ബ്ലോഗെഴുത്തുലോകം വാരം 003 രചന 01

വേദാരണ്യം അദ്ധ്യായം 10: ഗൃഹപ്രവേശം (നോവൽ)

രചന: സജി വട്ടംപറമ്പിൽ

ഈമെയിൽ ഐഡി: sajivattamparambil@yahoo.com

 

നിലാവ് കെട്ടു.

പുലർകാലമഞ്ഞണിഞ്ഞ ഭൂമി സുഖനിദ്രയിലാണ്ടു കിടന്നു.

പഷ്ണിപ്പുരയ്ക്കു തെക്ക്, ആദ്യത്തെ കോഴി കൂവിയുണർന്നു. പടിഞ്ഞാറ് കൂടണഞ്ഞ നേർച്ചപ്പൂവനും അതേറ്റുപിടിച്ചു തൃപ്തിയടഞ്ഞു.

വൃശ്ചികക്കുളിരിൽ കല്പവൃക്ഷങ്ങൾ മെയ്യുണർന്നു നിന്നു.

പനിച്ചു.

ചുട്ടുപൊള്ളുന്ന പനി. ഉടലാകെ കുളിരരിച്ചു കേറി! മേലും കൈയും അനക്കാൻ വയ്യ. കലശലായ ശരീരവേദനയും അനുഭവപ്പെട്ടു.

വയ്യെങ്കിലും കൺപോളകൾ പതിയെ ചിമ്മിത്തുറന്നു. ആരുടേയോ മടിയിലാണു കിടക്കുന്നതെന്നു തോന്നി…

തോന്നലായിരുന്നില്ല. രൂപം ഇരുളിൽ അവ്യക്തമായിരുന്നെങ്കിലും തമ്പ്രാട്ടിയുടെ മടിയിലാണു കിടക്കുന്നതെന്ന് ഒരുൾക്കിടിലത്തോടെ പ്രജ്ഞയറിഞ്ഞു! പനിച്ചൂടിലും ചാത്തപ്പൻ തണുത്തുരുകി.

ചെറ്റമറ ചാരിയിരുന്ന് ഉറക്കം തൂങ്ങുന്നുണ്ടെങ്കിലും, ഇടയ്ക്കിടയ്ക്ക് അവർ ചാത്തപ്പന്റെ പരുപരുത്ത തലമുടി നെറ്റിയിൽ നിന്നു കോതി തഴുകുന്നുണ്ടായിരുന്നു. ആ കരലാളനത്തിൽ കണ്ണുറങ്ങിയത് അറിഞ്ഞില്ല.

പിന്നീടെപ്പോഴോ ഉണർച്ച വന്നപ്പോൾ ശരീരം പനിച്ചുതുള്ളുന്നുണ്ടായിരുന്നു. പല്ലുകൾ കൂട്ടിയിടിച്ചു ശെത്തപ്പെട്ടു.

പുലരാൻ നാലഞ്ചുനാഴിക നേരമില്ല. എഴുന്നേൽക്കണമെന്നുണ്ട്; വയ്യ. എങ്കിലും ചാത്തപ്പനൊരു പാഴ്‌ശ്രമം നടത്തി. അതറിഞ്ഞുകൊണ്ട് അവർ ചാത്തപ്പന്റെ മുഖത്തും കഴുത്തിലും തലോടി. മൃദുലം, നെഞ്ചിൽ പതിഞ്ഞു തട്ടി സാന്ത്വനപ്പെടുത്തി.

പനിയുടെ ശക്തിയിൽ, വൃശ്ചികക്കുളിരിൽ ചാത്തപ്പൻ കുടഞ്ഞുവിറച്ചു. ഇരുകൈയിലും വട്ടം പിടിച്ച് ഒതുക്കാൻ നോക്കിയെങ്കിലും കനം താങ്ങുറച്ചില്ല; തമ്പുരാട്ടിയും കൂടി ചെരിഞ്ഞു വീണു. ശരീരത്തിനടിയിലായ കൈത്തണ്ട ഊരിയെടുക്കാൻ നോക്കി. പറ്റിയില്ല. അടിയിൽപ്പെട്ട കൈ വേദനിച്ചു. വലിച്ചെടുക്കാൻ ശ്രമിയ്ക്കുന്തോറും, ചാത്തപ്പന്റെ കനത്തിനു മേലെ തമ്പുരാട്ടിയുടെ തളിർമ കമഴ്‌ന്നു. നിവൃത്തിയില്ലാതെ വന്നപ്പോൾ അങ്ങനെ കിടന്നു…

