ബ്ലോഗെഴുത്തുലോകം വാരം 003 രചന 08

വേദാരണ്യം അദ്ധ്യായം 13: ചെപ്പ് (നോവൽ)

രചന: സജി വട്ടംപറമ്പിൽ

ഈമെയിൽ:  sajivattamparambil@yahoo.com

 

“ഇഹ് ഹ ഹഹ ഹഹ ഹാ…” കുംഭ കുലുങ്ങി ചിരിച്ചു, പാറമ്മാൻ. “കലം മയക്കണം ന്ന് പറഞ്ഞാ എന്താന്ന് മൻസ്സിലായോ, നിനക്ക്?”

കുലുങ്ങിച്ചിരിയ്ക്കുന്നതിനിടയിൽ പാറമ്മാൻ പരിസരം ചുറ്റുമൊന്ന് ഓടിച്ചു നോക്കി. മക്കളിൽ രാഘവനും ശ്രീധരനും അടുത്തുള്ളതറിഞ്ഞ് വിഷയം മാറ്റി.

“മകരച്ചൊവ്വ കഴിഞ്ഞില്ലേ. അതിന് പറ്റാത്തോർക്ക് ഇനി ഏഴാം പൂജയ്ക്ക് കലം മയക്കാം. ന്നാൽ പോയിട്ട് കലം മേടിച്ചിട്ട് വായോ. ചെട്ടിച്ചിര്യമ്മോട് പറയ്, ഇവ്ടെയ്ക്ക്യാണ്ന്ന്.”

ശുദ്ധമില്ലാത്ത പെൺകിടാങ്ങൾക്ക് മകരച്ചൊവ്വയ്ക്കു പുത്തരി നേദിയ്ക്കാൻ തരപ്പെട്ടില്ലെങ്കിൽ ഭഗവതിയുടെ മകരപ്പത്തുത്സവം കഴിഞ്ഞ് ഏഴാം ദിവസം നട തുറക്കുമ്പോൾ പൊങ്കാലയർപ്പിയ്ക്കാൻ അവസരമുണ്ട്. ഏഴാം പൂജ എന്നു ചൊല്ല്. മകരച്ചൊവ്വയുടെ അതേ പ്രാധാന്യത്തോടെ വാഴക്കാവിൽ തിരുസന്നിധിയിൽ, ചാരിത്ര്യസാക്ഷ്യവുമായി വാഴക്കാവിലമ്മയുടെ അനുഗ്രഹം നേടുകയെന്നത് പെൺകൊടികളുടെ ജീവിതസാക്ഷാത്കാരമാണ്! യോഗ്യന്മാരായ പുരുഷന്മാരെ അവർ ആഗ്രഹിയ്ക്കുംപടി അവർക്ക് ലഭിയ്ക്കുകയും ചെയ്തു!

എക്കും വക്കും നോക്കി, തിരിച്ചും മറിച്ചും മുഖത്തോടടുപ്പിച്ച് ഓട്ടയില്ലെന്നു കണ്ട്, നടുവിരൽ കൊണ്ടു ഞേടി ചിന്നിച്ചയില്ലെന്നുറപ്പാക്കി ചെട്ടിച്ചിര്യമ്മ കലം കൊടുത്തു. കൈയിലും കലത്തിലുമായി അത്യാവശ്യത്തിനുള്ള ചില്വാനങ്ങളും വാങ്ങി, ചാത്തപ്പൻ പാറമ്മാന്റെ അരികിലെത്തി.

“എന്തൂട്ടൊക്ക്യാടോ വാങ്ങീത്?” പാറമ്മാൻ തിരക്കി.

വാങ്ങിക്കൊണ്ടുവന്നതെല്ലാം ചാത്തപ്പൻ താഴെ വെച്ചു. കലം ഇടം കൈയിലെടുത്ത് കാതോരം ചേർത്തുപിടിച്ച്, പതുക്കനെയൊരു ഞേട്ടം. എന്നിട്ടും പോരാഞ്ഞ്, മുഖത്തേയ്ക്കു കമഴ്‌ത്തി മേല്പോട്ടു പിടിച്ച്, സുഷിരങ്ങളില്ലെന്ന് ഉറപ്പുവരുത്തി.

