ബ്ലോഗെഴുത്തുലോകം വാരം 003 രചന 04

സൃഷ്ടിയും ആഹാരവും (ലേഖനം)

രചന: സജി വട്ടംപറമ്പിൽ

ഈമെയിൽ: sajivattamparambil@yahoo.com

 

മാംസം മനുഷ്യന്റെ ആഹാരമാണോ?

സൃഷ്ടി-സ്ഥിതി സവിശേഷതകൾ പ്രകാരം മനുഷ്യന് സസ്യാഹാരമാണോ മാംസാഹാരമാണോ ചേർന്നതെന്നു നോക്കാം.

സൃഷ്ടിപരമായി രണ്ടു പ്രത്യേക പിറവികളെ കാണാനാവും:

 1. സസ്യാഹാരം മാത്രം ഇഷ്ടപ്പെടുന്ന ജീവിവർഗങ്ങൾ.
 2. മാംസം ഭക്ഷിയ്ക്കുന്ന ജീവിവർഗങ്ങൾ.

ഈ രണ്ടു വർഗങ്ങളേയും ലളിതമായി നിരീക്ഷിച്ചാൽ മനുഷ്യൻ ഏതു ഗണത്തിൽ പെടുന്നെന്നു മനസ്സിലാക്കാവുന്നതാണ്.

ആടുമാടുകൾ, കഴുത, കുതിര, മാൻ, ആന തുടങ്ങിയവയെല്ലാം സസ്യാഹാരം മാത്രം ഉപയോഗപ്പെടുത്തുന്നവയാണെന്നു കാണാം. മാംസാഹാരപ്രിയരായി നായയിലും പൂച്ചയിലും തുടങ്ങി, സിംഹം, പുലി എന്നിങ്ങനെ ഒട്ടനവധി ജീവിവർഗങ്ങളുണ്ട്.

ഇനി ഇവയുടെ പ്രത്യേകതകൾ ശ്രദ്ധിയ്ക്കാം:

 1. ഇരുവർഗങ്ങളുടേയും ദന്തവിന്യാസം.

സസ്യാഹാരം മാത്രം ഭക്ഷിയ്ക്കുന്ന ജീവികളുടെ പല്ലുകൾ നിരയായി, അടുത്തടുത്തു വിന്യസിച്ചിരിയ്ക്കുന്നു; മാത്രമല്ല, കഴിയ്ക്കുന്ന ഭക്ഷണം വെളിയിൽ വരാതിരിയ്ക്കാനുള്ള തടയായും സഹായകമാണ്. മാംസാഹാരികളുടെ പല്ലുകൾ കൂർമയുള്ളതായിരിയ്ക്കും. പല്ലുകൾക്കിടയിൽ അകലവും സാധാരണമാണ്.

 1. വെള്ളം കുടിയ്ക്കുന്നതു ശ്രദ്ധിയ്ക്കുക.

സസ്യാഹാരമിഷ്ടപ്പെടുന്നവ മനുഷ്യനെപ്പോലെ വെള്ളം ഊറ്റി (വലിച്ച്) കുടിയ്ക്കുന്നു. മാംസാഹാരികൾ നക്കി കുടിയ്ക്കുന്നു.

 1. കാൽവിരലുകളുടെ പ്രത്യേകതകൾ.

സസ്യാഹാരികളുടെ വിരലുകൾ മനുഷ്യന്റെ വിരലുകൾ പോലെ ചെറിയതും പാദം തടയുള്ളതുമായിരിയ്ക്കും. മാംസാഹാരികളുടെ വിരലുകൾ നീളവും കൂർത്ത നഖങ്ങളും ഉള്ളവയായിരിയ്ക്കും.

