ബ്ലോഗെഴുത്തുലോകം വാരം 003 രചന 07

വേദാരണ്യം അദ്ധ്യായം 12: മകരച്ചൊവ്വ (നോവൽ)

രചന: സജി വട്ടംപറമ്പിൽ

ഈമെയിൽ:  sajivattamparambil@yahoo.com

 

ചാത്തപ്പന് കുളി ഒരു ശീലമായി.

ആദ്യം തമ്പുരാട്ടി കുളിച്ചു. കുളി കഴിഞ്ഞ്, ഒരുപിടി തീർത്ഥമായി ചാത്തപ്പനെ വലംവെച്ചു.

ശുദ്ധമുള്ള ദിവസങ്ങളിലെല്ലാം ഇതു പാലിച്ചു.

എന്താണ്, എന്തിനാണ്…ചാത്തപ്പൻ അറിഞ്ഞില്ല.

ഒരനുഷ്ഠാനം പോലെ, ചാത്തപ്പൻ മുറ്റത്തു കൂട്ടിരുന്നു.

തമ്പുരാട്ടി അകത്തു കയറി. അടുപ്പത്തിരിയ്ക്കുന്ന കാഞ്ഞ വെള്ളം കലത്തോടെ മറപ്പുരയിലേയ്ക്കെടുത്തു. ചാത്തപ്പനെ ദിനവും കുളിപ്പിച്ചു!

പുലർച്ചയ്ക്കു വെള്ളം നനയാൻ ചാത്തപ്പൻ കൂട്ടാക്കിയില്ല. കാറ്റ്, തണുപ്പ്, നിദ്രാഭംഗം. അതിലപ്പുറം വരും ശീലമില്ലായ്‌മ.

അതൊന്നും തമ്പുരാട്ടി മുഖവിലയ്ക്കെടുത്തില്ല. പിടിച്ചിരുത്തി കുളിപ്പിച്ചു. പിടിയിലൊതുങ്ങുന്നതായിരുന്നില്ല, കാടൻ കരുത്ത്! അതെങ്ങിനെയോ ഒരു ശാസനയിലൊതുക്കാൻ സാധിച്ചു.

ചാത്തപ്പൻ അലക്കുകല്ലിൽ നനഞ്ഞുവിറച്ചു.

തമ്പുരാട്ടിയുടെ ലാളനയിലും ചാത്തപ്പൻ ഇറങ്ങോണിച്ചു1. കിണുങ്ങുന്ന കുട്ടിയ്ക്ക് ഒരടിയും കിട്ടി; കപ്പലപ്പുറത്ത്. നനഞ്ഞ കൈ കൊണ്ടു തല്ലിയതിൽ അവർക്കു നൊന്തു… ഉടനെ അവിടം തമ്പുരാട്ടി തലോടിക്കൊടുത്തു. തലയിൽക്കൂടി വെള്ളം ധാര കോരിയൊഴിച്ചു.

ഹ് ഹ് ഹ് ഹേ…യ്! ചാത്തപ്പൻ കുടഞ്ഞു കുളിച്ചു.

കണ്ണൻ‌‌ചിരട്ടയിൽ മുക്കിക്കോരി ഒഴിച്ചുകൊടുത്താൽ, ചാത്തപ്പൻ കുളിച്ചു. മാറി നിന്നാൽ ചാത്തപ്പനും മാറി. തരം കിട്ടിയാൽ കല്ലിൽ ഇരുന്നങ്ങനെ ഉറങ്ങുകയും ചെയ്യും! കുളിച്ചു വന്നാലും ചുരുണ്ടുകിടക്കണമെന്നാണു മോഹം. നേരം വെളുത്തിട്ടും ഉറക്കം തെളിയാതെ, ചാത്തപ്പന്റെ മപ്പ്2 വിട്ടുപോയില്ല. അതിനാൽ, കുളിയ്ക്കാൻ വിളിയ്ക്കുമ്പോഴെല്ലാം ചാത്തപ്പൻ പിന്നാക്കം നടന്നു…

ദിനവും കുളിച്ചു പണിയ്ക്കിറങ്ങുന്ന ചാത്തപ്പൻ പണിമക്കൾ എല്ലാവർക്കും കൗതുകമായി!