നെഞ്ചേറ്റു വാങ്ങിയ കന്നിച്ചൂടിൽ ചാത്തപ്പൻ തെല്ലുനേരം അണച്ചു കിടന്നു. വിറയിൽ ശമിച്ച്, തളർച്ചയിലേയ്ക്കയഞ്ഞ ചാത്തപ്പനെ വിട്ടു തമ്പുരാട്ടി പതുക്കെ കുത്തിപ്പിടിച്ചെഴുന്നേറ്റു. എഴുന്നേൽക്കുമ്പോൾ, വാരിച്ചുറ്റി പുതച്ചിരുന്ന മേൽമുണ്ട് ചാത്തപ്പന്റെ ചുരുണ്ടുകൂടിയ കൈകൾക്കിടയിൽ തങ്ങി; ഊഷരമേനി നഗ്നമായി. ഇരുകൈകളും പിണച്ചുവെച്ച് മാറിലെ നഗ്നത മറച്ചു. കാൽമുട്ടിലൊതുങ്ങി, ഒരു കൈകൊണ്ടു തുണി വലിച്ചെടുക്കാനിരുന്നു. പിന്നെ, അതു വേണ്ടെന്നു വെച്ചു. അതുകൊണ്ട് ചാത്തപ്പനെ പുതപ്പിച്ചുകിടത്തി.

‘അടുക്കളയിൽ’ കയറി. വക്കുടഞ്ഞ കുട്ടിക്കലം ഒരെണ്ണം പാത്യാമ്പ്രത്തു നിന്നെടുത്ത്, ചുറ്റിക്കഴുകി വെള്ളം വെച്ചു. കോഞ്ഞാട്ടയിൽ തീ പിടിപ്പിച്ചു. ചുക്കും കുരുമുളകും ചതച്ചിട്ട്, ചക്കരയിട്ടു തിളപ്പിച്ചു. കുറച്ച് തുളസിയിലയും പേരക്കൂമ്പും കിട്ടുകയാണെങ്കിൽ ഗുണം ചെയ്യുമായിരുന്നെന്നു മനസ്സിലോർത്തു. കഴിഞ്ഞ കുറേ ദിവസങ്ങളായി അതിന്റെ രുചി മറന്നിരുന്നില്ല. ഇവിടെ എവിടെയാണതു നിൽക്കുന്നതെന്ന് ആർക്കറിയാം!

ഓട്ടുകിണ്ണം ഒരെണ്ണമുള്ളതിലേയ്ക്കു ചുക്കുകാപ്പി ചൂടോടെ പകർന്നു. ചുഴറ്റിച്ചുഴറ്റി കുടിയ്ക്കാവുന്ന ചൂടിൽ ലോട്ടപ്പാത്രത്തിലേയ്ക്കൊഴിച്ചു.

ചാത്തപ്പനെ ധിക്കരിച്ചു താങ്ങി എഴുന്നേൽപ്പിച്ചു. കനം ഉറയ്ക്കുന്നില്ലായിരുന്നു…

പിറകിൽ നിന്നു കാലു കവച്ചുവെച്ച്, ചെറ്റമറ ചാരിയിരുന്ന് മാറിലേയ്ക്ക് ആഞ്ഞു. ലോട്ടയിലെ ചുക്കുകാപ്പി ചുണ്ടോടടുപ്പിച്ചുകൊടുത്തു. ആദ്യമാദ്യം ചാത്തപ്പനു നല്ല ചൂടു തോന്നി, ലോട്ടയിൽ നിന്നു തല തിരിച്ചു. തമ്പുരാട്ടി നന്നായി ഊതി ചൂടകറ്റി. അതിലല്പം കുടിച്ചുനോക്കി ഉറപ്പു വരുത്തി. അല്പാല്പം ചെരിച്ചു കൊടുത്തു. കുടിച്ചു തീർന്നപ്പോൾ കിണ്ണത്തിൽ നിന്നു വീണ്ടുമൊഴിച്ചുകൊടുത്തു.