 1. കുടൽവിന്യാസം

സസ്യാഹാരം ഇഷ്ടപ്പെടുന്ന ജീവിവർഗങ്ങളുടെ കുടലിനു പൊതുവായി, മനുഷ്യരുടേതിനെപ്പോലെ, ഏറെക്കുറെ 15 അടിയോളം നീളമുണ്ടായിരിയ്ക്കും. സസ്യാഹാരങ്ങളിൽ നഞ്ഞിന്റെ (വിഷം) അംശം കുറവും, സത്തുഗുണങ്ങൾ (പോഷകാംശം) കൂടുതലും ഉള്ളതിനാൽ, ആഹാരം കുടലിൽ അധികനേരം തുടരുന്നതിന് കുടലിന്റെ ദൈർഘ്യം സഹായിയ്ക്കുന്നു. മാംസാഹാരികളുടെ ഭക്ഷണത്തിൽ വിഷാംശം അധികമുള്ളതുകൊണ്ട്, അധികനേരം തങ്ങാതെ പുറത്തുപോകേണ്ടതിനാൽ അഞ്ചടിയോളം മാത്രമേ കുടലിനു നീളമുണ്ടായിരിയ്ക്കൂ.

 1. ശരീരത്തിന്റെ താപനില

സസ്യാഹാരികൾക്കു മനുഷ്യനെപ്പോലെ ശരീരപ്രവർത്തനങ്ങളിൽ ഉഷ്‌ണവും ചൂടും അധികമാകയാൽ ദാഹത്തെ ഉണർത്തി ധാരാളം വെള്ളം കുടിയ്ക്കാനും, വിയർപ്പുരൂപേണ ശരീരോഷ്മാവിനെ തണുപ്പിയ്ക്കാനും സമശീതോഷ്‌ണനിലയിൽ എത്തിയ്ക്കാനും കഴിയുന്നു. എന്നാൽ, മാംസാഹാരികൾക്ക് ഈ പ്രത്യേകത ഇല്ലേയില്ല. അതിനാൽ, അവ നാക്കു വെളിയിലേയ്ക്കിട്ട്, വായിലൂടെ ശ്വാസോച്ഛ്വാസം ചെയ്ത് ശരീരത്തിന്റെ ഊഷ്മാവു ക്രമപ്പെടുത്തുന്നു.

 1. വിസർജ്യങ്ങൾ

സസ്യാഹാരം മാത്രം കഴിയ്ക്കുന്ന ജീവിവർഗങ്ങളുടെ (സസ്യാഹാരം മാത്രം ഭക്ഷണമാക്കിയ മനുഷ്യരുടേയും) മലമൂത്രവിസർജ്യങ്ങൾ പൊതുവിൽ പഴകപ്പെടാവുന്നതും, താരതമ്യേന ദുർഗന്ധം കുറഞ്ഞവയുമായിരിയ്ക്കും. മാംസാഹാരികളുടെ (മാംസം ഉപയോഗിയ്ക്കുന്ന മനുഷ്യരുൾപ്പെടെ) വിസർജ്യങ്ങൾ അത്യധികം ദുർഗന്ധപൂരിതവും അയോഗ്യവുമായിരിയ്ക്കും.

ഇനി മനോവ്യാപാരങ്ങൾ എന്തെന്നു നോക്കാം.

 1. വാസം

സസ്യാഹാരപ്രിയർ ഒത്തൊരുമയോടും കൂട്ടം കൂട്ടമായും വസിയ്ക്കുന്നു. മനുഷ്യനും പൊതുവായി അങ്ങനെ തന്നെയാണു ജീവിയ്ക്കാനിഷ്ടപ്പെടുന്നത്. എന്നാൽ മാംസം ആഹാരമാക്കിയിട്ടുള്ള ജീവിവർഗങ്ങൾ തനിയേ വസിയ്ക്കാനാണു കൂടുതലായും ഇഷ്ടപ്പെടുന്നത്. (ഭീകരത ഉൾക്കൊള്ളുന്ന മനുഷ്യരുടെ പ്രവണതയും അതുതന്നെയാണെന്ന് ഓർക്കുക.) തന്റെ അധികാരപരിധിയ്ക്കുള്ളിലേയ്ക്കു മറ്റൊരു ജീവിവർഗത്തെ അവ കടത്തിവിടുകയില്ല.