“ദ് ന്താണ്ടാ നനക്ക് പറ്റീത്!” ചോദിയ്ക്കാത്തവരായി ആരുമില്ല. കണ്ടവരെല്ലാം ചോദിച്ചു: “നിയ്യ് പണിയ്ക്ക് വന്നതാ, അതോ, പെണ്ണ് കാണാൻ വന്നതാ?”

“പെണ്ണ് ശെര്യായ്ട്ട്ണ്ടാ ചാത്തപ്പാ?”

“നന്നെക്കാണാൻ ആരെങ്കിലും വരണ്‌ണ്ടാ, ചാത്തപ്പാ?”

ചാത്തപ്പനിലുണ്ടായ രൂപമാറ്റം ഇനിയാരും ചോദിയ്ക്കാനില്ല. കാര്യാന്വേഷണം മാത്രമല്ല. പരസ്പരം ചിന്തിച്ചും പുകഞ്ഞും അവരുടെ മനസ്സരിച്ചു.

അതൊന്നും ചാത്തപ്പൻ ഗൗനിച്ചില്ല. നേരത്തേ പണിസ്ഥലത്തെത്തി. ആരോടും അധികം വർത്തമാനത്തിനു നിന്നില്ല. ചോദിയ്ക്കുന്നതിനു മറുപടി പറഞ്ഞാൽ പറഞ്ഞു; ഇല്ലെങ്കിലില്ല. തരത്തിനു വല്ല മരവും കണ്ടാൽ, അതിന്മേൽ ചാരിക്കിടന്നുറങ്ങി. ആരോടും മിണ്ടേണ്ടല്ലോ. പണിയിൽ ശ്രദ്ധിച്ചു. കിട്ടിയതു തിന്നു. പ്രത്യേകം വല്ലതും കിട്ടിയാൽ തിന്നില്ല. അതങ്ങനെ തനിച്ചു തിന്നാൻ മനസ്സു വന്നില്ല. പൊതിഞ്ഞു കൈയിൽ പിടിച്ചു.

“അതാർക്കാണ്ടാ, ചാത്തപ്പാ?”

“ങൂ ഹും. ഞാൻ കുളിച്ചിട്ടേ തിന്ന്‌ണുള്ളോ.” അവിടെ നിർത്തി.

പെണ്ണുങ്ങളും തള്ളമാരും മൂക്കത്തു വിരൽ വെച്ചു. “ബാധ വല്ലതും കൂടീട്ട്ണ്ടാവും. അല്ലാണ്ട് ഇങ്ങനൊരു പകർച്ചേണ്ടാ?”

“പറയാൻ പറ്റില്യ. പ്രാന്തായിട്ടല്ലേ, തള്ള ഓടിപ്പോയിട്ട്‌ള്ളത്. അയ്‌ന്റെ ബാക്കി വല്ലതും പറ്റീട്ട്‌ണ്ടാവും!”

“ആവോ! എന്താ എവ്‌ട്യാന്ന് ആർക്കറിയാം!”

“ഏ…യ്! അതാവില്ല. ഇതിന് നല്ല വേത്തീം വൃത്തീം ഒക്കെ കാൺണ്‌ണ്ട്. വല്ല നായമ്മാര് പ്രേതങ്ങാന്യാവും!”

ആ പറഞ്ഞതിലെന്തോ ശരിയുണ്ടെന്നു ഭൂരിഭാഗം പേരും യോജിച്ചു. ചാത്തപ്പന്റെ ഭാവമാറ്റം അതുതന്നെയാണ് എടുത്തുകാണിയ്ക്കുന്നത്. പണ്ടൊരു നായര്ച്ചിപ്പെണ്ണ് ത്രിവേണിയിൽ ചാടി ഒലിച്ച് പോയിട്ട് ണ്ട് ത്രെ! അതിന്റ്യെങ്ങാനും വല്ലതും കൂടെക്കൂടീട്ട്‌ണ്ടാവും! അത് ശര്യാവും; പണിമക്കൾ എല്ലാവരും അതിലങ്ങോട്ട് ഉറച്ചു.

