീം വേണ്ട. ഒന്നും വേണ്ട. ഇത്രയ്ക്ക് പാടുള്ളതൊന്നും എനിയ്ക്ക് അറിയില്ലായിരുന്നു. നമുക്ക് നമ്മുടെ ചാമക്കഞ്ഞി മതി.” ചാത്തപ്പന്റെ കഷ്‌ടപ്പാടിൽ തമ്പുരാട്ടി മനസ്സുരുകി.

ഇതിനാണോ തമ്പുരാട്ടി കരയുന്നതെന്നു ചാത്തപ്പൻ സംശയിച്ചു. ചിന്താക്കുഴപ്പത്തിൽ പിന്നേയും അങ്ങനെതന്നെ ഇരുന്നു. മതിയാക്കി എഴുന്നേൽക്കാൻ തമ്പുരാട്ടി ചാത്തപ്പനെ കൈ കൂട്ടിപ്പിടിച്ചു നിർബന്ധിച്ചു.

“മതി. ഇതൊക്കെ വാരിക്കൊണ്ടുപോയി കളഞ്ഞോളൂ. എന്നിട്ടു കുളിച്ചു വന്നിട്ട് കഞ്ഞി കുടിച്ചോളൂ.” തമ്പുരാട്ടി എഴുന്നേൽക്കാൻ പ്രേരിപ്പിച്ചു.

“അയ്യോ! അതു പാടില്യ. ഇട്ത്തേന് എന്തെങ്കിലും കിട്ടണ്ടേ? ഇല്ലെങ്ങെ ചെയ്തോട്ത്തോളം പണി വെറ്ക്കന്യാവും.” ചാത്തപ്പൻ കഷ്ടം പ്രകടിപ്പിച്ചു.

പറഞ്ഞതെത്രയോ ശരിയാണെന്നു തമ്പുരാട്ടി അതിശയിച്ചു. അന്തിയാവോളം നനയ്ക്കാനെടുത്ത മൺകുടം അന്തിയ്ക്കു തല്ലിയുടച്ചതിനു സമം. കർമ്മം നിഷ്‌ഫലം! ചാത്തപ്പന്റെ മനസ്സിന്റെ വലിപ്പം അടുത്തറിഞ്ഞു. അഭിമാനപുരസ്സരം കൈകൾ സ്വതന്ത്രമാക്കി ഒഴിഞ്ഞു നിന്നു.

കല്ലും കരടും മാറ്റിയ നെല്ല് ചാത്തപ്പൻ നീക്കി അടുപ്പിന്റെ മുന്നിൽത്തന്നെ ഓരിവെച്ചു. മൂന്നോ നാലോ ഇടങ്ങഴി നെല്ലു കിട്ടി! മറ്റെല്ലാം അപ്പാടെ കുട്ടിച്ചാക്കിലേയ്ക്കു കോരിയെടുത്ത് തെങ്ങിന്റെ കടയ്ക്കൽ കൊണ്ടുപോയിട്ടു. ഓരിയിലെ നെല്ലു കൈയിലിട്ടു തിരുമ്മി ഉണക്കം നോക്കി.

പാടത്തു വീണ വെയിൽ മുഴുവനും കൊണ്ട് വിത്തിലും പാകം ഉണക്കം തട്ടിയിരുന്നു. അതിൽ നിന്ന് ഇത്തിരി നെല്ലെടുത്ത് ചിരട്ടയിലിട്ടു തെരങ്ങി. എളുപ്പം ഉമി പൊടിഞ്ഞു കിട്ടി. ഉമി ഊതിക്കളഞ്ഞ്, അരിമണിയെടുത്ത് വായിലിട്ടു കടിച്ചു നോക്കി തൃപ്തിപ്പെട്ടു. ഇതെല്ലാം കൂടി തെരങ്ങിയാൽ രണ്ടിടങ്ങഴി കൊണ്ട പുത്തരി ഉറപ്പാണ്! വിയർപ്പും ക്ഷീണവും കളയാൻ ചാത്തപ്പൻ കുളിയ്ക്കാൻ പുറപ്പെട്ടു.

മുറ്റത്തിറങ്ങിയ ചാത്തപ്പനോട് തമ്പുരാട്ടി ഒരത്യാവശ്യം ഉണർത്തിച്ചു: “ഒരു പൂക്കുല വേണം, തെങ്ങിന്റെ.”