ചൂടുള്ള ചുക്കുകാപ്പി അകത്തെത്തിയപ്പോൾ ചാത്തപ്പന്റെ മുഖവും നെഞ്ചും പുറവും മണിമണിയായി വിയർത്തു. വിയർപ്പുതുള്ളികൾ ഉരുണ്ടിറങ്ങി. അവശതയിൽ ആലസ്യമെഴുന്നു, സ്ഥലകാലബോധമെന്യേ തോളിലേയ്ക്കു തല ചാരി.

നഗ്നം മാർദ്ദവം; ഇളനീർക്കുടങ്ങളിൽ വിശ്രമം.

പൊക്കൻ അന്വേഷിച്ചെത്തുമ്പോൾ ചാത്തപ്പൻ പുറം തിരിഞ്ഞു കിടക്കുകയായിരുന്നു. മുറ്റത്തെത്തി ചുമച്ച് ആളറിയിച്ചപ്പോൾ മാത്രാമാണറിഞ്ഞത്.

“ഇവ്ടെ ചുരുണ്ട്കൂടി കെടക്ക്വാണ്ടാ?”

മലർന്നുതിരിഞ്ഞ്, വശംകുത്തി എഴുന്നേൽക്കാൻ നോക്കി…

“എന്തേ, വയ്യേ? പനിയ്ക്ക്ണ് ണ്ടാ?” പൊക്കൻ വിലക്കി, പിടിച്ചിരുത്തി. “ന്നെങ്ങെ ണീക്ക്യണ്ട.”

ചാത്തപ്പൻ മുറ്റത്തേയ്ക്കു കാലു നീട്ടിയിരുന്നു.

“മിൻഞ്ഞാന്ന് കൈക്കോട്ട് വെച്ച് പോന്നതല്ലേ. ഇന്നലേം കണ്ട്ല്ല. ഇന്നും കണ്ട്ല്ലാന്ന്വച്ചപ്പൊ ഒരു സംശം. പണി മാറ്റി നേരേ ങ്ങ് ട്ട് പോന്നു.”

“മാമൻ ന്തിനാ വെർതെ ഈ നേരത്ത് ങ്ങ്ട്ട് പോന്നത്?” ചാത്തപ്പൻ ചുണ്ടും ചിറിയും നാവിൽ നനച്ചു ചൊടി വരുത്തി. “ദ് ചെർങ്ങനൊന്ന് പനിച്ചതാ. പേടിയ്ക്കാനൊന്നും ല്ല.”

“ചെറുങ്ങനൊന്ന് പനിച്ച്യേന്റ്യാ നന്റെ മോന്തേം പാടും കാൺണത്!” പൊക്കനിലെ രക്ഷിതാവു വെളിപ്പെട്ടു.

“രണ്ടീസായ്ട്ട് ങ്ങനെ മൂടിപ്പൊതച്ച് കെടന്നതല്ലേ. അതാവും.” ചാത്തപ്പൻ വിനയപ്പെട്ടു.

“അതെന്തായാലും ഞ്ഞ് വ്ടെ തനിച്ച് കെടക്കണ്ട. ന്റെ കൂടെപ്പോരെ. അവ്ട്യാവ്മ്പോ നന്റെ തരാതരക്കാരും ണ്ടാവും. നേരത്തിനു വറ്റും വെള്ളോം കുടിയ്ക്കാം.” പൊക്കൻ അധികാരപ്പെട്ടു.

“ഞാ വ്ടെ കഞ്ഞ്യൊക്കെ വെച്ച് ട്ട് ണ്ട്.” അധൈര്യപ്പെട്ട് ചാത്തപ്പൻ പറഞ്ഞു.

“നന്റെ അവ്വോട് ഞാനന്ന് പറഞ്ഞതാ, വീട്ട്‌ലിയ്ക്ക് ഒരാളെ കൊണ്ട്വരണം ന്ന്. അപ്പോ തള്ളയ്ക്കും മോനും നേരായ്ട്ടില്ല! ഇപ്പൊ ന്തായീ? കുട്ട്യെവ്ടെ, തള്ളെവ്ടെ. ഇള്ളക്കുട്ട്യൊന്ന്വല്ലല്ലോ, ഈ കെട്ക്കണത്. ആരെങ്കിലും ണ്ടാ, അന്തിത്തൊണയ്ക്ക്, ഇത്തിരി വെള്ളം ഇട്ത്ത് തരാൻ.” പൊക്കൻ കയർത്തു.