പൊക്കൻ സഞ്ചരിച്ചത് ആ വഴിയ്ക്കായിരുന്നില്ല. ആര് എന്തൊക്കെപ്പറഞ്ഞിട്ടും പൊക്കൻ അനങ്ങിയില്ല. ഉത്തരവാദിത്വമുള്ള ഒരു രക്ഷിതാവായി പൊക്കന്റെയുള്ള് ഉണർന്നിരുന്നു. ആ വഴിയ്ക്കു കാര്യങ്ങൾ വീക്ഷിയ്ക്കുകയും ചെയ്തു.

– ചാത്തപ്പൻ രണ്ടുദിവസം പണിയ്ക്കു വരാതിരുന്നത്

– ചാത്തപ്പനെ കാണാഞ്ഞ് വൈലിത്തറയ്ക്കെ പോയത്

– ചാത്തപ്പന്റെ ഒറ്റയ്ക്കുള്ള കുടിതാമസം

– വയ്യാണ്ട് കിടക്കുമ്പോൾ സഹായത്തിന് ഒരാളുടെ ആവശ്യകത

– ബന്ധുപ്പാടിലെ പെൺകുട്ടികൾ

ഒരു കാടനെ മെരുക്കാൻ അതു വേണം. ഒരു പെണ്ണ് ഒരു വിത്ത്. കരളിൽപ്പിടിച്ചു കിളിർത്തു കഴിഞ്ഞാൽ, ചാണകപ്പാറയോ ചെല്ലിയോ കരിമ്പാറയോ എന്തെങ്കിലുമാകട്ടെ, മണ്ണിന്റെ പ്രകൃതം മാറി, മനസ്സിന്റേയും! ഇനി വെച്ചുപൊറുപ്പിച്ചുകൂടാ. ആദ്യം കൂട്ടരുമായി ഒന്ന് ആലോചിയ്ക്കണം. ഏത് കൂട്ടര്? പൊക്കന്റെ വാക്ക് സ്വീകരിയ്ക്കാത്ത കൂട്ടക്കാരാരുമില്ല! കിള്ളിച്ചിപ്പെങ്ങൾടെ ചെക്കനെ അറിയാത്തോരും ഉണ്ടാവില്ല. എന്നിട്ട് മതി, അങ്ങോട്ടേയ്ക്ക് പോണത്…

പൊക്കൻ കൂട്ടിക്കിഴിച്ചത് ചാത്തപ്പനോടു പറഞ്ഞില്ല. ചാത്തപ്പനൊട്ടും അറിഞ്ഞതും ഇല്ല. ഒരോളം പോലെ ചാത്തപ്പൻ ചാത്തപ്പന്റെ വഴിയ്ക്കു പോയി, വന്നു. പൊക്കൻ കണ്ടു വെച്ച പെണ്ണും കല്യാണവും ചാത്തപ്പന്റെ മനസ്സിൽ ഏശിയില്ല. പൊക്കന്റെ നെഞ്ചിലത് കരടായി.

ചാത്തപ്പൻ നല്ലൊരു മനുഷ്യക്കോലമെടുത്തു!

തമ്പുരാട്ടി കുളിച്ചു. ചാത്തപ്പനെ പിടിച്ചിരുത്തി നെറുകയിൽ വെള്ളം പാർന്നു. ഒരു ചിരട്ട, രണ്ടു ചിരട്ട, മൂന്നു ചിരട്ട. നാലാമത്തെ ചിരട്ട വെള്ളം മുക്കുമ്പോൾ, ഒരു മിന്നായം!

കണ്ണടച്ചിരിയ്ക്കുന്ന ചാത്തപ്പനതു കണ്ടില്ല.

തോന്നിയതാവുമോ?

അല്ല!

ഇപ്രാവശ്യം തമ്പുരാട്ടി ശരിയ്ക്കും കണ്ടു: വിജനമായ പാടവരമ്പത്ത് ഒരു വെളിച്ചം! നിറം ചുവപ്പ്. അതെ. ഉയർന്നും താഴ്‌ന്നും ജീവൻ വെച്ച് തെക്കേ അരിക്, കിഴക്കോട്ട്.