എന്തിനാണെന്നു ചാത്തപ്പൻ ചോദിച്ചില്ല. തമ്പുരാട്ടിയുടെ ഏതൊരാവശ്യത്തിനു മുന്നിലും തല താഴ്‌ത്തി വണങ്ങി നിന്നതേയുള്ളൂ. ഉയരക്കുറവുള്ള തെങ്ങിൽ അനായാസം പിടിച്ചുകയറി, പൂക്കുലയൊന്ന് അരിഞ്ഞെടുത്തു. താഴോട്ടിടാതെ, കടിച്ചുപിടിച്ച് താഴെയിറക്കി കൊണ്ടുവന്നു. കുളിച്ച് കഞ്ഞി കുടിച്ചു. അന്നത്തെ അദ്ധ്വാനത്തിലും കിടക്കാൻ വൈകിയതിനാലും നിദ്ര വന്നു പുണർന്നത് അറിഞ്ഞില്ല.

ബ്രാഹ്മമുഹൂർത്തത്തിനു മുൻപേ തമ്പുരാട്ടി എഴുന്നേറ്റ് വിളിച്ചുണർത്തി. മറപ്പുരയ്ക്കുള്ളിൽ കുളിയ്ക്കാനും ശുദ്ധത്തിനും വെള്ളം പാകപ്പെടുത്തി വെച്ചിരുന്നു… ‘ഇന്നെന്താണിത്ര നേരത്തേ’യെന്നു ചാത്തപ്പനു തോന്നാതിരുന്നില്ല. എങ്കിലും, എന്തോ പ്രത്യേകതയുണ്ടെന്നു മനസ്സിലാവുകയും ചെയ്തു.

കുളിച്ചൊരുങ്ങി, ഈറനൊഴിയാത്ത മുടിയഴകിൽ സുഗന്ധപൂരിതമായ അർത്ഥപ്പൂ ചൂടി തമ്പുരാട്ടി കാത്തുനില്പുണ്ടായിരുന്നു…

ചാത്തപ്പൻ കുളി കഴിഞ്ഞ് മറപ്പുരയ്ക്കു പുറത്തിറങ്ങുമ്പോൾ അലക്കി വെളുപ്പിച്ചു മടക്കിവെച്ച തുണി മാറാൻ കൊടുത്തു. അതിന്റെ അർത്ഥവും ചാത്തപ്പനറിഞ്ഞില്ല. ആദ്യമൊന്നു മടിച്ചെങ്കിലും പിന്നെ വാങ്ങിച്ചുറ്റി. ഉടുക്കാനറിയാത്തവൻ ചുറ്റിയുടുത്തപ്പോൾ തുണി കോണ് കേറിക്കിടന്നു. ഉടുത്തുകഴിഞ്ഞപ്പോൾ തമ്പുരാട്ടി ചാത്തപ്പനെ പിടിച്ച് പടിഞ്ഞാട്ട് തിരിച്ചുനിർത്തി, ക്ഷേത്രസ്ഥാനം ചൂണ്ടിപ്പറഞ്ഞു:

“ദാ, അവിടെ ഗുരുവായൂരപ്പൻ. മനസ്സിരുത്തി നല്ലവണ്ണം പ്രാർത്ഥിച്ചോളൂ.”

ചാത്തപ്പന്റെ ഇടതുവശം തമ്പുരാട്ടി തൊട്ടുനിന്നു.

മനസ്സിൽ താളിയോലക്കെട്ടഴിഞ്ഞു.

ഭക്തിനിർഭരം, മനസ്സിൽ രാധാകൃഷ്‌ണമാധുര്യം തുളുമ്പി!

വിഷ്‌ണുപ്രീത്യേ, ഹൃദയം മന്ത്രിച്ചു:

ശംഖായ അംഗുഷ്ഠാഭ്യാം നമഃ

ചക്രായ തർജനീഭ്യാം നമഃ

ഗദായൈ മദ്ധ്യമാഭ്യാം നമഃ

ഗംഗായ അനാമികാഭ്യാം നമഃ

ശാർഗായ കനിഷ്ഠികാഭ്യാം നമഃ

പഞ്ചായുധായ കരതലകരപ്യഷ്ഠാഭ്യാം നമഃ

ഓം ശാന്തി, ശാന്തി, ശാന്തി.

കോഞ്ഞായപ്പടരിൽ അഗ്നിദേവൻ നാമ്പെടുത്തു.

അടുപ്പിനു മുന്നിൽ, പൊന്നിൻമണികൾ, ഓരിനെല്ല് കൂനച്ച് കിടന്നു.

ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും സാക്ഷ്യങ്ങൾ; തമ്പുരാട്ടി ഉള്ളിൽ നിറച്ചു.

