ബ്ലോഗെഴുത്തുലോകം വാരം 003 രചന 05

വീണ്ടും ചില ആരോഗ്യചിന്തകൾ – 2  (ലേഖനം)

സജി വട്ടംപറമ്പിൽ

sajivattamparambil@yahoo.com

 

അച്ഛൻ, അമ്മ, സഹോദരൻ, സഹോദരി, സുഹൃത്ത്, ഭർത്താവ്, ഭാര്യ, മകൻ, മകൾ… ഇവരിലാരാണു നമുക്കേറ്റവും പ്രിയപ്പെട്ടവർ? ഇവരിലാരെയെങ്കിലും ഒഴിച്ചു നിർത്താൻ / ഒഴിവാക്കി നിർത്താൻ സാമൂഹ്യജീവിയായ മനുഷ്യർക്കാവുമോ? ഇല്ല തന്നെ. മരിച്ചു കഴിഞ്ഞാലും നമുക്കിവരാരേയും ഒഴിവാക്കി നിർത്താൻ പ്രയാസമാണ്. അതുകൊണ്ടു തന്നെയാണ് നമ്മെ വിട്ടുപോയവരെ നാമെല്ലാം സന്ദർഭങ്ങളിലും അല്ലാതെയും ശിഷ്ടകാലം മുഴുവൻ ഓർത്തുപോകുന്നത്!

മരണത്തോടെ അവരുടെ ദേഹത്തെ നമ്മൾ ഒഴിവാക്കുന്നു. ഓർമ്മകളെ വിട്ടുകൊടുക്കാൻ മനസ്സില്ല. അതു തന്നെയാണ് ഒറ്റരൂപ നാണയത്തിന്റെ കഥയും!

മരിച്ച വ്യക്തിയ്ക്കു വായ്ക്കരിയിടുന്ന ഒരേർപ്പാടുണ്ട്; പ്രത്യേകിച്ച് ഹൈന്ദവർക്കിടയിൽ. നെറ്റിയിൽ ഒരു നാണയവും പതിച്ചുവെയ്ക്കുന്നു. പഠിപ്പും അറിവും സംസ്കാരവും വളർന്നതിനൊപ്പം പതിവുകളിലും ആചാരങ്ങളിലുമെല്ലാം മാറ്റം വന്നു. എങ്കിൽപ്പോലും ഇന്ത്യയിലെ ചില ഭാഗങ്ങളിലും ഇതര ഏഷ്യൻ രാജ്യങ്ങളിലും ചിലതൊക്കെ അതാതിന്റെ തനിമയോടെ തന്നെ നിലനിൽക്കുന്നുണ്ട്.

നിലനിൽക്കുന്ന ആചാരത്തിലെ ആ ഒറ്റരൂപയ്ക്കെന്തു സംഭവിച്ചെന്ന് ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? ശവം കണ്ടുവന്നാൽ കുളിച്ചു ശരീരശുദ്ധി വരുത്തണമെന്നു പക്ഷിമൃഗാദികൾ പോലും മനസ്സിലാക്കി വെച്ചിരിയ്ക്കുന്നുണ്ട്. അതിനുള്ള സാദ്ധ്യതയുണ്ടെങ്കിൽ അവയതു നിർവഹിയ്ക്കുകയും ചെയ്യുന്നു. മനുഷ്യനും അതു ശീലിച്ചിട്ടുണ്ട്. പക്ഷേ, ആ ഒരു രൂപ?

മരണവീടുകളിലായാലും ആശുപത്രികളിലായാലും സന്ദർശനം നടത്തുന്നവർ, ധരിച്ചിരിയ്ക്കുന്ന വസ്ത്രമുൾപ്പെടെ പുറത്തുനിന്നു നനച്ചു കുളിച്ചുവേണം വീടിനകത്തേയ്ക്കു പ്രവേശിയ്ക്കേണ്ടതെന്ന് ആധുനികവൈദ്യശാസ്ത്രം അടിവരയിട്ട് അനുശാസിയ്ക്കുന്നുണ്ട്. (ആയുർവേദത്തിലോ പൗരാണികഗ്രന്ഥങ്ങളിലോ പ്രതിപാദിയ്ക്കുന്നുണ്ടെങ്കിൽ അവ ദഹനശേഷിയില്ലാത്തവർക്കു സ്വീകരിയ്ക്കാൻ പ്രയാസമാണ്.)