“കൊഴപ്പൊന്നൂല്യ. ഇതു മതി.” കുട്ടിക്കലം പാറമ്മാനു ബോധ്യപ്പെട്ടു. അതിനു ശേഷം മക്കളോടായി പറഞ്ഞു: “രാഘവാ, പോയിട്ട് വാറുണ്ണി മാപ്ലാരെ പീട്യേന്ന് പഴേ കുട്ടിച്ചാക്ക് നല്ലത് നോക്കീട്ട് ഒരെണ്ണം ചോദിച്ചാൽ കിട്ടും. എന്നിട്ട് ഇതൊക്കെ അതിലൊന്ന് ആക്കിക്കൊട്ക്ക്.”

“ചെല്ല്. നിയ്യും കൂടിച്ചെല്ല്.” മടിക്കുത്തിൽ നിന്നു നാലണ എടുത്തുകൊടുത്ത് ചാത്തപ്പനെ സ്നേഹപൂർവം ശകാരിച്ചു: “ചാത്തൂന്റെ അടുത്ത് പോയാൽ ചക്കിലാട്ടിയ എണ്ണ കിട്ടും. രണ്ട് നാഴി കൊള്ളണ വല്ല കുടുക്കയിലും ആക്കിത്തരാൻ പറയ്. എന്തൊരു കോലം പാടാണീ കാൺണത്! ന്ന് ട്ടൊന്ന് തേച്ച് കുളിയ്ക്ക് ന്റെ ചാത്തപ്പാ. ഒരു മനുഷ്യക്കോലം ആവട്ടെ!”

കൂട്ടുങ്ങലങ്ങാടി സന്ധിപ്പിൽ നിന്നു കടവിലേയ്ക്കുള്ള വഴിയിൽത്തന്നെയാണ് ആർത്താറ്റ് ചാത്തുവിന്റെ എണ്ണവ്യാപാരം. തൊട്ടടുത്തു തന്നെ മമ്മായി വാറുണ്ണി പലവ്യഞ്ജനങ്ങൾ കച്ചവടം ചെയ്യുന്നു.

നെല്ല് കൊയ്തെടുത്തുകഴിഞ്ഞാൽ പാടത്തെ നനവ് ഒഴിയും മുൻപെ, ധനു-മകരം മാസങ്ങളിൽ എള്ള് ഇടവിളയായി വിതയ്ക്കും. മീനച്ചൂടിൽ എള്ളിൻ കതിരുകൾ ഉഷ്‌ണിച്ചു കുമിയുമ്പോൾ മൊത്തമായി വിലയുറപ്പിച്ച് ചാത്തു വാങ്ങും. ആർത്താറ്റ് ചെമ്മണൂര് പാടത്തു നിന്നു തുടങ്ങി ചുറ്റുവട്ടമുള്ള ദേശങ്ങളിലെ എള്ള് മുഴുവൻ ഏറ്റെടുത്താൽ, അടുത്ത വിളവിന് അന്വേഷിച്ചാൽ മതി. സ്വന്തം കാളവണ്ടിയിൽ കൊണ്ടുവന്ന്, മഴയ്ക്കു മുൻപെ അവയെല്ലാം ഉണക്കിയെടുത്തു. അന്നന്നത്തെ വില്പനയ്ക്കുള്ളതു മാത്രം മരച്ചക്കിലിട്ട് ആട്ടിയെടുത്തു. കൂട്ടുങ്ങലങ്ങാടിയിൽ എത്തിയ്ക്കേണ്ട താമസമേയുള്ളൂ, ഉച്ചയ്ക്കു മുൻപേ വ്യാപാരം തീർന്നു.