കുളിച്ച് അകത്തേയ്ക്കു കടന്ന ചാത്തപ്പൻ അത്ഭുതപ്പെട്ടു! അടിച്ചുതളിച്ചു മെഴുകി വൃത്തിയാക്കിയ പുരയ്ക്കകം ചുവന്ന വെളിച്ചത്തിൽ കുളിച്ചുകിടന്നു. അഗ്നികുണ്ഡമെന്ന പോലെ, അടുപ്പ് തെളിഞ്ഞു… വിത്ത്, സാക്ഷിയായി മുന്നിൽ… കുത്തിനിർത്തിയ ചന്ദനപ്പൂക്കുല, ഇതളുണർന്ന അനുഭൂതിയായി…

കിഴക്കു തിരിഞ്ഞു കിണ്ടിയിൽ തീർത്ഥം.

നൂൽ‌ച്ചരടിൽ കൊരുത്ത് നാക്കിലയിൽ തിരുമാംഗല്യം.

തുറന്നുവെച്ച ചെപ്പിനകവും പുറവും കുങ്കുമച്ചോപ്പിൽ തുടുത്തു.

‘ഇതെന്തു പൂര’മെന്നറിയാതെ ചാത്തപ്പൻ മുഖത്തേയ്ക്കു നോക്കി.

മന്ദഹാസത്തോടെ തമ്പുരാട്ടി ഇടതുവശത്തു വന്നിരുന്നു. കുങ്കുമത്തിന്റെയെന്ന പോലെയുള്ള ശോണിമ അവരുടെ മുഖത്തും പരന്നിരുന്നു…

“വരൂ. ഇതാണ് നമ്മുടെ മംഗളമുഹൂർത്തം. ആ മംഗല്യസൂത്രമെടുത്ത് ഇങ്ങടുത്തിരിയ്ക്കൂ.”

വലതുവശത്തേയ്ക്ക് തമ്പുരാട്ടി ചാത്തപ്പനെ സ്വാഗതം ചെയ്തു.

സ്ഥലകാലബോധം തിരിച്ചുകിട്ടാൻ അല്പം സമയം വേണ്ടി വന്നു. പ്രജ്ഞയുണർന്നപ്പോൾ അരുതായ്‌മ ഭയന്ന് അടിവെച്ച് ചാത്തപ്പൻ പിന്നോട്ടകന്നു…

“വരൂ. ഭയപ്പെടാനൊന്നുമില്ല. ഇത് നമുക്ക് അവകാശപ്പെട്ടതാണ്. വന്ന് ഇതൊന്നു ചാർത്തിത്തരൂ.” തമ്പുരാട്ടി വീണ്ടും ക്ഷണിച്ചു.

നിഷേധാർത്ഥം തല കുടഞ്ഞ്, അരുതെന്നു കൈവിലക്കി, ഭയപ്പാടിൽ പൊട്ടിയടർന്ന് ചാത്തപ്പൻ പിറകോട്ടു നീങ്ങി. താലിച്ചരട് എത്തിച്ചു കൈയിലെടുത്ത്, ഇരുന്നിടത്തു നിന്നു നിരങ്ങിത്തിരിഞ്ഞ്, മടങ്ങിയ കാൽമുട്ടിലിരുന്ന് ഇരുകൈകളാലും തമ്പുരാട്ടി യാചിച്ചു:

“ഭിക്ഷയാണെനിയ്ക്കിത്. ഇല്ലെന്നു മാത്രം പറയരുത്. കൈക്കൊള്ളണം.”

കണ്ണുനീരോടെ തമ്പുരാട്ടി കെഞ്ചിയതും അറഞ്ഞ് രണ്ടു തല്ലുതല്ലി ചാത്തപ്പൻ, നെഞ്ചത്ത്!

“ഇന്തേ…ന്റവ്വേ…എന്തൊക്ക്യാ ഞാൻ കേക്കണത്! എന്ത് പാവാണിത് പറേണത്!”

അടിച്ച നെഞ്ചിലേയ്ക്ക് തമ്പുരാട്ടി കരഞ്ഞുയർന്നു: “എന്താ ഈ കാട്ടിയത്, ഭഗവാനേ!” ദീനദീനം കരഞ്ഞൊഴുകി. “ഇതൊരു പെണ്ണിന്റെ ജീവിതമല്ലേ…” തമ്പുരാട്ടി പിന്നേയും കരഞ്ഞു കേണു. “തല്ലിത്തകർക്കല്ലേ… എനിയ്ക്കു വേണം!!”

മംഗല്യസൗഭാഗ്യം കൈവിട്ടുപോകുന്നതറിഞ്ഞ് തമ്പുരാട്ടി വിങ്ങിപ്പൊട്ടി…

അന്നം തന്നു, എനിയ്ക്കു വെള്ളം തന്നു…

അളവറ്റ സ്നേഹവും കാരുണ്യവും തന്നു…

അന്യപുരുഷനിൽ നിന്നു പുടവ കൈക്കൊണ്ടാൽ പിന്നെയാ പെണ്ണിന് മറ്റൊരു ജീവിതമില്ലെന്നറിഞ്ഞുകൂടേ!