അഥവാ കുളിയ്ക്കുകയാണെങ്കിൽത്തന്നെ, ഫോൺ, പേഴ്‌സ്, വിസിറ്റിങ് കാർഡുകൾ, കടലാസ്സുകുറിപ്പുകൾ, പണം, ചെരിപ്പ് ഇത്യാദികളൊന്നും വെള്ളം തൊടാറില്ല. നമ്മൾ മൃതദേഹം കാണുകയുണ്ടായിട്ടില്ലെങ്കിലും, പിണത്തിന്റെ നെറ്റിയിൽ പതിച്ച ആ നാണയം നമ്മുടെ കൈവശം പോക്കറ്റിലോ പേഴ്‌സിലോ പുഴുകുന്നില്ലെന്ന് ആർക്കെങ്കിലും ഊഹിയ്ക്കാനാകുമോ?

അങ്ങനെ പകർന്നു വരുന്ന നാണയങ്ങൾ ഇന്ന് ‘ഒഴിവാക്കാനാകാത്ത’ നിലയിൽ എത്തിപ്പെട്ടിരിയ്ക്കുന്നു! ആ ഒറ്റരൂപ തൽക്കാലം അവിടെയിരിയ്ക്കട്ടെ. ഇനി നമുക്ക് ആശുപത്രിയിലേയ്ക്കൊന്നു പോകാം.

പനി, ജലദോഷം, തുടങ്ങി സോറിയാസിസ്, വയറിളക്കം, ക്ഷയം, മൂലവ്യാധി, എച് 1 എൻ 1 വരെയുള്ള പകർച്ചവ്യാധികളാൽ ആശുപത്രികളിലെത്തുന്ന രോഗികളും ബന്ധുക്കളും നമുക്കു നിത്യപരിചിതരാണല്ലോ. രോഗം പകരുന്ന വഴികളറിയാവുന്ന ഡോക്‌ടർമാർ ഉൾപ്പെടുന്ന ചികിത്സകർ ഉപദേശിയ്ക്കുന്ന വഴിയെന്താണ്? കൗണ്ടറിൽപ്പോയി പണമടച്ചു വരൂ!

പാക്കനാർ ഭാര്യയെ ഉപദേശിച്ചതു പോലെ (ആ കഥ പിന്നീടൊരിയ്ക്കൽ പറയാം) പണം ആളെക്കൊല്ലിയാണ്. പണം കൗണ്ടറിൽത്തന്നെ ഡിപ്പോസിറ്റായി ഇരിയ്ക്കുന്നില്ല. കാഷ്യർ മുഖേന വിനിമയം ചെയ്യപ്പെടുന്നു. അതു നമ്മിൽ പലരിലേയ്ക്കുമെത്തുന്നു, എത്തിക്കഴിഞ്ഞിരിയ്ക്കുന്നു…

തട്ടുകടകളിലും ഹോട്ടലുകളിലും ശീതളപാനീയങ്ങൾ വിൽക്കുന്നിടത്തും (വഴിവക്കുകൾ മാത്രമല്ല ഉദ്ദേശിയ്ക്കുന്നത്), പൊതുവേ ബേക്കറികളിലും മറ്റു ശുചീകരണത്തൊഴിലുകൾ ചെയ്യുന്നവരിലും നിന്നു കൈമാറ്റം ചെയ്യപ്പെടുന്ന നാണയങ്ങളും നോട്ടുകളും കാണുക. അധിക അളവിൽ ബാക്റ്റീരിയകൾ പെരുകുന്ന നോട്ടുകൾ നമ്മുടെ പോക്കറ്റിനുള്ളിൽ ഭദ്രമായിരിപ്പുണ്ട്. നിയമവശാൽ, തൊഴിലാളികളെല്ലാവരും ആരോഗ്യവകുപ്പ് അനുശാസിയ്ക്കുംപടി പ്രതിരോധകുത്തിവെപ്പുകൾ എടുത്തവരായിരിയ്ക്കും. അവരിലൂടെ കൊടുക്കലും വാങ്ങലും നടത്തുന്ന പണവും നമ്മളും…

മട്ടനും ചിക്കനും ഇല്ലാത്ത ഭക്ഷണം ഒരുവേള സങ്കല്പിയ്ക്കാനാവില്ല. വാസ്തവത്തിൽ, മരണവീടുകളിൽ പങ്കെടുക്കാനെത്തുന്ന ബന്ധുമിത്രകളത്രാദികളേക്കാൾ എത്രയോ മടങ്ങ് ആളുകളായിരിയ്ക്കും കല്യാണനിശ്ചയത്തിനും വിവാഹകർമ്മത്തിലും പങ്കുചേരുന്നതെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ചുരുക്കിപ്പറഞ്ഞാൽ, നമുക്ക് ഇറച്ചിക്കടയിലേയ്ക്കൊന്നു സഞ്ചരിയ്ക്കാം.