നനയാൻ നനഞ്ഞു. പിന്നെ വെള്ളം വീഴാഞ്ഞ് ചാത്തപ്പൻ മകരക്കുളിരിൽ കിടുകിടാ വിറച്ചു.

“മതീല്ലേ? ഞാൻ എണീക്ക്യട്ടേ?” ചാത്തപ്പൻ തിടുക്കപ്പെട്ടു.

തോളിൽ പിടിച്ചമർത്തിയിരുത്തി, തമ്പുരാട്ടി കാതിൽ മന്ത്രിച്ചു: “ശ്…മിണ്ടല്ലെ.”

വെളിച്ചം നീങ്ങുന്ന ദിശയിലേയ്ക്കു വിരൽ ചൂണ്ടിക്കാണിച്ചു തമ്പുരാട്ടി ചോദിച്ചു: “അത് കണ്ട്വോ?”

ചാത്തപ്പൻ മുഖമൊന്നു തുടച്ചു. തല നിവർത്തിപ്പിടിച്ചു. കാണാഞ്ഞ്, കണ്ണുകൾ ചിമ്മിത്തുറന്ന്, പാത്തും പതുങ്ങിയും നോക്കി. ഒന്നും കണ്ടില്ല. ചാത്തപ്പൻ എഴുന്നേറ്റപ്പോൾ മിടിപ്പോടെ ചുറ്റിപ്പിടിച്ച് തമ്പുരാട്ടി പിറകിൽ ഒട്ടിനിന്നു. കവിളിൽ പിടിച്ച്, മുഖം തിരിച്ച് മറപ്പുരപ്പഴുതിലൂടെ ചൂണ്ടിക്കാണിച്ചുകൊടുത്തു. തമ്പുരാട്ടിയോളം ചാത്തപ്പനും കുനിഞ്ഞു നിന്നപ്പോൾ കണ്ടു. കണ്ടപാടെ ചാത്തപ്പനത് മനസ്സിലാവുകയും ചെയ്തു:

“അത് ചൂട്ടാണ്. ആരെങ്കിലും വഴീക്കൂടെ പോണതാവും.” ചാത്തപ്പൻ പിറുപിറുത്തു.

തമ്പുരാട്ടിയ്ക്കു വിശ്വാസം വന്നില്ല. തീയെന്നു പറഞ്ഞാൽ അഗ്നിയാണ്. നിറം ചുവപ്പ്. ചുടും. ഭയപ്പെടണം. സൂക്ഷിച്ചില്ലെങ്കിൽ ഒരു പൊരി മതി, കത്തിയാളാൻ!

ചൂട്ട് ഒരു വെളിച്ചം. അതുമൊരു ലക്ഷണമാവാം, ശുഭലക്ഷണം. അതെന്തായാലും, ഉറവിടം കണ്ടെത്തണം. ചാത്തപ്പനോട് അതു പറയുകയും ചെയ്തു: “ഒന്ന് പോയി നോക്കി വരൂ. ആരും കാണണ്ട, ട്ടോ.”

കേട്ട പാതി കേൾക്കാത്ത പാതി, തല പോലും തുടയ്ക്കാതെ ചാത്തപ്പൻ വിട്ടു. ശരവേഗക്കാറ്റിൽ, തമ്പുരാട്ടിയ്ക്കുള്ളിൽ ആറ്റക്കിളിയൊന്നു പിടഞ്ഞു. പുറത്തേയ്ക്കും അകത്തേയ്ക്കുമില്ലാതെ, കുളിമറപ്പഴുതിൽ, തൊഴുകൈയോടെ തമ്പുരാട്ടി വിളിച്ചു: “കൃഷ്‌ണാ…ഗുരുവായൂരപ്പാ…ആപത്തൊന്നുമില്ലാതെ കാത്തുകൊള്ളണേ…”

കത്തിച്ചുവീശിയ കോഞ്ഞാട്ടച്ചൂട്ടിൽ തീപ്പൊരി ആളിത്തെളിഞ്ഞു.