“മാമൻ പൊക്കോളെ. ഇപ്പൊ ഇനിയ്ക്കൊരു കൊഴപ്പോം ല്ല്യ. അതൊക്കെ മ്പ് ക്ക് പിന്നെ നോക്കാം.” അവ്വേടെ ഭാഗത്തു നിന്നുണ്ടായ വീഴ്‌ച ചാത്തപ്പൻ ഏറ്റെടുത്തു.

“ന്നാ നിയ്യൊരു കാര്യം ചെയ്യ്,” ഇറങ്ങാൻ പുറപ്പെടുമ്പോൾ പൊക്കൻ തിരിഞ്ഞു നിന്നു ശിഷ്ടം ഓർമ്മിപ്പിച്ചു. “സൂക്കേട് ഭേദായാ അങ്ങ്ട്ട് വായോ. മ്പ്ക്ക് കരിക്കാട് വര്യൊന്ന് പുവ്വാം. അവ്ടെ അമ്മായീരെ കുടുമ്മത്തില് നനക്ക് പറ്റ്യെ കുട്ട്യോള്ണ്ട്.”

ശരിയെന്നു ചാത്തപ്പൻ തലയാട്ടി, പൊക്കനെ സമാധാനിപ്പിച്ചയച്ചു.

അത്താഴത്തിനു നേരായി. ഉമ്മറത്ത്, വാതിൽക്കൽ കമഴ്‌ത്തിവെച്ചിട്ടുണ്ടായിരുന്ന മൺചട്ടി കാണാനില്ല!

ചാത്തപ്പൻ സംശയിച്ചു: ഇതെന്ത് പൂരം! വേറെ ആരും ഇവ്ടെ വന്നിട്ടില്ല. മാമൻ വന്ന്ട്ട് ഇന്റെ അടുത്താണിരുന്നത്. കൺമുമ്പീന്നാണ് ണീറ്റ് പോയതും. മാമന് എടുക്കേണ്ട ഒരാവശ്യവുമില്ല. പിന്നെ അതെവ്ടെപ്പോയി!

ചാത്തപ്പന് ഒരെത്തും പിടിയും കിട്ടിയില്ല…

“വര്വാ, കഞ്ഞി കുടിയ്ക്കാം,” അകത്തുനിന്നു തമ്പുരാട്ടിയുടെ ശബ്ദം.

ചാത്തപ്പൻ ഖിന്നനായി. വിളിച്ചിട്ടും വിളി കേൾക്കാഞ്ഞ്, തമ്പുരാട്ടി വാതിൽക്കൽ വന്നു. ചാത്തപ്പൻ ഇരുന്നിടത്തു തന്നെ തമ്പിട്ടിരിയ്ക്കുകയായിരുന്നു.

“വര്വാ. കഞ്ഞി വെളമ്പി വെച്ചിട്ടുണ്ട്,” തമ്പുരാട്ടി ക്ഷണിച്ചു.

ചാത്തപ്പൻ അമാന്തിച്ചു.

“എഴുന്നേൽക്ക്വാ ങ്ങ് ട്.” തമ്പുരാട്ടി അവിടെത്തന്നെ നിന്നു.

“ഞാൻ…ഇവ്ടിരുന്ന് കുടിച്ചോളാം…” ചാത്തപ്പൻ സങ്കോചപ്പെട്ടു.

“അതു വേണ്ട. ഇനി കുടിയ്ക്കുന്നത് അകത്തിരുന്നിട്ട് മതി,” തമ്പുരാട്ടി സമ്മതിച്ചില്ല.

എന്തുചെയ്യണമെന്നറിയാതെ ചാത്തപ്പൻ വലഞ്ഞു. തമ്പുരാട്ടി വിട്ടില്ല. വാതിൽക്കൽത്തന്നെ നിന്നു.

പോകുന്നില്ലെന്നു കണ്ട് ചാത്തപ്പനെഴുന്നേറ്റു.

