ബ്ലോഗെഴുത്തുലോകം വാരം 003 രചന 03

വേദാരണ്യം അദ്ധ്യായം 11: കൃഷ്‌ണതുളസി (നോവൽ)

സജി വട്ടംപറമ്പിൽ

sajivattamparambil@yahoo.com

 

“ഉറങ്ങ്യാ?”

അനങ്ങിയില്ല.

ഒരെത്തം ചൂരുമില്ലാതെ ചാത്തപ്പൻ നിവർന്നുകിടന്നു.

മിണ്ടിയില്ലെങ്കിലും, എന്തോ വല്ലാത്തൊരു ബുദ്ധിമുട്ട് അനുഭവപ്പെട്ടു…

ചുട്ടുപഴുത്ത പോലെ ശ്വാസം. കണ്ണ് ഇറുക്കിയടച്ചെങ്കിലും ഉറങ്ങാൻ കഴിഞ്ഞില്ല. പുറത്തു മഞ്ഞു പെയ്യുന്നതു പോലും കേൾക്കാം; കാത് അത്രയ്ക്കും തുറന്നിരുന്നു. ചുണ്ടും തൊണ്ടയും നാവും വറ്റിവരണ്ടു. വെള്ളം കുടിയ്ക്കണമെന്നുണ്ട്. എഴുന്നേൽക്കാനൊരു മടി.

ഇടനെഞ്ചിലൊരു കനം പെരുത്തു! ശ്വാസം വലിയ്ക്കാനും വിടാനും ഞെരുക്കം…

കറച്ച് കറച്ച് ചുമ വരുന്നുണ്ട്. മുരടനക്കാനും വയ്യ. മേലൊട്ടാകെ ചൂടെടുത്ത് ചാത്തപ്പന് ഉറക്കം കെട്ടു.

“ഇത്ര വേഗം ഉറങ്ങ്യാ!”

‘ഒന്ന് മിണ്ടാണ്ട് കെട്ന്നൂടേ’ എന്നു ചോദിയ്ക്കണമെന്നുണ്ടായിരുന്നു. അതിനു മുതിർന്നില്ല. വല്ലായ്‌മ കടിച്ചുപിടിച്ചു കിടന്നു. ഉടലാകെ കോഴി നനഞ്ഞ് അരിച്ചുകയറുന്ന പോലെ, ചൊറിഞ്ഞ് കടിയ്ക്കുന്ന പോലെയും തോന്നുന്നുണ്ട്. എന്നിട്ടും ഇളകിയില്ല. സഹിച്ചു കിടന്നു.

ഇതെന്തൊരു പുതുമ!

ഇതിനു മുമ്പൊന്നും ഇങ്ങനെ തോന്നിയിട്ടില്ല. ഉമ്മറത്തേയ്ക്ക് എഴുന്നേറ്റുപോയി കിടന്നാലോ എന്നു വരെ സംശയിച്ചു. അതിന്, ‘അതീക്കൂടെ ഒരു പായേംകൂടി വിരിയ്ക്കണ’മെന്നല്ലേ, പറഞ്ഞത്! അപ്പൊപ്പിന്നെ എവിടെപ്പോയി കെടക്കും!നേരം പെട്ടെന്നൊന്ന് വെളുത്ത് കിട്ട്യാ മത്യാർന്നൂ… സങ്കടോം കരച്ചിലും ഒക്കെക്കൂടി വരുന്നുണ്ട്…

“എന്താ ഒന്നും മിണ്ടാത്തത്?” തമ്പുരാട്ടി ചോദിച്ചു. “നമുക്ക് എന്തെങ്കിലൊക്കെ സംസാരിച്ച് കിടന്നൂടേ?””

അടക്കിപ്പിടിച്ചതൊക്കെ കുരലു പൊട്ടിച്ചാടി. കണ്ണും മൂക്കും വഴി നീരൊഴുകി. വായിൽക്കൂടി തുപ്പലും തെറിച്ചു. ചുമച്ചുചുമച്ച് ചാത്തപ്പൻ ചുരുണ്ടു.