കൈയിൽ കൈയുറ (ഗ്ലൗസ്) ധരിച്ചാണല്ലോ കോഴിയേയും ആടുമാടുകളേയും കൊല്ലുന്നതും വെട്ടിമാറ്റുന്നതും. പണമിടപാട് എങ്ങനെയാണെന്നും കണ്ടിട്ടുണ്ടാവും. മനുഷ്യന്റേയോ മൃഗങ്ങളുടേയോ രക്തം വായുവുമായി സമ്പർക്കപ്പെടുമ്പോൾ നിമിഷങ്ങൾക്കകം ബാക്റ്റീരിയകളും സൂക്ഷ്‌മാണുക്കളും കൃമികീടങ്ങളും പെരുകിവരുന്നതാണ്. കേവലം ഒരുതുള്ളി രക്തക്കറയിലൂടെ വീട്ടകങ്ങളിലേയ്ക്കും ആനയിയ്ക്കപ്പെടുന്ന ആപത്തിനെ അറിഞ്ഞോ അറിയാതെയോ ഒന്നു തുടച്ച് നമ്മൾ പൊരുത്തപ്പെടുന്നു!

ബസ് കണ്ടക്‌ടർമാരിലൂടെയും ക്ലീനർമാരിലൂടെയും ഓരോ ദിവസവും കൈമാറ്റം ചെയ്യപ്പെടുന്ന നാണയത്തിന്റേയും പണത്തിന്റേയും കാര്യവും ഉൽക്കണ്ഠയുളവാക്കുന്നതാണ്. ഭിക്ഷാടനം ജീവിതവൃത്തിയാക്കിയവരിൽ നിന്നാണു മിക്കവാറും വ്യാപാരികൾ ചില്ലറ മൊത്തമായി ചോദിച്ചുവാങ്ങുന്നത്. അതപ്പടി മേശവലിപ്പിനുള്ളിലേയ്ക്കും, അവിടെ നിന്നു നേരിട്ട് ഇടപാടുകാരിലേയ്ക്കും തന്നെയാണെത്തുന്നത്. ഈ പട്ടിക ഇനിയുമെടുത്താൽ, നീണ്ടുപോകുക തന്നെ ചെയ്യും.

കൈയിൽ ബാക്റ്റീരിയകളെ (പണം) വെച്ചുകൊണ്ടു തന്നെയാണല്ലോ നമ്മൾ ആശുപത്രികളിലും മറ്റും ബന്ധുക്കളും മിത്രങ്ങളും ആയവരും അല്ലാത്തവരുമായ രോഗികളെ കാണാൻ പോകുന്നത്. ഇതിന്റെ പിറകിൽ ഒളിഞ്ഞിരിയ്ക്കുന്ന ഭീകരത തിരിച്ചറിയണമെങ്കിൽ അണുബാധ (ഇൻഫെക്ഷൻ) എന്ന ഒറ്റവാക്കു മതി.

ആരോഗ്യപരമായും സാമ്പത്തികമായും മുന്നേറ്റം നടത്തുന്ന നാടുകളിൽ കറൻസികൾ അഞ്ചുവർഷത്തിനകം തീയിട്ടു നശിപ്പിയ്ക്കുന്നതായി കാണുന്നു. എന്നാൽ, നമ്മളോ!

ഇതിനു പരിഹാരം കാണാൻ സാധാരണക്കാർക്കും വിനിമയം നടത്തുന്നവർക്കും സാധിയ്ക്കാതെ പോയെന്നു വരാം. എന്നാൽ, നാമോരോരുത്തർക്കും ഉത്തരവാദിത്വമുണ്ടെന്നതു മറക്കാവുന്നതല്ല. ബോധവൽക്കരണത്തിനുള്ള ബാദ്ധ്യത ഓരോരുത്തർക്കുമുണ്ടു താനും.