ഉമ്മറത്തെറ്റിൽ കുട്ടിക്കലത്തിൽ കൈ കഴുകാൻ വെച്ച വെള്ളം കാണിച്ചുകൊടുത്ത് തമ്പുരാട്ടി അകത്തേയ്ക്കു നടന്നു.

കൈകാൽ മുഖം കഴുകി വാ കുലുക്കുഴിഞ്ഞു ചാത്തപ്പൻ ചെന്നു.

തടുക്കു വിരിച്ച്, ഓട്ടുകിണ്ണത്തിൽ കഞ്ഞി വിളമ്പിവെച്ചിരിയ്ക്കുന്നു. വലതുവശത്ത്, പിഞ്ഞാണത്തിൽ മുളകുഷി. ഇടത്ത്, ലോട്ടയിൽ വെള്ളം!

ചാത്തപ്പന് എന്തോ പന്തികേടു തോന്നി. ചുറ്റും കണ്ണോടിച്ചു നോക്കി. അടുപ്പും കണ്ണിയിൽ കഞ്ഞീംകലത്തിനു താഴെ ചാത്തപ്പന്റെ കാണാതായ മൺകിണ്ണം! കുട്ടികളെപ്പോലെ ചാത്തപ്പൻ അവിടെ നിന്നു മൊണങ്ങി: “ഇയ്ക്ക് ന്റെ കിണ്ണത്തില് മതി കഞ്ഞി.”

വിട്ടുകൊടുക്കാൻ തയ്യാറായില്ല; ഇങ്ങനെ തന്നെ നിൽക്കണമെന്നു തമ്പുരാട്ടിയും മനസ്സിലുറപ്പിച്ചു: “അതില്ല. ഇന്നുതൊട്ട് ഞാനാണ് അതില് കഞ്ഞി കുടിയ്ക്കാൻ പോണത്.” തമ്പുരാട്ടി കൂടുതൽ കർക്കശപ്പെട്ടു: “അവിടിരിയ്ക്ക്യാ.”

“ഞ്യാന്നെങ്ങെ ഉമ്മറത്തിരുന്ന് കുടിച്ചോളാം…” ചാത്തപ്പൻ കിണുങ്ങിയോ!

“ഇനി മുതൽ ഇവ്ടെ ഇരുന്ന് കഴിയ്ക്കണം. അല്ലെങ്കിൽ നമുക്ക് രണ്ടാൾക്കും പൊറത്തിരുന്ന് കഴിയ്ക്കാം,” തമ്പുരാട്ടി വിട്ടുകൊടുത്തില്ല.

ഗത്യന്തരമില്ലാതെ ചാത്തപ്പൻ ഇരുന്നു. ഇരുന്നപ്പഴും വന്നൂ വിലക്ക്. അപ്പോൾ ചമ്രം പടിഞ്ഞിരുന്നു.

കഞ്ഞീംകലം കൊണ്ടുവന്ന് അരികിൽ വെച്ച്, വലംകാൽ പടിഞ്ഞ്, ഇടതുകാലിൽ കുന്തിച്ചൊതുങ്ങി ചാത്തപ്പന്റെ വലതുകോണിൽ തമ്പുരാട്ടി തടുക്കിലിരുന്നു. തമ്പുരാട്ടി അടുത്തിരുന്നപ്പോൾ ചാത്തപ്പൻ പരിഭ്രമിച്ചെഴുന്നേറ്റു.

“ഇരിയ്ക്ക്യവ്ടെ!”

തമ്പുരാട്ടിയുടെ കാർക്കശ്യത്തിൽ വിവശനായി, ഇടം താളിച്ച് ചാത്തപ്പൻ വീണ്ടുമിരുന്നു. തല താഴ്‌ത്തിപ്പിടിച്ച് കഞ്ഞി കുടിച്ചു. കൺകോണിലൂടെ, അധൈര്യപ്പെട്ട് ദൃഷ്ടിയെറിഞ്ഞു വലിഞ്ഞു. അതൊന്നും ശ്രദ്ധിയ്ക്കാത്ത മട്ടിൽ, ഇടതു കാൽമുട്ടിൽ തലയമർത്തി, കുടിയ്ക്കുന്നതിനനുസരിച്ചു പകർന്നു കൊടുത്ത്, തമ്പുരാട്ടി പ്രസന്നതയിൽ നിറഞ്ഞു.