ചാത്തപ്പന്റെ ഊഹം ശരിയായിരുന്നു. വലംകോണിൽ നിന്ന് ഇടംകോണിലേയ്ക്ക്, ഇടംകോണിൽ നിന്നു വലംകോണിലേയ്ക്ക് ചാടി ചാത്തപ്പനെത്തി. അടുത്തെത്തിയപ്പോൾ അതു കൂടുതൽ ബോദ്ധ്യപ്പെടുകയും ചെയ്തു. എന്നിട്ടും പോരാഞ്ഞ് കണ്ടാണിപ്പുഴയോളം പിന്തുടർന്നു.

മകരം പിറന്നാൽ ആദ്യത്തെ ചൊവ്വ, മകരച്ചൊവ്വ. തട്ടകത്തും ചുറ്റുമുള്ള ദിക്കിൽ നിന്നും പെൺകിടാങ്ങൾ പുത്തൻകലവുമായി വാഴക്കാവിലമ്പലത്തിൽ പൂജയ്ക്കെത്തി. കലം മഴക്കാൻ – മയക്കാൻ – പോകുന്നു എന്നേ പറഞ്ഞുള്ളൂ. അതിനായി അവർ ആളൂരു നിന്നു കൊശവത്തികളെക്കൊണ്ടു പുത്തൻകലം വരുത്തിച്ചു. പകരം, കൊശവത്തിയ്ക്കു നാഴിയിടങ്ങഴി നെല്ലളന്നു കൊടുത്തു.

മകരക്കൊയ്‌ത്തു കഴിഞ്ഞാൽ കിട്ടിയതിലൊരു വീതം വാഴക്കാവിലമ്മയ്ക്ക്. കൊയ്യാൻ ഉള്ളവരായാലും ഇല്ലാത്തവരായാലും ഓരോ കുടുംബത്തിലും അമ്മ-അച്ഛമ്മമാർ, മക്കൾ-മരുമക്കൾ പെൺകിടാങ്ങളെ ചെയ്തു കാണിച്ചു ശീലിപ്പിച്ചു.

തട്ടകത്തൊരിടത്തും പതിരില്ല; വിളഞ്ഞതത്രയും നൂറു മേനി കടക്കും. നെല്ല്, കവുങ്ങ്, കല്പവൃക്ഷം എന്നിങ്ങനെയെല്ലാ വിളകളുടെ കാര്യത്തിലായാലും മനുഷ്യരുടെ കാര്യത്തിലായാലും മാറ്റമില്ല. മണിമണിയായ നെന്മണി പോലത്തെ പെൺമണികൾ കൊഴുത്തുരുണ്ട് തിരണ്ടുകുളിച്ചു. കടഞ്ഞെടുത്ത കരിങ്ങാലിക്കാതൽ പോലുള്ള വാലിയക്കാർ ആണുങ്ങൾ ആണ്ടറമ്പിലും3 ചങ്കരം‌കുളത്തിലും ഹനുമാൻതറയിലും മദിച്ചു പുളച്ചു.

“ഇക്കൊല്ലത്തെപ്പോലെ അടുത്ത കൊല്ലവും ഞങ്ങളെ കുഞ്ഞുമക്കളെ കാത്ത് പരിപാലിച്ചുകൊള്ളണേ, അമ്മേ, ദേവീ…” കിടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും മുത്തശ്ശിമാർ കിടക്കപ്പായിൽ പ്രാർത്ഥിച്ച് നെറുകയിൽ തൊട്ട് നെഞ്ചേറ്റി, മൂന്നു പ്രാവശ്യം. ഉണ്ണീരിമുത്തപ്പന്റെ തട്ടകം കാത്തു കൈക്കൊള്ളുവാൻ വാഴക്കാവിലമ്മ വിളിപ്പുറത്തു നിന്നു!