“എന്താ ഇങ്ങനെ ചുമയ്ക്ക്ണ്? വയ്യേ?” തമ്പുരാട്ടി വിളിച്ചു ചോദിച്ചു.

ചാത്തപ്പൻ ഒതുക്കിപ്പിടിച്ചു. ഒതുക്കുന്തോറും ചുമ കൂടി വന്നു.

“വെള്ളം കുടിയ്ക്കണാ?” ചാത്തപ്പന്റെ പരവേശത്തിൽ തമ്പുരാട്ടി എഴുന്നേറ്റിരുന്നു.

വേണമെന്നും വേണ്ടെന്നും ചാത്തപ്പൻ പറഞ്ഞില്ല.

തമ്പുരാട്ടി എഴുന്നേറ്റുപോയി പാത്യാമ്പ്രത്തു മൂടിവെച്ചിട്ടുള്ള മൺകലത്തിൽ നിന്നു ലോട്ടയിൽ വെള്ളം കൊണ്ടുവന്നു. പായ അരികു തടഞ്ഞ്, തമ്പുരാട്ടി ചന്തി ചെരിഞ്ഞ് ഇരുന്നു.

ചാത്തപ്പൻ ഭയന്നെഴുന്നേറ്റു; ചെറ്റമറയോടൊട്ടി നിരങ്ങി, ചാരി.

“അടുപ്പ് കത്തിയ്ക്ക്യണാ?” വെളിച്ചം വേണോയെന്നു തമ്പുരാട്ടി.

“വേണ്ട.” വെളിച്ചത്തെ ചാത്തപ്പൻ കൂടുതൽ ഭയന്നു.

“ഇതാ, ഈ വെള്ളം കുടിച്ചോളൂ.”

ഇടതുകരം നീട്ടി ഇരുട്ടിൽ തപ്പി, വലതുകൈയിൽ തമ്പുരാട്ടി വെള്ളം നീട്ടി.

ദേഹത്തു തൊട്ടുവോ എന്തോ! ചാത്തപ്പന് തൊട്ടുപൊള്ളി! ‘ഗുള്ഗുളാ’യെന്നു കുരലു തിങ്ങി ശെത്തപ്പെട്ട് വെള്ളം അപ്പടി കുടിച്ചു.

“ഇനി വേണാ?” മുഴുവൻ കുടിച്ചു കഴിഞ്ഞപ്പോൾ തമ്പുരാട്ടി ചോദിച്ചു.

“വേണ്ട.” ആ രണ്ടക്ഷരത്തിൽ ചാത്തപ്പൻ അകന്നു.

“എന്നാൽ കിടന്നോളൂ,” തമ്പുരാട്ടി ആശ്വാസം പകർന്നു.

“ഞാൻ കെട്ക്കണ്‌ല്യ…” ചാത്തപ്പൻ അസ്വസ്ഥത പ്രകടിപ്പിച്ചു.

“അതെന്താ?” തമ്പുരാട്ടി ഉൽക്കണ്ഠപ്പെട്ടു.

“ഇയ്ക്ക് ഒറക്കം വര്ണ്‌ല്യ.” അതു പറയുമ്പോൾ ചാത്തപ്പന്റെ ഒച്ച ചിണുങ്ങിപ്പോയി.

“എന്തിനാ ഇത്ര വേഗം ഉറങ്ങണത്?”

“എന്താന്ന് അറീല്യ. ഇയ്ക്ക് പേട്യായ്ട്ട് വയ്യ.” ചാത്തപ്പൻ കരഞ്ഞില്ല.

തമ്പുരാട്ടി കുന്തക്കാലിൽ നിന്നു മുട്ടുകുത്തി മുന്നോട്ട് ആഞ്ഞിരുന്നു. ചാത്തപ്പൻ പിന്നേയും നിരങ്ങി നീങ്ങി.

“എന്തിനാ ഇങ്ങനെ പേടിയ്ക്കണത്?” കൈകൾ കൂട്ടിപ്പിടിച്ച് തമ്പുരാട്ടി ചോദിച്ചു.