വാറുണ്ണിയുടെ അപ്പനപ്പൂപ്പന്മാരുടെ കാലം തൊട്ടുള്ള ഏർപ്പാടാണ് അരിക്കച്ചവടം. വാക, പേനകം, അന്നകര, മധുക്കര, അയിനിക്കാട്, മുല്ലശ്ശേരി എന്നിങ്ങനെ കണ്ണെത്താദൂരം തെക്കോട്ടു നീണ്ടു പരന്നു കിടക്കുന്ന നെല്പാടങ്ങളിലെ നെല്ല് വാറുണ്ണിയുടെ അപ്പൻ ഇട്ടിച്ചൻ ഒന്നിച്ചു വിലയ്ക്കെടുത്തു. ഏറ്റെടുത്ത നെല്ല് പക്കം‌കുത്തുകാരെ വെച്ച് ഒരു ദിവസം ഒഴിവില്ലാതെ പച്ചയ്ക്കും പുഴുങ്ങിയുണക്കിയും കുത്തി അരിയാക്കി. കച്ചവടത്തിൽ വാറുണ്ണി അപ്പനെ മറികടന്നു. കൂട്ടുങ്ങലങ്ങാടിയിലും പാവറട്ടിയിലും ഇട്ടിച്ചനേക്കാൾ മകൻ വാറുണ്ണിയുടെ പേരാണു നാവിൻതുമ്പിലെത്തിയത്.

ഉണ്ണിപ്പാറന്റെ മകനെ കണ്ടതും വാറുണ്ണി തന്നെ പുറത്തു വന്നു. നല്ലൊരു കുട്ടിച്ചാക്ക് പ്രതിഫലമേതുമില്ലാതെ എടുത്തുകൊടുത്തു. കാശിലും കൂടുതൽ എണ്ണ, ഇടങ്ങഴി കൊള്ളുന്ന കുടുക്കയിൽ ചാത്തു പകർന്നുകൊടുത്തു.

രാഘവനും ശ്രീധരനും ചേർന്ന് പൊട്ടാതെ കളയാതെ സാമാനങ്ങളെല്ലാം കുട്ടിച്ചാക്കിലേയ്ക്ക് എടുത്തുവെച്ചു. താഴമ്പൂ മണക്കുന്ന പുത്തൻ കൈതോല സഞ്ചിയിൽ എന്തോ…പുറപ്പെടാൻ നേരം ഒരു സാധനം പാറമ്മാൻ ചാത്തപ്പനെ ഏല്പിച്ചു: “ഇത് ഭദ്രമായി കൊണ്ടുപോയി കൊടുക്ക്.”

എന്താണെന്നൊന്നും നോക്കിയില്ല. അതെന്തായാലും, പാറമ്മാന്റേയും മക്കളുടേയും സന്മനസ്സിൽ ചങ്കു നിറഞ്ഞ്, ‘ഇതൊക്കെ വേണോ’ എന്ന മട്ടിൽ മനമിടറി നിൽക്കെ, ‘സാരമില്ല, കൊണ്ടുപൊയ്ക്കോളൂ’ എന്ന അർത്ഥത്തിൽ പാറമ്മാൻ കണ്ണുചിമ്മി തല കൊടുത്തു.

“പിന്നൊരു കാര്യം പറയാനുള്ളത് എന്താണെന്നു വെച്ചാൽ…”

പാറമ്മാൻ ഇനിയെന്താണു പറയാൻ പോകുന്നതെന്നു കേൾക്കാൻ അനുസരണയോടെ ചാത്തപ്പൻ ചെവി കൂർപ്പിച്ചു.

“മേല്പോട്ടൊന്ന് നോക്ക്യേ.”

ചാത്തപ്പൻ മുകളിലേയ്ക്കു നോക്കി. കച്ചേരിവളപ്പിൽ വളർന്നു പന്തലിച്ച്, പെരുവഴിയിലേയ്ക്കു ചാഞ്ഞു കുട നിവർത്തിയ തണൽമരങ്ങൾ. മരം നിറഞ്ഞ് കലമ്പി, കാക്കകൾ.

“കണ്ട്വോ?”

പ്രത്യേകിച്ചൊന്നും മനസ്സിലായില്ലെങ്കിലും, കണ്ടതായി ചാത്തപ്പൻ തലയിളക്കി.

“എന്ത് കണ്ടൂ?”

“കാക്ക.”

“അതിലും മേല്പോട്ടൊന്ന് നോക്ക്.”

“ഉം!”

വട്ടമുറത്തോളം പരന്ന്, അപ്പൂപ്പന്താടിപോലെ മാനത്തൊഴുകുന്ന പറവകൾ, പരുന്തുകൾ.