കഞ്ഞി കുടിച്ച് വയറു മുട്ടി! വേണ്ടെന്നു പറയാൻ ഭയപ്പെട്ടു. മിണ്ടിയില്ലെങ്കിൽ ഇനിയും പാർന്നുകൊണ്ടിരിയ്ക്കും.

എന്തു ചെയ്യും?

ചാത്തപ്പൻ മറ്റൊരു വഴിയും കണ്ടില്ല: കിണ്ണത്തിലുള്ളതത്രയും പൊക്കിയെടുത്ത് അങ്ങനെ തന്നെ വാ വെച്ച് വലിച്ചുകുടിച്ചു. എന്നിട്ട് ഇരുന്ന ഇരിപ്പിൽ ഇടത്തോട്ടു തിരിഞ്ഞിരുന്നു.

“മതീന്ന് വെച്ചാ പറഞ്ഞാൽപ്പോരേ.” തമ്പുരാട്ടി മന്ദഹസിച്ചു.

ചാത്തപ്പൻ പാത്രമെടുത്ത് എഴുന്നേൽക്കാൻ ഭാവിച്ചപ്പോൾ അതും വിലക്കി. “പാത്രം അവിടെ വെച്ചാൽ മതി. അത് കഴുകാൻ ഇവ്ടെ ആള് ണ്ട് ന്ന് വന്നവരോടു പോയിപ്പറയണം!”

തിരിഞ്ഞു നോക്കാൻ കൂച്ചപ്പെട്ട്, അനുസരണക്കേടു കാണിയ്ക്കാനും ചങ്കുറപ്പില്ലാതെ, ചാത്തപ്പൻ എഴുന്നേറ്റു പോയി. കൈയും വായും മുഖവും കഴുകി മുറ്റത്തിറങ്ങി ഉലാത്തി. കുറച്ചു നേരം അങ്ങനെ തെക്കും വടക്കും നടന്നു. നടത്തം മതിയാക്കി, ഉമ്മറത്തു കയറി കീറപ്പായ വിരിച്ചു.

പായ നിലത്തു വീണു-വീണില്ല, അകത്തു നിന്നു പറയുന്നത് കേട്ടു: “അവ്ട്യാ കെട്ക്കണത് ന്ന്വച്ചാൽ ഒരു പായേം കൂടി വിരിയ്ക്കാനുള്ള സ്ഥലം വേണം.”

ചാത്തപ്പൻ അന്ധാളിച്ചു!

പായ വിരിയ്ക്കാനിട്ടത് ഒരു തല പിടിവിട്ടിരുന്നില്ല; അതങ്ങനെ പിടിച്ചു നിന്നു.

സമാധാനം ഉടനെയെത്തി: “അടിച്ചു തെളിച്ചിട്ടുണ്ട്. അകത്തുവന്ന് കിടക്കാം.”

കുടിച്ച കഞ്ഞി അപ്പടി ദഹിച്ച പോലെയായി!

തമ്പുരാട്ടി ഉമ്മറത്തേയ്ക്കു വന്നു.

അപേക്ഷയിൽ കുതിർന്ന് ചാത്തപ്പൻ പറഞ്ഞു: “ഞ്യാ വ്ടെക്കെടന്നോളാം, തമ്പ്രാട്ടി…ഇയ്ക്ക് ഇവ്ടെക്കെടന്നാലേ ഒറക്കം വര്ള്ളോ…”

“അത് പറ്റില്യ! അന്തിയ്ക്ക് ഇവിടെ വന്നുപോയോര് എന്താ പറഞ്ഞത്? അന്തിത്തുണയ്ക്ക് ഇത്തിരി വെള്ളം എടുത്തു തരാൻ ആരെങ്കിലും ണ്ട്വോന്ന്. ഇള്ളക്കുട്ട്യൊന്നും അല്ലല്ലോ. ഇനി മുതൽ അകത്ത് വന്ന് കിടക്കണം,” തമ്പുരാട്ടി അടം പിടിച്ചു.

ഇരിയ്ക്കാനും നിൽക്കാനും നടക്കാനും കിടക്കാനും വഴിയറ്റു. പൊറുതി മുട്ടിയ ചാത്തപ്പൻ കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു…എക്കറ്റം മൂക്കറ്റം സങ്കടം വന്നു.