ചാത്തപ്പൻ വല്ലാതെ ചുരുങ്ങിച്ചൂളി. “തമ്പ്രാട്ടി ന്നെ തൊടണ്ട. അയ്‌ത്താവും…”

“അതാണോ കാര്യം!” ശബ്ദമില്ലാതെ ചിരിച്ചു ചോദിച്ചു. “അപ്പോ, എന്നെ തൊട്ടതോ? അത് അയിത്തമല്ലേ? അയിത്തോം അയിത്തക്കേട്വൊക്കെ മനസ്സിലല്ലേ?”

കാല് ചെരിച്ചുമടക്കി ഒതുക്കിവെച്ച് ചാത്തപ്പന്റെ അരികെ തമ്പുരാട്ടി ഒറ്റച്ചന്തിയിൽ വശം അമർന്നിരുന്നു. എന്നിട്ട് ഉള്ളംകൈ രണ്ടിലും ചാത്തപ്പന്റെ മുഖം കോരി.

“അങ്ങിനെയെങ്കിൽ നമ്മളെപ്പഴോ അയിത്ത‌പ്പെട്ടു കഴിഞ്ഞൂലോ. ഇവിടത്തെ അന്നത്തിനും വെള്ളത്തിനും മരുന്നിനും ശുശ്രൂഷയ്ക്കും അയിത്തം വേണ്ടേ? എന്നെ തൊട്ട ചാത്തപ്പനും ചാത്തപ്പനെ തൊട്ട ഞാനും ഒരുപോലെ തീണ്ടിയില്ലേ? ഇനിയത് കുളിച്ചാലും തെളിച്ചാലും പോകില്ലല്ലോ.”

തമ്പുരാട്ടി പറഞ്ഞതൊന്നും ചാത്തപ്പന് ഉള്ളോടിയില്ല. അതിനുത്തരം പറയാനും അറിയില്ലായിരുന്നു. പകരം, മനസ്സിൽ കരുതിവെച്ചതെല്ലാം കണ്ണീരിലളന്നു.

“തമ്പ്രാട്ടിയ്ക്കിപ്പോ വയ്യ്യായൊക്കെ മാറീല്യേ. പറയാൻ അറിയാത്തോണ്ടാ…അടിയൻ മിണ്ടാത്ത്. തമ്പ്രാട്ടിയ്ക്ക് ഞ് ഇല്ലത്ത് പൊക്കൂടെ? പെലച്ചയ്ക്ക് അടിയൻ ആരും കാണാണ്ട് അവ്ടെ കൊണ്ടാക്കിത്തരാം. ഇല്ലെങ്ങെ നാട്ട്വാര് ന്നെ തല്ലിക്കൊല്ലും…”

പറയണം പറയണമെന്നു കരുതിയതപ്പടി, ഒറ്റത്തേങ്ങലിൽ കെട്ടഴിഞ്ഞു വീണു. ഏങ്ങലെടുത്ത ചാത്തപ്പൻ കണ്ണീരിൽ കുതിർന്നു. ഇരുകൈകളിൽ തൊഴുതു കൂപ്പി, ചാത്തപ്പന്റെ ശിരസ്സു കുനിഞ്ഞു. കൈവെള്ളയിൽ ഉതിർന്നു വീണ കണ്ണുനീരിൽ തമ്പുരാട്ടിയുടെ മനം പിടഞ്ഞു…

നെഞ്ചുരുകി.

കണ്ണു നിറഞ്ഞു.

ഒരു വാക്ക്-

എന്തെങ്കിലുമൊരു വാക്കുരിയാടാൻ തമ്പുരാട്ടിയ്ക്കായില്ല.

വിങ്ങിപ്പൊട്ടാൻ തുടിച്ച ഹൃദയത്തോടു ചാത്തപ്പനെ ചേർത്തുപിടിച്ച്, തമ്പുരാട്ടി വിതുമ്പി.

ഇതെന്ത്! ചാത്തപ്പൻ മിഴിച്ചു. ഭയവും സംഭ്രാന്തിയും കൂടിക്കൂടി വന്നു. കുതറിമാറാൻ നോക്കി.