“എന്താ?”

“കുവ്വ.”

“ഉവ്വാ?”

“ഉം…” ചാത്തപ്പനൊന്നും മനസ്സിലോടിയില്ല.

“അയ്‌ന്റെ കൊക്കും ചുണ്ടും കണ്ട്വോ?”

ഇല്ലെന്നു ചാത്തപ്പൻ നോട്ടത്തിലും ഭാവത്തിലും വ്യക്തമാക്കി.

“കാക്കയെ അടുത്ത് കാണാം. കണ്ണും കാലും നഖങ്ങളും ഒളിപ്പിച്ചിട്ട് വട്ടമിട്ട് പറക്കണ പരുന്തിനെ അകലെക്കാണാം. ഇത് രണ്ടിനുമിടയിലുണ്ടൊരാൾ, ഇർളാടൻ. ചിമ്മിയ കണ്ണുകൾ തുറക്കാനിടയുണ്ടാവില്ല; കൊണ്ടുപോയിട്ടുണ്ടാവും!”

മനസ്സിലായതിലും പാതി പിടി കിട്ടാതെ ചാത്തപ്പൻ നോക്കി നിന്നു.

“മൻസ്സിലായോ നെനക്ക്?” ഒച്ചയില്ലാതെ പാറമ്മാന്റെ ശബ്ദം കനത്തുകേട്ടു.

“ഉവ്വ്…”

“എന്തുവ്വ്?” രൂക്ഷം, പാറമ്മാൻ നോക്കി.

“ശെർദ്ദിക്കണം ന്ന്.”

“അതെ, ശ്രദ്ധിയ്ക്കണം. പാടത്ത് പെരുങ്ങണ മൈനേനല്ല നോക്കണ്ടത്. കണ്ണെത്താ ദൂരത്തെ പരുന്തിനെ കാണണം. കണ്ണ് വെട്ടിച്ച് തഞ്ചം പാർത്തിരിയ്ക്കണ ഇർളാടനെ നോക്കണം. തീയും വെളിച്ചവും കാൺണ്‌ണ്ടെങ്കിൽ കണ്ണും കാതും തുറന്നിരിയ്ക്കണം. കേട്ടാ?”

“കേട്ടു.”

“എന്ത് കേട്ടു?”

“കണ്ടും കേട്ടും നടക്കണം ന്ന്…” ചാത്തപ്പന് ഏറെക്കുറെ രൂപം കിട്ടി.

“അതന്നെ! കണ്ടും കേട്ടും നടക്കണം. ഏതുറക്കത്തിലും ഒരു കണ്ണും കാതും തുറന്നിരിയ്ക്കണം.” പാറമ്മാൻ സൂചന കൊടുത്തു.

“ഉവ്വ്…ചെയ്തോളാം…” ചാത്തപ്പൻ അങ്കലാപ്പോടെ ഏറ്റു.

“ഞെങ്ങളൊക്കെ ഇവ്‌ടെണ്ടല്ലോ, പേടിയ്ക്ക്യൊന്നും വേണ്ട.” ചാത്തപ്പന്റെ പരിഭ്രമം കണ്ട്, ഇത്തിരി ദൂരം ഒപ്പം നടന്ന്, പാറമ്മാൻ ധൈര്യം പകർന്നു. “ഞാൻ നെന്നെ പേടിപ്പിയ്ക്കാൻ വേണ്ടി പറഞ്ഞതല്ല. അഥവാ, പന്തികേട് വല്ലതും തോന്ന്വാണെങ്കിൽ അമാന്തിക്കരുത്. തന്നേക്കാളും വിലപ്പെട്ടതാണ് മറ്റൊരാളുടെ ജീവനെന്ന് എപ്പഴും ഓർമ്മേണ്ടായാൽ മതി.”

ചാത്തപ്പൻ നടന്നിട്ട് നീങ്ങുന്നുണ്ടായിരുന്നില്ല. കനം വെച്ചതുപോലെ കാലുകൾ കുഴഞ്ഞു.