തലയിൽ തെരികയിൽ പുത്തൻകലവും, കക്ഷത്ത് ഒരു കെട്ട് ഉണക്കോലത്തുമ്പും പിടിച്ച്, നാനാദിക്കിൽ നിന്നും വരിവരിയായി പെൺകിടാങ്ങൾ നെടുവരമ്പേറി വന്ന് തട്ടകത്തമ്മയ്ക്കു പുത്തരി വെച്ചു. പ്രാരബ്ധങ്ങൾ മറച്ചുവെച്ച പതിവ്രതകൾ പൂജച്ചോറിൽ ജീവിതം നേദിച്ചു. ബോധിച്ച ചെക്കനെ മോഹിച്ച കന്യക, ഉദ്ദിഷ്ടകാര്യസാദ്ധ്യത്തിനായി ഭഗവതിയ്ക്കു മധുരച്ചോറ് ഒരുക്കി. പൂജച്ചോറ് വേവൊത്താൽ അടുപ്പുംകണ്ണിയിൽ നിന്ന് ഇറക്കി താഴെ വെച്ചു. മൂന്നടി പിറകിലേയ്ക്കു മാറി ദേവിയുടെ അനുഗ്രഹത്തിനായി അവർ കാത്തു നിന്നു.

പൂജയ്ക്കായി നടയടച്ചു. ഈറനിറ്റുവീഴും മുടി തലയിളക്കി വെട്ടിച്ച്, ഞൊറിയിട്ട പട്ടിനു മീതെ ചുവപ്പ് കച്ചയും അരമണിയും കെട്ടി…ഈറനൊഴിയാത്ത മനസ്സും വാളും ചിലമ്പും കൈയ്യേന്തി, വെളിച്ചപ്പാട് നടയ്ക്കു നേരേ ധ്യാനിച്ചു നിന്നു.

ചാത്തപ്പൻ തിരിച്ചുവരുന്നതു വരെ തമ്പുരാട്ടി ഒറ്റശ്വാസത്തിൽ കാത്തുനിന്നു. മുറ്റത്തെത്തിയ ചാത്തപ്പനെ ഓടിച്ചെന്ന് കൂട്ടിപ്പിടിച്ച് അകത്തേയ്ക്കു കൊണ്ടുപോയി. പാതിവ്രത്യം സാക്ഷ്യമായി ദേവീസന്നിധിയിൽ പൂജയ്ക്കെത്തിയ പെൺകിടാങ്ങൾ തമ്പുരാട്ടിയ്ക്കുള്ളിൽ വിളങ്ങി!

അഴുക്കും മെഴുക്കും പുരണ്ട നാലുകെട്ടിനു പുറത്തെ പുതുമകൾ, കേട്ടിട്ടും കേട്ടിട്ടും മതി വരാത്ത നവ്യാനുഭവമായി. കേൾക്കാൻ, വായിയ്ക്കാൻ പുരാണങ്ങൾ. രസം പറഞ്ഞു ചിരിയ്ക്കാൻ ആത്തോലമ്മമാർ. സമയം പോക്കാൻ തിരുവാതിരക്കളിയും ചതുരംഗവും. എട്ടും പൊട്ടും തിരിയും മുന്നെ വേളി കഴിച്ച് മറക്കുടയ്ക്കുള്ളിൽ, പൂഴിത്തവളയോളമെത്തിയ മുതുക്കന്മാർക്കൊപ്പം പോലും ഒതുങ്ങിക്കഴിയേണ്ടുന്ന പെൺജന്മങ്ങൾ…

ജാതകവിധിയെ മാറ്റിമറിച്ചതെല്ലാം വാഴക്കാവിലമ്മയുടെ അനുഗ്രഹമാവാം. മനുഷ്യന്റെ മനസ്സറിഞ്ഞവർക്കേ മനുഷ്യനെ പ്രണയിയ്ക്കാനാവൂ. അതിനാലല്ലേ, വാഴക്കാവിലമ്മ മനുഷ്യനായ ഉണ്ണീരിമുത്തപ്പനെ പ്രണയിച്ചത്!

ഈ നിലാവും കുളിരും പച്ചപ്പും

കേൾക്കാത്ത കഥകളും വഴികളും മൊഴികളും

മണ്ണും മനുഷ്യനും മരങ്ങളും പുഴകളും

ഓരോന്നിനോരോരോ തനിമയും പുതുമയും!

മേലാകെ കോരിത്തരിച്ചു.

കൺമുന്നിൽ നിൽക്കുന്നയീ മനുഷ്യനെപ്പോലെ.

കഥകൾ ഓരോരോ വിചിത്രചിത്രങ്ങളായി ഉള്ളിൽ ആലോലമാടി.