സ്വർണനാണയമായാലും വെള്ളിക്കാശായാലും നോട്ടായാലും ചില്ലറയായാലും പണം വായിലോ ചുണ്ടിലോ വെയ്ക്കുന്നത് ഒഴിവാക്കുക തന്നെ വേണം. ഉമിനീർ തൊട്ടുകൊണ്ടു പണമെണ്ണുന്ന പഴക്കം പാടേ ഉപേക്ഷിയ്ക്കണം. പുറത്തുപോയി വരുന്നവർ കൈകാലുകൾ കഴുകി അകത്തേയ്ക്കു പ്രവേശിയ്ക്കുന്നതു ശീലമാക്കണം. വീടിന്റെ ചവിട്ടുപടിയ്ക്കരികെ ഒരു ബക്കറ്റു വെള്ളവും ഒരു ഗ്ലാസ്സും ഒരിടത്തും അഭംഗിയല്ല. മറിച്ച്, ഒരു ടാപ്പിനേക്കാൾ ഗുണം ചെയ്യും.

ദിവസത്തിൽ രണ്ടുനേരമെങ്കിലും ഡെറ്റോൾ പോലുള്ള അണുനാശിനികളുപയോഗിച്ച് കൈകൾ ശുദ്ധമാക്കുക. (ഒരിടത്തരം ബക്കറ്റു നിറയെ വെള്ളത്തിൽ ഒരു തുള്ളി അണുനാശിനി ധാരാളം.) കറൻസി മൂലം പകരുന്ന ബാക്റ്റീരിയകളെ നിർമ്മാർജനം ചെയ്യാനുള്ള വഴികൾ ഉപയോഗപ്പെടുത്തണം. (അതിനായി ഉള്ളതൊക്കെ തീയിട്ടു നശിപ്പിച്ചാൽ ഇതെഴുതുന്നയാൾ ഉത്തരവാദിയല്ല!) കുറഞ്ഞപക്ഷം, നല്ല അറിവുകൾ എല്ലാവരിലേയ്ക്കും പകരുക.

(ഈ കുറിപ്പിന് ആധാരം ഞങ്ങൾ (കാർത്തികസ്വാമി) രണ്ടുപേരുടെ മാത്രം ചർച്ചയായിരുന്നു. വിവാദങ്ങൾക്കും സംവാദങ്ങൾക്കും ഞങ്ങളില്ല, മാപ്പ്.)

(വരികൾ: വീണ്ടും ചില ആരോഗ്യചിന്തകൾ-2. സജി വട്ടംപറമ്പിൽ)

______________________________________________________________________________

രചനയെപ്പറ്റിയുള്ള പ്രതികരണങ്ങൾ താഴെക്കാണുന്ന ഐഡികളിൽ ഏതെങ്കിലുമൊന്നിലേയ്ക്ക് ഈമെയിലായി അയച്ചുതരിക:

blogezhuththulokam@gmail.com

blogezhuththulokam@outlook.com

‌___________________________________________________________________________

ബ്ലോഗെഴുത്തുലോകത്തിലെ ലിങ്കുകൾ

ബ്ലോഗെഴുത്തുലോകം ഒന്നാം പേജ്

നിബന്ധനകൾ, മുന്നറിയിപ്പുകൾ, അറിയിപ്പുകൾ

രചനകളുടെ സമ്പൂർണലിസ്റ്റ്

ബ്ലോഗെഴുത്തുലോകം രചയിതാക്കളുടെ ലിസ്റ്റ്

ബ്ലോഗെഴുത്തുലോകത്തിലെ ലിങ്കുകൾ

സമ്മാനാർഹമായ രചനകൾ

___________________________________________________________________________

 

 

About ബ്ലോഗെഴുത്തുലോകം

മലയാളം ബ്ലോഗെഴുത്തുകാർക്കു ‘ബ്ലോഗെഴുത്തുലോക’ത്തിലേയ്ക്കു ഹാർദ്ദമായ സ്വാഗതം.
This entry was posted in കഥ കവിത ലേഖനം, ബ്ലോഗുകൾ, ബ്ലോഗെഴുത്തുലോകം, ബ്ളോഗെഴുത്തുലോകം, മലയാളം and tagged , , , , , , , , , , . Bookmark the permalink.