“പേടിയ്ക്കെണ്ടടോ. പേടിച്ചാൽപ്പിന്നെ ഒരു കാര്യോം നടക്കില്ല. ചെലതൊക്കെ ഇവ്‌ടെ അറിയണ്‌ണ്ട്. തരം പോലെ ഒരു ദെവസം കെഴക്കോട്ടൊന്ന് വായോ. എന്തെങ്കില്വൊരു വഴി കാണാതിരിയ്ക്കില്ല.”

ഭയപ്പെടാനൊന്നുമില്ലെന്നു പാറമ്മാൻ ധൈര്യം കൊടുത്തെങ്കിലും ചാത്തപ്പൻ വിവശനായി. നടന്നിട്ടും നടന്നിട്ടും വഴി നീങ്ങിയില്ല! മുക്കിലും മൂലയിലും ഭയം കാത്തുനിന്നു. പിന്നാലെ ആരെങ്കിലും വരുന്നുണ്ടോയെന്നു സംശയപ്പെട്ടു. വഴിയാണെങ്കിൽ ഇരട്ടിച്ചതുപോലെ തോന്നി. പലയിടങ്ങളിലായി നിന്നിട്ടും ഇരുന്നിട്ടും നടന്നിട്ടും വീടെത്താൻ നേരം ഇത്തിരി എടുത്തു.

ചില്വാനങ്ങളുടെ കുട്ടിച്ചാക്ക് വാതിൽക്കൽ എത്തിച്ചുവെച്ച് ഉമ്മറത്തു മലർന്നു കിടന്നു.

‘ഇതെന്താ, എന്നുമില്ലാത്തൊരു കിടപ്പ്!’ വാതിൽക്കലെത്തിയ തമ്പുരാട്ടി മനസ്സുടക്കി നോക്കി. കുട്ടിച്ചാക്ക് സാധനങ്ങൾ വേഗം അകത്തേയ്ക്കെടുത്തു വെച്ചു. തളർന്നു കിടക്കുന്ന ചാത്തപ്പനു കിണ്ണം നിറയെ ചാമയുടെ കഞ്ഞിവെള്ളം കൊണ്ടുപോയി കൊടുത്തു. അതും വാങ്ങിക്കുടിച്ച്, ചിറി തുടച്ച്, വെറും നിലത്തു വീണ്ടും കിടന്നു. അകത്തു നിന്നു പായ എടുത്തുകൊണ്ടുവന്ന് വിരിച്ചു കൊടുത്തപ്പോൾ അതിലേയ്ക്കു മാറിക്കിടന്നു.

പൊളി ചാരിയ വാതിൽക്കൽ, തെളി വീണ പകൽവെട്ടത്തിൽ, തടുക്കു വിരിച്ചതിൽ കാലൊതുക്കി തമ്പുരാട്ടിയിരുന്നു. ചാക്കിലുള്ള പലവ്യഞ്ജനങ്ങൾ ഓരോന്നായി, പൊതിയഴിയ്ക്കാതെ മണത്തുനോക്കി പിറകിലേയ്ക്കു വെച്ചു. ഇക്കുറി കൊണ്ടുവന്നിട്ടുള്ള സാധനങ്ങൾ ഓരോന്നും പുതുപുതു അർത്ഥങ്ങളായി ചിന്താക്കുഴപ്പമുണ്ടാക്കി.

സുഗന്ധപൂരിതമായ കൈതോലസഞ്ചി തിരിച്ചും മറിച്ചും മണത്തുനോക്കി, മാറ്റിവെച്ചു. കുടുക്കയിലെ എണ്ണ മണത്ത് മനച്ചക്കിലാട്ടി: നല്ല മണം! വീണ്ടും വീണ്ടും മണത്തു വലിച്ചു. ഇത്തിരി സ്വാദു നോക്കി. കുടുക്കയടക്കം വലിച്ചുകുടിയ്ക്കാനുള്ള പൂതി തോന്നി…

പുത്തങ്കലം! തട്ടിയും മുട്ടിയും ചരിഞ്ഞും നോക്കി, കൗതുകം പൂണ്ടു. അതിനിടയ്ക്കു ചിരിയും വന്നു. ചിരിച്ചുകൊണ്ടുതന്നെ ചോദിയ്ക്കുകയും ചെയ്തു: “പുത്തൻകലം വാങ്ങിക്കൊണ്ടുവന്നിട്ടുണ്ടല്ലോ. പുത്തരിയെവിടെ?”