ചാത്തപ്പന്റെ കൈകൾ രണ്ടും മാറോടമർത്തി ചേർത്തുപിടിച്ചു.

എന്നിട്ടും ഹൃദയം കടപ്പാടിൽ വീർപ്പുമുട്ടി.

വാഴക്കാവിലമ്മയെ മനസ്സറിഞ്ഞു വിളിച്ചു.

“അമ്മേ, ദേവീ, അവിടത്തെയീ പ്രസാദം എനിയ്ക്കുള്ളതാണ്…

കാത്തുകൈക്കൊള്ളണേ…”

ഭഗവതി വെളിച്ചപ്പെട്ടു!

വരിവരിയായി നിരത്തിവെച്ച പൊങ്കാലയിൽ പ്രീതി പൂണ്ട്, പുത്തൻകലങ്ങളിൽ അരിയും പൂവുമെറിഞ്ഞ്, പൂജയ്ക്കെത്തിയ കിടാങ്ങളെ ദേവി ആശീർവദിച്ചു.

തുള്ളിക്കയറിയ ഭഗവതി അമ്പലം മൂന്നു വലം ചുറ്റി, പടിഞ്ഞാറേ പാടത്തേയ്ക്ക് ഓടിയിറങ്ങി…

തിരുമേനിയും കഴകക്കാരും നടത്തിപ്പു നായന്മാരും നാട്ടുപ്രമാണികളും ഭക്തജനങ്ങളും കാര്യമറിയാതെ പിറകേ ഇറങ്ങിയോടി…

നെടുവരമ്പേറി പടിഞ്ഞാട്ടോടിയ ഭഗവതി കണ്ടാണിപ്പുഴയുടെ കിഴക്കേ തീരത്തെത്തി നിന്നു തുള്ളി.

ഓടിയെത്തിയ കഴകക്കാരിലൊരാൾ, നീട്ടിയ കൈയിലേയ്ക്ക് അരിയും പൂവും വെച്ചുകൊടുത്തു.

സ്വീകരിച്ചില്ല!

പുഴയുടെ തീരത്ത് തടിച്ചുകൂടിയ പുരുഷാരം ഇനിയെന്തു വേണമെന്ന് അന്ധാളിച്ചുനിൽക്കെ ഭഗവതി കിതച്ചു: “നീര് കൊണ്ടുവാ.”

കിണ്ടിയോടക്കനെ വെള്ളം വന്നു.

ഭഗവതി സ്വീകരിച്ചില്ല.

പകരം, കൈമലർത്തി നീട്ടിക്കാണിച്ചു.

കൈവെള്ളയിലേയ്ക്കു നീര് പകർന്നു.

നീരെടുത്തു ജപിച്ച്, ഭഗവതി പടിഞ്ഞാറേ കരയിലേയ്ക്കെറിഞ്ഞു; മൂന്നു പ്രാവശ്യം.

വലംകാലിൽ മുന്നോട്ടും

ഇടംകാലിൽ പിന്നോട്ടും

കുനിഞ്ഞു മലർന്ന് ഊന്നിവെച്ച്

പുഴയ്ക്കു കുറുകെ വാളുകൊണ്ട് ഭഗവതി വരഞ്ഞു!

“ആ കാടും പടലോം തെളിച്ച് പടിഞ്ഞാട്ട് ഭഗവതിയ്ക്ക് വഴി വേണന്നാവും,” മുത്തേടത്ത് കണ്ടുമ്മാൻ പൊരുളറിഞ്ഞു പറഞ്ഞു.

“ഹീയോ…ഹൊയ്…ഹൊയ് ഹൊയ്!”

മൂന്നു പ്രാവശ്യം അരിയും പൂവുമെറിഞ്ഞു പ്രസാദിച്ച് ഭഗവതി മൂലസ്ഥാനത്തേയ്ക്ക് ഓടിക്കയറി.

കണ്ടാണിപ്പുഴയ്ക്കു കുറുകെയൊരു പാലം കാലങ്ങളായി സ്വപ്നം കണ്ടു നടന്ന ജനങ്ങളെ തട്ടകത്തമ്മയുടെ വെളിപാട് അത്യധികം ഭക്തപരവശരാക്കി.