അതിനു കഴിയാതെ വന്നപ്പോൾ അവരുടെ മടിയിലേയ്ക്കു തന്നെ മുഖം പൂഴ്‌ത്തി, ചാത്തപ്പൻ കരഞ്ഞു.

അന്ന്, ഇരുളിലുരുകി വെന്തു നീറുന്നൊരു പെണ്ണിന്റെ മനസ്സ് അന്നാദ്യമായി ചാത്തപ്പൻ കണ്ടു.

കണ്ണീർപ്പൂക്കളായുതിർന്നു വിരിഞ്ഞ് ചാത്തപ്പന്റെ പുറത്തുകൂടി ചാലിട്ടു…

വ്യസനങ്ങൾ കെട്ടിക്കിടന്നു. തമ്പുരാട്ടി ഉറങ്ങിയില്ല. മനസ്സ് ഇല്ലത്തും വൈലിത്തറയിലും പോയിപ്പോയി വന്നു. ഇല്ലമൊഴിഞ്ഞ കുരുപ്പിനെ വീണ്ടും ഇല്ലത്തു വരവേൽക്കുമെന്നാണു പാവം കരുതിയിരിക്കുന്നത്! ശവമെടുത്തു നടന്നപ്പോൾത്തന്നെ പടിയടച്ചു പിണ്ഡം വെച്ചതും ശേഷക്രിയകൾ ചെയ്തതുമുണ്ടോ അറിയുന്നൂ! അപ്പൻ നമ്പൂതിരിയ്ക്ക് ഇടനെഞ്ചിൽ പൊട്ടിയ കനിവ്. അതല്ലെങ്കിൽ ഗുരുവായൂരപ്പന്റെ പ്രസാദം: ചാത്തപ്പൻ!

എവിടെയെങ്കിലും കൊണ്ടുപോയി കുഴിച്ചുമൂടുകയാണെങ്കിൽ മൂടട്ടെ. നോക്കുകയാണെങ്കിൽ നോക്കട്ടെ. അതിലപ്പുറം നിനച്ചിട്ടുണ്ടാവില്ല.

മകൾ ജീവനോടെ തിരിച്ചുവരികയാണെങ്കിൽ തീർച്ചയായും അപ്പൻതിരുമേനിയും അമ്മത്തമ്പുരാട്ടിയും അതിരറ്റു സന്തോഷിയ്ക്കും. പക്ഷേ, ആ സന്തോഷം, അതെത്രത്തോളം നീണ്ടുനിൽക്കും! നാട്ടുനടപ്പും പടയെടുപ്പും അവിടെത്തുടങ്ങുമെന്നതിൽ സംശയമില്ല. ഇല്ലത്തുള്ളവർക്ക് അതിനെ നേരിടാനുള്ള ത്രാണിയുണ്ടോ! ബ്രാഹ്മണരിൽ സ്മാർത്തവിചാരങ്ങൾക്കു ക്ഷാമമുണ്ടോ! അവിടംകൊണ്ടും തീരുന്നതല്ലല്ലോ, പെരുങ്കളിയാട്ടം!

ചാത്തപ്പന്റെ ഭയവും ഭീതിയും അസ്ഥാനത്താണെന്നു കരുതിക്കൂടാ. ചക്രവ്യൂഹത്തിലെത്ര ആനകൾ, കുതിരകൾ, അടിയാളർ ബലി കൊടുക്കപ്പെട്ടു! ഒരപരാധവും ചെയ്യാത്ത, ചെയ്തിട്ടില്ലാത്ത ജീവിവർഗങ്ങൾ! വെട്ടിയൊടുക്കിയ മിണ്ടാപ്രാണികളെക്കുറിച്ച് ആരും ഒരിടത്തും കുറിച്ചുവെച്ചില്ല. അതെല്ലാം ആയിരം പതിനായിരങ്ങളുടെ ഊഹസംഖ്യകളിലേയ്ക്ക് ഒതുങ്ങി. ഇതിന്റെ പേരിൽ ബലിയാടാകുന്നത് ഈ പാവം മനുഷ്യനല്ലേ?