ചാത്തപ്പൻ ഉണർന്നു. ചോദിച്ചതു ശരിയാണല്ലോ. പുത്തരിയ്ക്ക് പുതുനെല്ലു വേണ്ടേ. എവിടന്നു കൊണ്ടുവരും? അതാരോടു ചോദിയ്ക്കും? നെല്ല് കുത്തി കഞ്ഞിവെയ്ക്കാൻ പണിമക്കൾക്ക് അവകാശമില്ല. അറിഞ്ഞാൽ തല പോകണ കാര്യമാണ്. ചാമയ്ക്കു പണിയെടുക്കാനാണ് എന്നുമുള്ള യോഗം…

ചിറികോട്ടി വലിച്ചുപിടിച്ച് ചിന്തിച്ചു. തെക്കും വടക്കും നടന്നു. കിഴക്കുപടിഞ്ഞാറ് മുറ്റം അടിയളന്നു. മാനം മുഴുക്കെ അരിച്ചുപെറുക്കിയപ്പോഴാവണം, പോക്കുവെയിലിലൊരു കീറ് മുഖത്തു വീണത്.

ഏതായാലും അന്തി മയങ്ങട്ടെ. അങ്ങനൊരു മോഹംണ്ടെങ്കിൽ സാധിപ്പിച്ചു കൊടുക്കണം. എന്നിട്ട് തലയങ്ങ്‌ട്ട് പോയാലും ഒരു കൊഴപ്പോം‌ല്യ!

നേരം നല്ലവണ്ണം ഇരുട്ടായപ്പോൾ കുട്ടിച്ചാക്കെടുത്ത് ചാത്തപ്പനിറങ്ങി…

മാറ്റിവെച്ചിരുന്ന വസ്തു വളരെ സൂക്ഷിച്ച് തമ്പുരാട്ടി കൈയിലെടുത്തു. പിന്നേയും പിന്നേയും ചൂരടിച്ചു നോക്കി. കൗതുകപൂർവം കൈതോലക്കുരുക്കുകൾ ആയത്തിലഴിച്ചു. ചെല്ലപ്പെട്ടിയോളമില്ല. തേൻവരിക്കപ്ലാവിൻ പലകയിൽ കടഞ്ഞ്, ചിത്രപ്പണികളിൽ മിനുക്കിയ, ചന്ദനവർണത്തിൽ കൈയടക്കമുള്ളൊരു ചെപ്പ്!

പുറംകാഴ്‌ചയിൽ തന്നെ മനം കുളിർത്തു. കാണെക്കാണെ ഉത്സാഹം ഏറിയേറി വന്നു. കാലകത്തി കവച്ചുവെച്ച്, ഇടംകൈയിൽ പെട്ടി നടയ്ക്കൽ വെച്ചു. മുന്നിലേയ്ക്ക് അല്പം കമഴ്‌ന്നു ചാഞ്ഞ്, പെരുവിരലിൽ പെട്ടിയുടെ സൂത്രം തിരിഞ്ഞു…

പതുക്കെ, വളരെപ്പതുക്കെ, ഇളകാതെ ചെരിയാതെ പെട്ടി തുറന്നു. മെല്ലെമെല്ലെ തുറക്കുന്തോറും ഹരിചന്ദനഗന്ധം പരന്നു! ചെപ്പു തുറന്നുകണ്ട കാഴ്‌ചയിൽ തമ്പുരാട്ടി അതിശയപ്പെട്ട് വാ തുറന്നു!

തിരുമാംഗല്യം നൂൽച്ചരട് അർത്ഥപ്പൂവ് കുങ്കുമം!!

കരളല്ലികളിൽ ശലഭം വിങ്ങിത്തത്തി…

യാതൊന്നുമറിയാത്ത മട്ടിൽ, തളർച്ചയഭിനയിച്ച് ഉമ്മറത്തു വന്നു കിടന്നയാളാണോ, ഇതൊക്കെ വാങ്ങിക്കൊണ്ടുവന്നത്! വിശ്വസിയ്ക്കാനായില്ല.