 1. പ്രകൃതം

സസ്യാഹാരം മാത്രം ഉപയോഗിയ്ക്കുന്നവയുടെ പൊതുഗുണം ശാന്തതയോടും സാമൂഹ്യനന്മയോടും ചേർന്നു നിൽക്കുന്നതായിരിയ്ക്കും. മാംസാഹാരികൾക്കു കൂടിയ വേഗതയും ആക്രോശവും ഉണ്ടായിരിയ്ക്കുമെന്നു മാത്രമല്ല, സാമൂഹികപ്രതിബദ്ധത ഉണ്ടാകുകയുമില്ല.

 1. പ്രവൃത്തികൾ

സസ്യാഹാരത്തിലൂടെ ജീവിയ്ക്കുന്നവ പ്രകൃതിയോടിണങ്ങിയ ജോലികളിൽ അറിഞ്ഞോ അറിയാതെയോ ഏർപ്പെട്ടുകൊണ്ടിരിയ്ക്കും. നിലം ഉഴുക, വണ്ടി വലിയ്ക്കുക, പരാഗണത്തെ സഹായിയ്ക്കുക എന്നിവ പോലും അതിൽപ്പെടുന്നു. മാംസാഹാരികൾക്ക് ഇത്തരത്തിലുള്ള പ്രവൃത്തികളിൽ സംബന്ധിയ്ക്കുക സാധ്യമല്ല.

മാനസികസംഘർഷം

മാംസാഹാരം ഭക്ഷണമാക്കിയ ജീവിവർഗങ്ങൾ അധികമായ മാനസികസംഘർഷം അനുഭവിയ്ക്കുന്നത് എന്തുകൊണ്ട്?

ഈ ജീവിവർഗത്തിലുള്ളവയ്ക്ക് ശരീരത്തിലും രക്തത്തിലും അപായകരമായ സന്ദർഭങ്ങളിൽ രക്ഷപ്പെടുന്നതിനായി (ഉടൽകരുത്തിനെ അധികമായി ഉപയോഗപ്പെടും വിധം) അഡ്രീനൽ പോലുള്ള ഗ്രന്ഥിയിൽ നിന്നു ഹോർമോണുകൾ രക്തത്തിലേയ്ക്കു ചുരത്തപ്പെടുന്നു.

ഉദാഹരണത്തിന്, ഒരു ശത്രു ഇരയെ തുരത്തുമ്പോൾ (മനുഷ്യനെ ഒരു നായ ഓടിയ്ക്കുന്നതായും സങ്കല്പിയ്ക്കാവുന്നതാണ്) സാധാരണയിൽ കവിഞ്ഞ വേഗത്തിൽ ഓടിരക്ഷപ്പെടാൻ സഹായിയ്ക്കുന്നത് ഇത്തരം ഹോർമോണുകളുടെ അവസരോചിതമായ ഇടപെടൽ മൂലമാണ്.

ഇതു രക്തത്തിലും തലച്ചോറിലും കലർന്നിരിയ്ക്കും.

ഇതിനെ ഉൾക്കൊള്ളുന്ന മനുഷ്യരും സാധാരണ പ്രവൃത്തികളിൽപ്പോലും അപായത്തിലുള്ളതുപോലുള്ള ജാഗ്രത പുലർത്തുന്നു. ഇക്കാരണങ്ങളൊക്കെയാണു മാംസാഹാരപ്രിയരുടെ മാനസികസംഘർഷത്തിനു ഹേതുവായിത്തീരുന്നത്.

മനുഷ്യൻ തന്റെ ആറാമത്തെ അറിവിനെ (ഇന്ദ്രിയം) പ്രയോജനപ്പെടുത്താനായി അധികശക്തിയ്ക്കും ബലത്തിനും വേണ്ടിയാണ് (സകലതിനേയും അടക്കിവാഴുന്ന മനുഷ്യനു വാസ്തവത്തിൽ അതിന്റെയൊന്നും ആവശ്യമില്ലെങ്കിൽപ്പോലും) മാംസാഹാരം അനുശീലിയ്ക്കുന്നത് എന്ന വാദമുഖവും നിരത്തുന്നുണ്ട് ആശ്ചര്യമെന്തെന്നാൽ, സസ്യാഹാരമാണ് അധികശക്തിയുടേയും ബലത്തിന്റേയും ഉറവിടം. തികച്ചും സസ്യാഹാരിയായ ആനയ്ക്കും കുതിരയ്ക്കും ശക്തിയിലും ബലത്തിലും പകരമില്ലെന്നോർക്കുക.