പിന്നെ ആർക്കുവേണ്ടിയാണീ പൂവും പൊട്ടും?

എന്തിനുവേണ്ടിയായിരുന്നു, മംഗല്യസൂത്രം?

രണ്ടു കൈയും നെറുകന്തലയിൽ പതിച്ചമർത്തി ചാത്തപ്പൻ നിലവിളിച്ചു. ചാത്തപ്പന്റെ നിലവിളിയ്ക്കു താഴെ തമ്പുരാട്ടി കണ്ണീരിൽ കുളിച്ചു. വൈലിത്തറയും കടന്നകന്ന രോദനം, നിലാക്കയത്തിൽ വിഷം കലർത്തി…

മുന്നിൽ കൈതോലസഞ്ചി തുറന്നുകിടന്നു.

ഇത്രയും വലിയൊരു ചതി ചെയ്യുമെന്നു നിരീച്ചില്ലല്ലോയെന്നു ചാത്തപ്പൻ എണ്ണിപ്പെറുക്കി.

കാണാക്കാഴ്‌ചകൾ അടുപ്പിൽ വെന്തു പതം വന്നു…

കണ്ണും മൂക്കും അമർത്തിത്തുടച്ചു.

മൂക്കിള നിലത്തമർത്തി തേച്ചു.

പാളപ്പൊതിയിൽ ഭദ്രമായി പൊതിഞ്ഞു വെച്ചിരുന്ന പിശാങ്കത്തിയെടുത്തു; ഒരുറച്ച തീരുമാനത്തിലെന്ന പോലെ ചാത്തപ്പൻ പുറത്തിറങ്ങി…

.

(തുടരും: ‘നിഴൽരൂപങ്ങൾ’)

 

______________________________________________________________________________

 

രചനയെപ്പറ്റിയുള്ള പ്രതികരണങ്ങൾ താഴെക്കാണുന്ന ഐഡികളിൽ ഏതെങ്കിലുമൊന്നിലേയ്ക്ക് ഈമെയിലായി അയച്ചുതരിക:

blogezhuththulokam@gmail.com

blogezhuththulokam@outlook.com

 

‌___________________________________________________________________‌___________

 

വേദാരണ്യത്തിന്റെ മുൻ അദ്ധ്യായങ്ങളുടെ ലിങ്കുകൾ:

വേദാരണ്യം അദ്ധ്യായം 13: ചെപ്പ്

വേദാരണ്യം അദ്ധ്യായം 12: മകരച്ചൊവ്വ

വേദാരണ്യം അദ്ധ്യായം 11: കൃഷ്‌ണതുളസി

വേദാരണ്യം അദ്ധ്യായം 10: ഗൃഹപ്രവേശം

വേദാരണ്യം അദ്ധ്യായം 9: പാഥേയം

വേദാരണ്യം അദ്ധ്യായം 8: ജലമൗനം

വേദാരണ്യം അദ്ധ്യായം 7: കാവ് തീണ്ടൽ

വേദാരണ്യം അദ്ധ്യായം 6: ഊരുവലം

വേദാരണ്യം അദ്ധ്യായം 5: പുലപ്പേടി

വേദാരണ്യം അദ്ധ്യായം 4: ജനനി

വേദാരണ്യം അദ്ധ്യായം 3: കൈതമുള്ള്

വേദാരണ്യം അദ്ധ്യായം 2: കുരുപ്പ്

വേദാരണ്യം അദ്ധ്യായം 1 വൈലിത്തറ

______________________________________________________________________________

ബ്ലോഗെഴുത്തുലോകത്തിലെ മറ്റു ലിങ്കുകൾ

ബ്ലോഗെഴുത്തുലോകം ഒന്നാം പേജ്

നിബന്ധനകൾ, മുന്നറിയിപ്പുകൾ, അറിയിപ്പുകൾ

രചനകളുടെ സമ്പൂർണലിസ്റ്റ്

ബ്ലോഗെഴുത്തുലോകം രചയിതാക്കളുടെ ലിസ്റ്റ്

ബ്ലോഗെഴുത്തുലോകത്തിലെ മറ്റു ലിങ്കുകൾ

‌___________________________________________________________________‌___________

 

About ബ്ലോഗെഴുത്തുലോകം

മലയാളം ബ്ലോഗെഴുത്തുകാർക്കു ‘ബ്ലോഗെഴുത്തുലോക’ത്തിലേയ്ക്കു ഹാർദ്ദമായ സ്വാഗതം.
This entry was posted in കഥ കവിത ലേഖനം, ബ്ലോഗുകൾ, ബ്ലോഗെഴുത്തുലോകം, ബ്ളോഗെഴുത്തുലോകം, മലയാളം and tagged , , , , , , , , , , . Bookmark the permalink.