‘ഇങ്ങോട്ടു വരട്ടെ, കള്ളൻ! കാണിച്ചുകൊടുക്കാം.’

പ്രേമസാന്ദ്രം, നിധികുംഭങ്ങളുണർന്നു.

പാൽക്കുടങ്ങളിൽ സ്നേഹം കിനിഞ്ഞു…

ആമോദത്തിരകളിൽ നനഞ്ഞൊട്ടി, പ്രണയം വിവശം കുറുമ്പരിച്ചു.

മംഗല്യച്ചെപ്പെടുത്ത് മാറോടു ചേർത്തുവെച്ച്, ഭക്ത്യാദരവോടെ തമ്പുരാട്ടി മന്ത്രിച്ചു:

നിനക്ക്…

നിനക്കായി

നിനക്കുവേണ്ടി മാത്രമായി പിറന്നതാണീ സുഭദ്ര!

നിൻ ശ്വാസക്കാറ്റേറ്റു മരിയ്ക്കുവാൻ

പിറക്കണമെനിയ്ക്കിനിയും നൂറു ജന്മം!!

 

(തുടരും: ‘ഉതിർമണികൾ’)

(വരികൾ: ‘വേദാരണ്യം’, സജി വട്ടംപറമ്പിൽ)

______________________________________________________________________________

 

രചനയെപ്പറ്റിയുള്ള പ്രതികരണങ്ങൾ താഴെക്കാണുന്ന ഐഡികളിൽ ഏതെങ്കിലുമൊന്നിലേയ്ക്ക് ഈമെയിലായി അയച്ചുതരിക:

blogezhuththulokam@gmail.com

blogezhuththulokam@outlook.com

 

‌___________________________________________________________________‌___________

വേദാരണ്യത്തിന്റെ മുൻ അദ്ധ്യായങ്ങളുടെ ലിങ്കുകൾ:

വേദാരണ്യം അദ്ധ്യായം 12: മകരച്ചൊവ്വ

വേദാരണ്യം അദ്ധ്യായം 11: കൃഷ്‌ണതുളസി

വേദാരണ്യം അദ്ധ്യായം 10: ഗൃഹപ്രവേശം

വേദാരണ്യം അദ്ധ്യായം 9: പാഥേയം

വേദാരണ്യം അദ്ധ്യായം 8: ജലമൗനം

വേദാരണ്യം അദ്ധ്യായം 7: കാവ് തീണ്ടൽ

വേദാരണ്യം അദ്ധ്യായം 6: ഊരുവലം

വേദാരണ്യം അദ്ധ്യായം 5: പുലപ്പേടി

വേദാരണ്യം അദ്ധ്യായം 4: ജനനി

വേദാരണ്യം അദ്ധ്യായം 3: കൈതമുള്ള്

വേദാരണ്യം അദ്ധ്യായം 2: കുരുപ്പ്

വേദാരണ്യം അദ്ധ്യായം 1 വൈലിത്തറ

______________________________________________________________________________

ബ്ലോഗെഴുത്തുലോകത്തിലെ മറ്റു ലിങ്കുകൾ

ബ്ലോഗെഴുത്തുലോകം ഒന്നാം പേജ്

നിബന്ധനകൾ, മുന്നറിയിപ്പുകൾ, അറിയിപ്പുകൾ

രചനകളുടെ സമ്പൂർണലിസ്റ്റ്

ബ്ലോഗെഴുത്തുലോകം രചയിതാക്കളുടെ ലിസ്റ്റ്

ബ്ലോഗെഴുത്തുലോകത്തിലെ മറ്റു ലിങ്കുകൾ

‌___________________________________________________________________‌___________

Advertisements

About ബ്ലോഗെഴുത്തുലോകം

മലയാളം ബ്ലോഗെഴുത്തുകാർക്കു ‘ബ്ലോഗെഴുത്തുലോക’ത്തിലേയ്ക്കു ഹാർദ്ദമായ സ്വാഗതം.
This entry was posted in കഥ കവിത ലേഖനം, ബ്ലോഗുകൾ, ബ്ലോഗെഴുത്തുലോകം, ബ്ളോഗെഴുത്തുലോകം, മലയാളം and tagged , , , , , , , , , , . Bookmark the permalink.