ഉദാഹരണമെടുത്താൽ, സോയാബീൻസിൽ 40% ശുദ്ധമായ പ്രോട്ടീൻ ഉൾക്കൊള്ളുന്നു. ഇതു മാംസത്തിലുള്ളതിനേക്കാൾ ഇരട്ടിയും, മുട്ടയിലുള്ളതിനേക്കാൾ നാലുമടങ്ങുമാണ്. അതുപോലെ, പല പഴങ്ങളേയും കിഴങ്ങുവർഗങ്ങളേയും ഇലകളേയും പച്ചക്കറികളേയും പറ്റി എടുത്തുപറയേണ്ടതുണ്ട്.

പ്രകൃതിദത്തമായ ഈ സവിശേഷതകളിൽ നിന്നെല്ലാം മനസ്സിലാക്കേണ്ടതാണ്, മനുഷ്യൻ സസ്യാഹാരിയാണോ മാംസാഹാരിയാണോ ആകേണ്ടതെന്ന്.

അതെന്തായാലും, മനുഷ്യൻ ആരോഗ്യത്തോടെയും സമാധാനത്തോടെയും ശാന്തതയോടെയും അടക്കത്തോടെയും ഒത്തൊരുമയോടെയും, ശക്തിശാലിയായും, കോപവും ആക്രോശവും മാനസികസംഘർഷങ്ങളും രോഗങ്ങളും ചിന്താക്കുഴപ്പങ്ങളും ഇല്ലാതെയും ജീവിയ്ക്കണമെന്നാശിയ്ക്കുന്നത് സസ്യാഹാരങ്ങളുടെ വഴിയേ മാത്രമായിരിയ്ക്കും.

പുത്രമിത്രകളത്ര ധനധാന്യസമൃദ്ധിയോടും ആയുരാരോഗ്യസൗഖ്യമോടും വാഴുക ചിരം, സുഖം!

അറിവുകൾക്കു കടപ്പാട്: പ്രിയകൂട്ടുകാരി കാർത്തിക സ്വാമി

(വരികൾ: സജി വട്ടംപറമ്പിൽ)

 

______________________________________________________________________________

രചനയെപ്പറ്റിയുള്ള പ്രതികരണങ്ങൾ താഴെക്കാണുന്ന ഐഡികളിൽ ഏതെങ്കിലുമൊന്നിലേയ്ക്ക് ഈമെയിലായി അയച്ചുതരിക:

blogezhuththulokam@gmail.com

blogezhuththulokam@outlook.com

 

‌___________________________________________________________________‌___________

 

ബ്ലോഗെഴുത്തുലോകത്തിലെ മറ്റു ലിങ്കുകൾ

ബ്ലോഗെഴുത്തുലോകം ഒന്നാം പേജ്

നിബന്ധനകൾ, മുന്നറിയിപ്പുകൾ, അറിയിപ്പുകൾ

രചനകളുടെ സമ്പൂർണലിസ്റ്റ്

ബ്ലോഗെഴുത്തുലോകം രചയിതാക്കളുടെ ലിസ്റ്റ്

ബ്ലോഗെഴുത്തുലോകത്തിലെ മറ്റു ലിങ്കുകൾ

‌___________________________________________________________________‌___________

About ബ്ലോഗെഴുത്തുലോകം

മലയാളം ബ്ലോഗെഴുത്തുകാർക്കു ‘ബ്ലോഗെഴുത്തുലോക’ത്തിലേയ്ക്കു ഹാർദ്ദമായ സ്വാഗതം.
This entry was posted in കഥ കവിത ലേഖനം, ബ്ലോഗുകൾ, ബ്ലോഗെഴുത്തുലോകം, ബ്ളോഗെഴുത്തുലോകം, മലയാളം and tagged , , , , , , , , , , . Bookmark the permalink.