കംസന്റെ കാരാഗൃഹത്തിൽ കൃഷ്‌ണന്റെ ജനനം. വട്ടിയിലാക്കി ചുമന്ന് യശോദയുടെ പക്കലെത്തിച്ചു. അർദ്ധരാത്രിയിൽ ആകാശമിടിഞ്ഞു പെയ്ത മഴയും മിന്നലും രോഹിണിനക്ഷത്രവും സാക്ഷി. കൃഷ്‌ണനും സുഭദ്രയ്ക്കും അന്തരമേറെയുണ്ട്.

വട്ടിയിൽ പൊതിഞ്ഞുകൊണ്ടുവന്ന പണ്ടാരക്കുരിപ്പിനു കിട്ടിയത് ഒരു പുനർജന്മമാണെങ്കിൽ അതൊരു മഹാപരാധമായിത്തീരാൻ അധികം വേണ്ട. ഒരു സാക്ഷി മതി. തീർന്നു, അതോടെയെല്ലാം!

ഏഴര നാഴിക പുലരാൻ ബാക്കി. മനസ്സുറച്ച് തമ്പുരാട്ടി എഴുന്നേറ്റു. അടുപ്പുകത്തിച്ച് വെളിച്ചമനക്കി. ചാത്തപ്പനെ വിളിച്ചുണർത്തി. മുറ്റത്ത് ഒരോലത്തുമ്പു വിരിച്ച് അതിലിരുത്തി. കാര്യമറിയാതെ ചാത്തപ്പൻ മിഴിച്ചു!

“ഞാൻ കുളിയ്ക്കാൻ പോവ്വ്വാണ്. കുളിച്ചുവരുന്നത് വരെ ഇവിടെത്തന്നെ ഇരിയ്ക്കണം, ട്ടോ.”

“ഉം.” പരുക്കൻ സ്വരത്തിൽ, തണുപ്പിൽ, തൊണ്ട കുറുകി മൂളി.

നേരം വെളുത്തിട്ടില്ല. കുറ്റാക്കൂരിരുട്ട്. വെളുക്കാൻ ഇനിയുമുണ്ടെന്നു തോന്നുന്നു. അതിനു മുൻപ് എന്തിനാവോ ഈ തണുപ്പത്ത്, മഞ്ഞത്ത് കൊണ്ടുവന്നിരുത്തിയിരിക്കുന്നത്? ഉറക്കം മതിയാവാതെ ചാത്തപ്പൻ ചുരുണ്ടുകൂടി. കാര്യമെന്തെന്നു മനസ്സിലായില്ല. എങ്കിലും അവിടിരുന്നു കുളിരുകോരി.

കാറ്ററിഞ്ഞില്ല, കുളിരറിഞ്ഞില്ല.

തണുത്ത വെള്ളത്തിൽ തമ്പുരാട്ടി കുളിച്ചു വാർന്നു.

തെല്ലകലെ, കുട്ടിക്കലത്തിൽ നീക്കിവെച്ച തീർത്ഥം കൈക്കുമ്പിളിൽ നിറഞ്ഞുകോരി. കിഴക്കു നീട്ടി, ഗായത്രി നാവിലുരച്ചു-

ഓം

ഭൂർഭുവഃ സ്വഃ

തത്‌സവിതുർവരേണ്യം

ഭർഗോ ദേവസ്യ ധീമഹി

ധിയോ യോ നഃ പ്രചോദയാത്

പുലരാൻ തുടങ്ങുമീ ദിവസം സാക്ഷി

സപ്തർഷികളേ,

അഷ്ടദിക്‌പാലകരേ

നവതാരകളേ

ഓം ശാന്തി, ശാന്തി, ശാന്തി

പൂർവദേശേ, തീർത്ഥം സമർപ്പിയ്ക്കേ പശ്ചിമദിക്കിൽ ഗുരുപവനപുരിയിൽ വാകച്ചാർത്തിനു നാഴികമണി മുഴങ്ങി.

ഒരുപിടി തീർത്ഥം മാറോടു ചേർത്ത് തമ്പുരാട്ടി മുറ്റത്തേയ്ക്കു നടന്നു.