അകത്തേയ്ക്കു വരുന്നുണ്ടെങ്കിൽ വരട്ടെ. തമ്പുരാട്ടി വഴിയൊഴിഞ്ഞു നിന്നു. ഗത്യന്തരമില്ലാതെ, ശങ്കിച്ചു ശങ്കിച്ച്, കൂടു മുളയുന്ന കോഴിയെപ്പോലെ, ചാത്തപ്പൻ അകത്തുകയറി. ഉള്ളിൽ കടന്നയുടൻ ധൃതിയിൽ ഇടത്ത്, ചെറ്റമറയോടു ചേർന്ന് പായ വിരിച്ചു, കിടന്നു!

അയ കെട്ടിയതിൽ നിന്ന് കഴുകി വെളുപ്പിച്ചു മടക്കിയിട്ട മേൽമുണ്ടെടുത്ത് തമ്പുരാട്ടി ചാത്തപ്പനെ പുതപ്പിച്ചു.

ചാത്തപ്പൻ ഇരുകൈകളും നെഞ്ചത്തൊതുക്കിവെച്ച്…

നിശ്ചലം…

ശ്വാസമടക്കിക്കിടന്നു…

തലയ്ക്കാമ്പുറത്ത്, അടുപ്പും കണ്ണിയിൽ

തണിഞ്ഞും തണിയാതെയും കനലൊന്ന് ശ്വാസമെടുത്തു…

(തുടരും: ‘കൃഷ്ണത്തുളസി’)

(വരികൾ: ‘വേദാരണ്യം’, സജി വട്ടംപറമ്പിൽ)

______________________________________________________________________________

 

രചനയെപ്പറ്റിയുള്ള പ്രതികരണങ്ങൾ താഴെക്കാണുന്ന ഐഡികളിൽ ഏതെങ്കിലുമൊന്നിലേയ്ക്ക് ഈമെയിലായി അയച്ചുതരിക:

blogezhuththulokam@gmail.com

blogezhuththulokam@outlook.com

______________________________________________________________________________

 

വേദാരണ്യത്തിന്റെ മുൻ അദ്ധ്യായങ്ങളുടെ ലിങ്കുകൾ:

വേദാരണ്യം അദ്ധ്യായം 9: പാഥേയം
വേദാരണ്യം അദ്ധ്യായം 8: ജലമൗനം
വേദാരണ്യം അദ്ധ്യായം 7: കാവ് തീണ്ടൽ
വേദാരണ്യം അദ്ധ്യായം 6: ഊരുവലം
വേദാരണ്യം അദ്ധ്യായം 5: പുലപ്പേടി
വേദാരണ്യം അദ്ധ്യായം 4: ജനനി
വേദാരണ്യം അദ്ധ്യായം 3: കൈതമുള്ള്
വേദാരണ്യം അദ്ധ്യായം 2: കുരുപ്പ്
വേദാരണ്യം അദ്ധ്യായം 1 വൈലിത്തറ

______________________________________________________________________________

ബ്ലോഗെഴുത്തുലോകത്തിലെ ലിങ്കുകൾ

ബ്ലോഗെഴുത്തുലോകം ഒന്നാം പേജ്

നിബന്ധനകൾ, മുന്നറിയിപ്പുകൾ, അറിയിപ്പുകൾ

രചനകളുടെ സമ്പൂർണലിസ്റ്റ്

ബ്ലോഗെഴുത്തുലോകം വാരം മൂന്നിലെ രചനകൾ

ബ്ലോഗെഴുത്തുലോകത്തിലെ മറ്റു ലിങ്കുകൾ

‌___________________________________________________________________‌___________

Advertisements

About ബ്ലോഗെഴുത്തുലോകം

മലയാളം ബ്ലോഗെഴുത്തുകാർക്കു ‘ബ്ലോഗെഴുത്തുലോക’ത്തിലേയ്ക്കു ഹാർദ്ദമായ സ്വാഗതം.
This entry was posted in കഥ കവിത ലേഖനം, ബ്ലോഗുകൾ, ബ്ലോഗെഴുത്തുലോകം, ബ്ളോഗെഴുത്തുലോകം, മലയാളം and tagged , , , , , , , , , , . Bookmark the permalink.