മകരച്ചൊവ്വയ്ക്കു പൊങ്കാലയർപ്പിയ്ക്കാൻ നാനാദിക്കിൽ നിന്നും കന്യകമാരെത്തി.

വന്നവർ വന്നവർ വാഴക്കാവിലമ്മയുടെ അനുഗ്രഹം നേടി ദീർഘസുമംഗലികളായിത്തീർന്നു!

(തുടരും: ‘ഏഴാം പൂജ’)

(വരികൾ: ‘വേദാരണ്യം’, സജി വട്ടംപറമ്പിൽ)

sajivattamparambil@yahoo.com

കുറിപ്പുകൾ:

1  ഇറങ്ങോണിച്ചു – അനിഷ്ടം പ്രകടിപ്പിച്ചു.

2  മപ്പ് – മത്ത്, ചൊക്ക്, ലഹരി, ഓളം എന്നെല്ലാം അർത്ഥമാക്കുന്നുണ്ട്. അപ്രകാരം ബോധമില്ലാതെ നടക്കുന്നവനെ മലബാറിൽ ഇപ്പഴും മപ്പൻ എന്നു പരിഹസിയ്ക്കുന്നുണ്ട്.

3  ആണ്ടറമ്പ് – ആ പ്രദേശത്തുള്ളൊരു സ്ഥലം.

______________________________________________________________________________

രചനയെപ്പറ്റിയുള്ള പ്രതികരണങ്ങൾ താഴെക്കാണുന്ന ഐഡികളിൽ ഏതെങ്കിലുമൊന്നിലേയ്ക്ക് ഈമെയിലായി അയച്ചുതരിക:

blogezhuththulokam@gmail.com

blogezhuththulokam@outlook.com

‌___________________________________________________________________‌___________

വേദാരണ്യത്തിന്റെ മുൻ അദ്ധ്യായങ്ങളുടെ ലിങ്കുകൾ:

വേദാരണ്യം അദ്ധ്യായം 11: കൃഷ്‌ണതുളസി

വേദാരണ്യം അദ്ധ്യായം 10: ഗൃഹപ്രവേശം

വേദാരണ്യം അദ്ധ്യായം 9: പാഥേയം

വേദാരണ്യം അദ്ധ്യായം 8: ജലമൗനം

വേദാരണ്യം അദ്ധ്യായം 7: കാവ് തീണ്ടൽ

വേദാരണ്യം അദ്ധ്യായം 6: ഊരുവലം

വേദാരണ്യം അദ്ധ്യായം 5: പുലപ്പേടി

വേദാരണ്യം അദ്ധ്യായം 4: ജനനി

വേദാരണ്യം അദ്ധ്യായം 3: കൈതമുള്ള്

വേദാരണ്യം അദ്ധ്യായം 2: കുരുപ്പ്

വേദാരണ്യം അദ്ധ്യായം 1 വൈലിത്തറ

___________________________________________________________________________

ബ്ലോഗെഴുത്തുലോകത്തിലെ മറ്റു ലിങ്കുകൾ

ബ്ലോഗെഴുത്തുലോകം ഒന്നാം പേജ്

നിബന്ധനകൾ, മുന്നറിയിപ്പുകൾ, അറിയിപ്പുകൾ

രചനകളുടെ സമ്പൂർണലിസ്റ്റ്

ബ്ലോഗെഴുത്തുലോകം രചയിതാക്കളുടെ ലിസ്റ്റ്

ബ്ലോഗെഴുത്തുലോകത്തിലെ മറ്റു ലിങ്കുകൾ

‌___________________________________________________________________‌___________

 

 

Advertisements

About ബ്ലോഗെഴുത്തുലോകം

മലയാളം ബ്ലോഗെഴുത്തുകാർക്കു ‘ബ്ലോഗെഴുത്തുലോക’ത്തിലേയ്ക്കു ഹാർദ്ദമായ സ്വാഗതം.
This entry was posted in കഥ കവിത ലേഖനം, ബ്ലോഗുകൾ, ബ്ലോഗെഴുത്തുലോകം, ബ്ളോഗെഴുത്തുലോകം, മലയാളം. Bookmark the permalink.