മൂന്നു വലം വെച്ച്, പാദേ സമർപ്പിച്ചു പറഞ്ഞു:

“എഴുന്നേറ്റോളൂ.”

 

(തുടരും: ‘മകരച്ചൊവ്വ’)

(കടപ്പാട്: ശ്രീ സുനിൽ എം എസ്, ശ്രീ സജീവ് അനന്തപുരി)

(വരികൾ: വേദാരണ്യം, സജി വട്ടംപറമ്പിൽ)

sajivattamparambil@yahoo.com

 

______________________________________________________________________________

രചനയെപ്പറ്റിയുള്ള പ്രതികരണങ്ങൾ താഴെക്കാണുന്ന ഐഡികളിൽ ഏതെങ്കിലുമൊന്നിലേയ്ക്ക് ഈമെയിലായി അയച്ചുതരിക:

blogezhuththulokam@gmail.com

blogezhuththulokam@outlook.com

‌___________________________________________________________________‌___________

വേദാരണ്യത്തിന്റെ മുൻ അദ്ധ്യായങ്ങളുടെ ലിങ്കുകൾ:

വേദാരണ്യം അദ്ധ്യായം 10: ഗൃഹപ്രവേശം

വേദാരണ്യം അദ്ധ്യായം 9: പാഥേയം

വേദാരണ്യം അദ്ധ്യായം 8: ജലമൗനം

വേദാരണ്യം അദ്ധ്യായം 7: കാവ് തീണ്ടൽ

വേദാരണ്യം അദ്ധ്യായം 6: ഊരുവലം

വേദാരണ്യം അദ്ധ്യായം 5: പുലപ്പേടി

വേദാരണ്യം അദ്ധ്യായം 4: ജനനി

വേദാരണ്യം അദ്ധ്യായം 3: കൈതമുള്ള്

വേദാരണ്യം അദ്ധ്യായം 2: കുരുപ്പ്

വേദാരണ്യം അദ്ധ്യായം 1 വൈലിത്തറ

______________________________________________________________________________

ബ്ലോഗെഴുത്തുലോകത്തിലെ മറ്റു ലിങ്കുകൾ

ബ്ലോഗെഴുത്തുലോകം ഒന്നാം പേജ്

നിബന്ധനകൾ, മുന്നറിയിപ്പുകൾ, അറിയിപ്പുകൾ

രചനകളുടെ സമ്പൂർണലിസ്റ്റ്

ബ്ലോഗെഴുത്തുലോകത്തിലെ ലിങ്കുകൾ

ബ്ലോഗെഴുത്തുലോകം വാരം ഒന്നിലെ രചനകൾ

ബ്ലോഗെഴുത്തുലോകം വാരം രണ്ടിലെ രചനകൾ

ബ്ലോഗെഴുത്തുലോകം വാരം മൂന്നിലെ രചനകൾ

ബ്ലോഗെഴുത്തുലോകം രചയിതാക്കളുടെ ലിസ്റ്റ്

വായനക്കാരുടെ പ്രതികരണങ്ങൾ

വായനക്കാരുടെ ചോദ്യങ്ങളും അവരുടെ ഉത്തരങ്ങളും

ചില മലയാളം ബ്ലോഗ്സൈറ്റുകളിലേയ്ക്കുള്ള ലിങ്കുകൾ

സമ്മാനാർഹമായ രചനകൾ

 

‌___________________________________________________________________‌___________

 

Advertisements

About ബ്ലോഗെഴുത്തുലോകം

മലയാളം ബ്ലോഗെഴുത്തുകാർക്കു ‘ബ്ലോഗെഴുത്തുലോക’ത്തിലേയ്ക്കു ഹാർദ്ദമായ സ്വാഗതം.
This entry was posted in കഥ കവിത ലേഖനം, ബ്ലോഗുകൾ, ബ്ലോഗെഴുത്തുലോകം, ബ്ളോഗെഴുത്തുലോകം, മലയാളം and tagged , , , , , , , , , , . Bookmark the permalink.